ലണ്ടൻ: സീസൺ പുനരാരംഭിക്കാനായില്ലെങ്കിൽ 76.2 കോടി പൗണ്ട് (7144.97 കോടി രൂപ) പിഴ നൽകേണ്ടി വരുമെന്ന് ഇംഗ്ലിഷ് പ്രീമിയർ ലീഗ്. ഇംഗ്ലണ്ടിലെ ഫുട്ബോൾ പ്രൊഫഷനൽസ് ഓർഗനെെസേഷൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് ഇപിഎൽ അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ്-19 ഭീഷണിയുടെ പശ്ചാത്തലത്തിലാണ് പ്രീമിയർ ലീഗ് മത്സരങ്ങൾ നിർത്തിവച്ചത്.
സീസണിൽ ഇനിയുള്ള മത്സരങ്ങൾ ഉപേക്ഷിക്കുകയാണെങ്കിൽ അവയുടെ സംപ്രേക്ഷണാവകാശം വാങ്ങിയ ടെലിവിഷൻ ചാനലുകൾക്കും മറ്റു ബ്രോഡ്കാസ്റ്റർമാർക്കുമുള്ള നഷ്ടപരിഹാരമായിട്ടാവും ഈ തുക നൽകേണ്ടി വരികയെന്ന് ഇപിഎൽ പ്രതിനിധികൾ വ്യക്തമാക്കി. താരങ്ങളുടെ വേതനത്തിൽ 30 ശതമാനം കുറവു വരുത്താനുള്ള കാരണങ്ങൾ വിശദീകരിക്കുകയായിരുന്നു അവർ.
കളിക്കാരോട് അവരുടെ വേതനത്തിൽ 30 ശതമനം കുറവുവരുത്താൻ ആവശ്യപ്പെടുമെന്ന് ഇപിഎൽ അധികൃതർ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. താരങ്ങൾ സ്വമേധയാ ഇതിന് തയ്യാറാവണം. സീസൺ പുനരാരംഭിച്ചാലും അത് അടച്ചിട്ട സ്റ്റേഡിയത്തിലാവും നടത്തുകയെന്നും പ്രീമിയർ ലീഗ് പ്രതിനിധികൾ വ്യക്തമാക്കി.
Also Read: ഫുട്ബോൾ അവസാനിച്ചുവെന്ന് സ്വപ്നം കണ്ട റൊണാൾഡോ; താരങ്ങളുടെ രസകരമായ ഒരു ഗ്രൂപ്പ് ചാറ്റ്
മാർച്ച് 10നാണ് ലീഗിൽ അവസാന മത്സരം നടന്നത്. മെയ് രണ്ട് വരെയുള്ള മത്സരങ്ങൾ നീട്ടിവച്ചു. എന്നാൽ ബ്രിട്ടണിൽ രൂക്ഷമായ കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ മേയ് മാസത്തിലെ പ്രീമിയർ ലീഗ് മത്സരങ്ങളും മാറ്റിവയ്ക്കേണ്ടി വരും. മാറ്റിവച്ച മത്സരങ്ങൾ പുതിയ സമയക്രമം പ്രഖ്യാപിച്ച് നടത്താനാവുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. 29 മത്സരങ്ങളിൽ നിന്നായി 27 ജയം നേടിയ ലിവർപൂളാണ് നിലവിൽ 82 പോയിന്റോടെ ലീഗിൽ ഒന്നാമത്. മുൻ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയാണ് 57 പോയിന്റോടെ രണ്ടാമത്.
ജീവനക്കാരോട് അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ട് ലിവർപൂൾ
പ്രീമിയർ ലീഗിലേതടക്കമുള്ള മത്സരങ്ങൾ മാറ്റിവച്ച സാഹചര്യത്തിൽ കളിക്കാർ ഒഴികെയുള്ള ജീവനക്കാരോട് അവധിയിൽ പ്രവേശിക്കാൻ ലിവർപൂൾ ആവശ്യപ്പെട്ടു. ഇവരുടെ ശമ്പളം മുഴുവനായും ലഭ്യമാക്കുമെന്നും ക്ലബ്ബ് വ്യക്തമാക്കി. താരങ്ങളുടെ ശമ്പളത്തിൽ 30 ശതമാനം കുറയ്ക്കുന്നത് സംബന്ധിച്ച് അവരോട് ചർച്ച നടത്തുമെന്നും ലിവർപൂൾ വ്യക്തമാക്കി.
ബ്രിട്ടണിൽ ഇതുവരെ 42,441 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 4313 പേർ മരണപ്പെടുകയും ചെയ്തു.