ട്വിറ്ററിൽ പൊട്ടിത്തെറിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ മഹേന്ദ്ര സിങ് ധോണിയുടെ ഭാര്യ സാക്ഷി. വ്യാജ വാർത്തകൾക്കെതിരെയാണ് സാക്ഷിയുടെ രൂക്ഷപ്രതികരണം. മാധ്യമങ്ങൾക്കെതിരെ സാക്ഷി രൂക്ഷ വിമർശനമുന്നയിച്ചു. എന്നാൽ, ഏത് വിഷയവുമായി ബന്ധപ്പെട്ടാണ് സാക്ഷി ഇങ്ങനെ പ്രതികരിച്ചിരിക്കുന്നതെന്ന് ട്വീറ്റിൽ വ്യക്തമാക്കിയിട്ടില്ല.


ഇങ്ങനെയൊരു പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് മാധ്യമങ്ങളോട് അഭ്യർത്ഥിക്കുന്നതായി സാക്ഷി ട്വീറ്റ് ചെയ്‌തു. നിങ്ങളെ കുറിച്ചോർത്ത് നാണക്കേട് തോന്നുന്നു. ഉത്തരവാദിത്തപ്പെട്ട മാധ്യമപ്രവർത്തനം അപ്രത്യക്ഷമായതിൽ ആശ്ചര്യം തോന്നുന്നതായും സാക്ഷി ട്വീറ്റിൽ പറഞ്ഞിരിക്കുന്നു.

Read Also: എണ്ണത്തിൽ കുറവ്; ജനുവരി 18 ന് ശേഷം ഇന്ത്യയിലെത്തിയ എല്ലാവരെയും നിരീക്ഷിക്കണമെന്ന് കേന്ദ്രം

നേരത്തെ കോവിഡ്-19 പ്രതിരോധത്തിനായി ധോണി ഒരു ലക്ഷം രൂപ സംഭാവന നൽകിയതുമായി ബന്ധപ്പെട്ട് നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട വാർത്തകളോടാണ് സാക്ഷി പ്രതികരിച്ചിരിക്കുന്നതെന്നാണ് സൂചന. പൂനെയിലുള്ള ഒരു എൻജിഒയ്‌ക്കാണ് ധോണി ഒരു ലക്ഷം രൂപ സംഭാവന നൽകിയത്. നൂറ് കുടുംബങ്ങളുടെ 14 ദിവസത്തേക്കുള്ള ചെലവ് എന്ന രീതിയിലാണ് ഒരു ലക്ഷം സംഭാവനയായി ധോണി നൽകിയിരിക്കുന്നത്.

സാമൂഹ്യമാധ്യമങ്ങളിൽ ഇതിനെതിരെ നിരവധിപേർ രംഗത്തെത്തിയിരുന്നു. 800 കോടി വരുമാനമുള്ള അതിസമ്പന്നനായ ക്രിക്കറ്റ് താരം ഇത്ര ചെറിയ തുകയാണോ നൽകിയത് എന്ന നിലയിലാണ് വിമർശനങ്ങൾ ഉയർന്നത്. എന്നാൽ, എൻജിഒയ്‌ക്ക് മാത്രമായാണ് ധോണി ഒരു ലക്ഷം നൽകിയതെന്നാണ് ധോണിയെ അനുകൂലിക്കുന്നവർ പറയുന്നത്.

അതേസമയം, കോവിഡിനെതിരായ ചെറുത്തു നിൽപ്പിനെ സഹായിക്കാൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ 50 ലക്ഷം രൂപയാണ് സംഭാവന നൽകിയിരിക്കുന്നത്. നിരവധി കായിക താരങ്ങൾ സർക്കാരിലേക്ക് സംഭാവന നൽകിയിട്ടുണ്ട്. ചിലർ തങ്ങളുടെ ശമ്പളം മുഴുവനായി നൽകാമെന്നു പറഞ്ഞപ്പോൾ മറ്റു ചിലർ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങി നൽകിയാണ് സഹായിച്ചത്.

Read Also: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് കോവിഡ്; വീട്ടിൽ നിരീക്ഷണത്തിൽ

കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ദേശവ്യാപകമായ ലോക്‌ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി കഴിഞ്ഞ ദിവസം പാവപ്പെട്ടവര്‍ക്ക് നല്‍കുന്നതിനായി 50 ലക്ഷം രൂപയുടെ അരി ദാനം ചെയ്തു. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനാണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. അസോസിയേഷന്‍ ഗാംഗുലിക്ക് നന്ദിയും രേഖപ്പെടുത്തി. കൊറോണ വൈറസ് ബാധയില്‍ നിന്നും രക്ഷിക്കുന്നതിനായി സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശിപ്പിച്ചിരിക്കുന്നവര്‍ക്ക് നല്‍കുന്നതിനാണ് ലാല്‍ ബാബ റൈസുമായി ചേര്‍ന്ന് സൗരവ് ഗാംഗുലി അരി സംഭാവന നല്‍കിയത്. ഗാംഗുലിയുടെ പ്രവൃത്തി മറ്റുള്ളവരേയും ഇതിന് പ്രേരിപ്പിക്കുമെന്ന് അസോസിയേഷന്‍ പ്രതീക്ഷിക്കുന്നു.

 

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook