കോവിഡ് കാലം കഴിയുന്നതോടെ ക്രിക്കറ്റിൽ സമൂലമായ മാറ്റത്തിനു സാധ്യത. ക്രിക്കറ്റ് ചരിത്രത്തിൽ വലിയ വിവാദങ്ങൾക്ക് കാരണമായ നിയമം മാറ്റിയെഴുതിയേക്കാം. ഒപ്പം ക്രിക്കറ്റ് താരങ്ങൾ മൈതാനത്ത് സ്ഥിരമായി ചെയ്യുന്ന ഒരു കാര്യത്തിനു വിലക്കു വീഴാനും സാധ്യത. കോവിഡ്-19 ന്റെ പശ്ചാത്തലത്തിലാണ് ക്രിക്കറ്റ് നിയമത്തിൽ മാറ്റം വരുത്തുന്നതിനെ കുറിച്ച് ഐസിസി ആലോചിക്കുന്നത്.

പന്ത് ചുരണ്ടൽ നിയമവിധേയമാക്കാനുള്ള സാധ്യതകളാണ് ഐസിസി മുന്നോട്ടുവയ്‌ക്കുന്നത്. പന്തിൽ തുപ്പുന്ന രീതി നിർത്തലാക്കാനും സാധ്യതയുണ്ട്. കൊറോണ വൈറസിന്റെ വ്യാപനം ഉമിനീരിലൂടെ സംഭവിക്കാം എന്നതിനാലാണ് ഇങ്ങനെയൊരു ആലോചന ഐസിസി മുന്നോട്ടുവയ്‌ക്കുന്നത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പന്തു ചുരണ്ടുന്നതിന് നിയമസാധുത നൽകുന്ന കാര്യം രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ പരിഗണനയിലുണ്ട്.

Read Also: മൂന്നാഴ്ചത്തേക്ക് ബലം പ്രയോഗിച്ചുളള യാതൊരു നടപടികളും പാടില്ല; അര്‍ണബിന് സംരക്ഷണം നല്‍കി സുപ്രീം കോടതി

സാധാരണയായി പന്തിന്റെ തിളക്കം കുറയ്‌ക്കാനും സ്വിങ് ലഭിക്കാനുമാണ് ക്രിക്കറ്റ് താരങ്ങൾ പന്തിൽ തുപ്പുന്നത്. കോവിഡ് കാലത്തിനു ശേഷം ക്രിക്കറ്റ് മത്സരങ്ങൾ പുനഃരാരംഭിക്കുമ്പോൾ പന്തിൽ തുപ്പുന്ന രീതിക്ക് പകരം മറ്റെന്തെങ്കിലും ആശയം വേണ്ടിവരുമെന്ന് ഐസിസി മെഡിക്കൽ കമ്മിറ്റി മുന്നോട്ടുവച്ചിരുന്നു.

കൂടുതൽ സ്വിങ് ലഭിക്കാൻ പന്തിൽ തുപ്പലും വിയർപ്പും പുരട്ടുന്നത് പതിവു കാര്യമാണ്. പേസ് ബോളർമാരാണ് കൂടുതലായും ഇതു ചെയ്യുക. രോഗാണുക്കൾ പടരാൻ ഇത് കാരണമാകുമെന്നാണ് ആരോഗ്യവിദഗ്‌ധർ അടക്കം ചൂണ്ടിക്കാട്ടുന്നത്. തുപ്പലോ വിയർപ്പോ പുരട്ടി പന്തിന്റെ ഒരു ഭാഗം മിനുക്കിയാൽ റിവേഴ്‌സ് സ്വിങ് ലഭിക്കും എന്നതാണ് കാര്യം. ഇങ്ങനെ പന്തിനു റിവേഴ്‌സ് സ്വിങ് ലഭിക്കാൻ പന്തിൽ ചുരണ്ടുന്നതടക്കമുള്ള കൃത്രിമ രീതികളെ കുറിച്ചാണ് ഐസിസി ആലോചിക്കുന്നത്. നേരത്തെ പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് ഓസീസ് താരങ്ങളായ ഡേവിഡ് വാർണർ, സ്റ്റിവ് സ്‌മിത്ത് എന്നിവർക്കെതിരെ ഐസിസി നടപടിയെടുത്തിരുന്നു.

മത്സരങ്ങൾ പുനഃരാരംഭിച്ചാൽ ബോളർമാർ വിയർപ്പുമാത്രമാകണം പന്തുകൾ തുടയ്ക്കുമ്പോൾ ഉപയോഗിക്കേണ്ടതെന്നും കളിക്കാരുടെ സുരക്ഷയ്ക്ക് അത് ആവശ്യമാണെന്നും ഇന്ത്യക്കുവേണ്ടി 33 ടെസ്റ്റുകളും 161 ഏകദിനങ്ങളും കളിച്ച മുൻ പേസർ വെങ്കടേശ് പ്രസാദ് നേരത്തെ പറഞ്ഞിരുന്നു. ഉമിനീർ ഉപയോഗം നിർത്തുന്നത് ബോളർമാർക്ക് പ്രയാസമേറിയ കാര്യമായിരിക്കുമെന്നും എന്നാൽ അത് ഈ കാലത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

“ഫീൽഡിൽ കടുത്ത സാഹചര്യത്തിൽ ഇതെല്ലാം മറന്നു പോയേക്കാം. ബാറ്റ്സ്മാനെതിരേ മേൽക്കൈ നേടാൻ പന്തിൽ വിയർപ്പും ഉമിനീരും ഉപയോഗിക്കുന്നതിന് പകരം എന്തു ചെയ്യും. ബോൾ സ്വിങ് ചെയ്യിക്കേണ്ടി വരും പലപ്പോഴും.”-വെങ്കടേശ് പ്രസാദ് കൂട്ടിച്ചേർത്തു. മാർച്ചിൽ ദക്ഷിണാഫ്രിക്കയുമായുള്ള സീരീസിന്റെ സമയത്ത് ഇന്ത്യൻ ടീം അംഗങ്ങൾക്കിടയിൽ ഉമിനീർ പ്രശ്നം ചർച്ചയായിരുന്നു. ഉമിനീർ ഉപയോഗം കുറയ്ക്കുമെന്ന് അന്ന് ഭുവനേശ്വർ കുമാർ സൂചന നൽകുകയും ചെയ്തിരുന്നു.

Read Also: വീട്ടിലെ സഹായിയായ സ്ത്രീയുടെ മരണാനന്തര കര്‍മങ്ങള്‍ ചെയ്ത് ഗൗതം ഗംഭീര്‍

പന്ത് മിനുക്കുന്നതിനായി വിയർപ്പും ഉമിനീരും മാത്രം ഉപയോഗിക്കുന്നതിനാണ് നിയമപരമായ അനുമതിയുള്ളതെന്ന് വെങ്കടേശ് പ്രസാദ് ചൂണ്ടിക്കാട്ടി. 2018ലെ പന്ത് ചുരണ്ടൽ വിവാദത്തിന് ശേഷം ഇക്കാര്യത്തിൽ നിയമം കടുപ്പമായതോടെ ഉമിനീരും വിയർപ്പും ഉപയോഗിക്കുന്നത് വർധിക്കുകയും ചെയ്തിരുന്നു.

എല്ലാവരും വിയർക്കാറില്ലെന്നും അത്തരം സന്ദർഭങ്ങളിൽ വിയർക്കുന്ന മറ്റൊരാൾക്ക് നേരെ പന്ത് എറിഞ്ഞ് ഈ പ്രശ്നം പരിഹരിക്കാമെന്നും വെങ്കടേശ് പ്രസാദ് പറയുന്നു. “ഞാൻ കുറച്ച് വിയർക്കുന്ന ആളായിരുന്നു പക്ഷേ രാഹുൽ ദ്രാവിഡ് അങ്ങനെയായിരുന്നില്ല”-വെങ്കടേശ് പ്രസാദ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook