കൊറോണ വൈറസിന്റെ വ്യാപനവും അടച്ചുപൂട്ടലും കായിക മേഖലയെ ഏറെ ബാധിച്ചു. മൈതാനങ്ങൾ പലതും ഒഴിഞ്ഞു കിടക്കുകയാണ്. നിരവധി മത്സരങ്ങളും ടൂർണമെന്റുകളും റദ്ദാക്കിയതോടെ സ്വന്തം ഭവനങ്ങളിൽ വിശ്രമത്തിലാണ് താരങ്ങൾ പലരും. കായിക ലോകത്തിന് മാത്രമല്ല താരങ്ങൾക്കും വലിയ നഷ്ടമാണ് കൊറോണ വൈറസ് മൂലമുണ്ടായത്. അത് സാമ്പത്തികം മാത്രമാണ് എന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി. കൊറോണ വൈറസ് മൂലം എട്ടോളം ഓസിസ് താരങ്ങളുടെ വിവാഹമാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്.

ഓസിസ് ദേശീയ ടീമിലെ സ്ഥിര സാനിധ്യമായ ആദം സാമ്പയും ആൻഡ്രൂ ടൈയുമുൾപ്പടെയുള്ളവരുടെ വിവാഹ മോഹങ്ങൾക്കാണ് കൊറോണ വിലങ്ങു തടിയായിരിക്കുന്നത്. പല താരങ്ങളുടെയും വിവാഹം നീട്ടിവയ്ക്കേണ്ട സ്ഥിതിയാണ് നിലവിൽ.

Also Read: എന്തുവാടെ ഇത്?; തന്റെ ബാറ്റിങ് കണ്ട ദ്രാവിഡിന്റെ ആദ്യ പ്രതികരണത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ശ്രേയസ് അയ്യർ

ഏപ്രിൽ മാസമാണ് പല ക്രിക്കറ്റ് താരങ്ങളും വിവാഹത്തിനായി തിരഞ്ഞെടുക്കാറുള്ളത്. ഒരു സീസൺ അവസാനിക്കുന്നു എന്നതാണ് ഈ കാലയളവിന്റെ പ്രത്യേകത. എന്നാൽ ഇത്തവണ ക്രിക്കറ്റ് സീസൺ അവസാനിച്ചപ്പോൾ കൊറോണ സീസണിന് തുടക്കമായി, താരങ്ങൾ വീടിനുള്ളിലുമായി.

ക്രിക്ഇൻഫോയുടെ റിപ്പോർട്ട് പ്രകാരം സ്പിന്നർ ആദം സാമ്പയ്ക്കു പുറമെ പേസ് ബോളർ ജാക്സൻ ബേഡ്, ഓപ്പണർ ഡാർസി ഷോർട്ട്, പേസർ ആൻഡ്രൂ ടൈ, രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയിട്ടില്ലാത്ത മിച്ചൽ സ്വെപ്സൻ, അലിസ്റ്റർ മക്ഡെർമോട്ട്, വനിതാ താരങ്ങളായ ജെസ് ജൊനാസ്സൻ, കെയ്റ്റ്‌ലിൻ ഫ്രിയെറ്റ് എന്നിവരാണ് കൊറോണ ഭീതിയെ തുടർന്ന് വിവാഹം നീട്ടിവച്ചത്.

Also Read: ഫുട്ബോൾ അവസാനിച്ചുവെന്ന് സ്വപ്നം കണ്ട റൊണാൾഡോ; താരങ്ങളുടെ രസകരമായ ഒരു ഗ്രൂപ്പ് ചാറ്റ്

അടുത്തിടെ വിവാഹ നിശ്ചയം കഴിഞ്ഞ ഗ്ലെൻ മാക്സ്‌വെല്ലിന്റെയും പാറ്റ് കമ്മിൻസിന്റെയും വിവാഹവും നീണ്ടുപോകും. ഗ്ലെൻ മാക്‌സ്‌വെൽ ഇന്ത്യൻ വംശജയായ വിനി രാമനുമായുള്ള വിവാഹനിശ്ചയം നടത്തിയിരുന്നു. പാറ്റ് കമിൻസും ബെക്കി ബോസ്റ്റണും തമ്മിലുള്ള വിവാഹ നിശ്ചയം നേരത്തേ കഴിഞ്ഞതാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook