ചൈന പ്രഭവ കേന്ദ്രമായ കൊറോണ വൈറസ് എഴുപതോളം രാജ്യങ്ങളിലേക്ക് പടര്‍ന്ന സാഹചര്യത്തില്‍ ആഗോള കായിക മത്സരങ്ങളുടെ നടത്തിപ്പും ഭീഷണിയില്‍. വിവിധ രാജ്യങ്ങള്‍ വൈറസ് ബാധിത രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നടത്തുമെന്ന് ഐഒഎ, നീട്ടിവയ്ക്കാന്‍ വകുപ്പുണ്ടെന്ന് ജപ്പാന്‍

ഈ വര്‍ഷം നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കായിക മാമാങ്കമാണ് ഒളിമ്പിക്‌സ്. ജൂലൈയില്‍ നടക്കാനിരിക്കുന്ന ഒളിമ്പിക്‌സ് മാറ്റിവച്ചേക്കുമെന്ന സൂചന ആദ്യം നല്‍കിയത് ജപ്പാന്റെ ഒളിമ്പിക്‌സ് മന്ത്രിയാണ്. എന്നാല്‍ അത് നിഷേധിച്ചു കൊണ്ട് അന്താരാഷ്ട്ര ഒളിമ്പിക്‌സ് അസോസിയേഷന്‍ രംഗത്തെത്തി.

ഒളിമ്പിക്‌സ് മാറ്റിവയ്ക്കില്ലെന്ന നിലപാടിലാണ് അന്താരാഷ്ട്ര ഒളിമ്പിക്‌സ് അസോസിയേഷന്റെ (ഐഒഎ) തലവന്‍ തോമസ് ബാഷ്. ജപ്പാന്റെ തലസ്ഥാനമായ ടോക്യോയില്‍ ജൂലൈ 24 മുതല്‍ ഓഗസ്ത് ഒമ്പത് വരെയാണ് ഒളിമ്പിക്‌സ് നിശ്ചയിച്ചിരിക്കുന്നത്. കൊറോണ വൈറസ് ഭീഷണിയുണ്ടെങ്കിലും പൂര്‍ണ തോതിലുള്ള പരിശീലനം തുടരാന്‍ ഐഒഎ അത്‌ലറ്റുകളോട് ആഹ്വാനം ചെയ്തു.

Read Also: ബംഗാൾ തിരഞ്ഞെടുപ്പിൽ 38 ഇടതു സീറ്റുകൾ കോൺഗ്രസിന് നൽകിയേക്കും

അതേസമയം, ഒളിമ്പിക്‌സ് നടത്താന്‍ ഈ വര്‍ഷം അവസാനം വരെ സമയം ഉണ്ടെന്ന് ജപ്പാന്റെ ഒളിമ്പിക്‌സ് മന്ത്രി സീക്കോ ഹാഷിമോട്ടോ പറഞ്ഞു. ഐഒഎയുമായുള്ള കരാറിലെ വ്യവസ്ഥകളെ ഇപ്രകാരം വ്യാഖ്യാനിക്കാമെന്നാണ് മന്ത്രിയുടെ നിലപാട്. 2020-ല്‍ ഒളിമ്പിക്‌സ് നടത്തിയാല്‍ മതിയെന്നാണ് കരാറില്‍ പറയുന്നതെന്ന് മന്ത്രി ജപ്പാന്റെ പാര്‍ലമെന്റില്‍ പറഞ്ഞു. കരാര്‍ പ്രകാരം ഒളിമ്പിക്‌സ് റദ്ദാക്കാനുള്ള അവകാശം ഐഒഎയ്ക്കാണ്. അതേസമയ, ഒരു പ്ലാന്‍ ബി ഇല്ലെന്ന നിലപാടിലാണ് ഐഒഎ. നിശ്ചയിച്ച സമയത്ത് തന്നെ ഒളിമ്പിക്‌സ് നടക്കും.

12.51 ബില്ല്യണ്‍ ഡോളറാണ് ഒളിമ്പിക്‌സിന്റെ ചെലവ്. ഈ വര്‍ഷം ഒളിമ്പിക്‌സ് നടത്താനായില്ലെങ്കില്‍ ആതിഥേയ രാജ്യമെന്ന അവകാശം ജപ്പാന് നഷ്ടമാകും.

ഒളിമ്പിക്‌സ് മാറ്റിവച്ചാല്‍ അത് അന്താരാഷ്ട്ര തലത്തില്‍ കായിക കലണ്ടറിന്റെ താളം തെറ്റും. ടോക്യോ ഒളിമ്പിക്‌സ് തിയതികളെ ഉള്‍പ്പെടുത്തി വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ കലണ്ടറുകള്‍ പുറത്തിയിരുന്നു.

ഒളിമ്പിക്‌സിനെ മാത്രമല്ല, ലോകത്തെമ്പാടും കായിക മത്സരങ്ങളുടെ മേല്‍ കൊറോണ വൈറസ് കരിനിഴല്‍ വീഴ്ത്തിക്കഴിഞ്ഞു. മത്സരങ്ങള്‍ നടക്കുമോ ഇല്ലയോ എന്നുള്ള അനിശ്ചിതത്വങ്ങള്‍ ഉയര്‍ന്ന് കഴിഞ്ഞു.

ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യത മത്സരം ഭാവി ഈ ആഴ്ച്ച അറിയാം

അതേസമയം, ഇന്ത്യയും ഖത്തറും തമ്മിലെ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത മത്സരം മാറ്റിവച്ചേക്കുമെന്ന റിപ്പോര്‍ട്ടുണ്ട്. ഈ ആഴ്ചയവസാനം ഫിഫ ഏഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷനുമായി ചര്‍ച്ച നടത്തും. മാര്‍ച്ച് 26-നാണ് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ മത്സരം നിശ്ചയിച്ചിരിക്കുന്നത്. മത്സരത്തിന്റെ ഭാവി ഈ യോഗത്തില്‍ തീരുമാനിക്കും. ഏതെങ്കിലും മേഖലകളിലെ മത്സരങ്ങള്‍ മാത്രമായി മാറ്റിവയ്ക്കില്ലെന്നും മുഴുവന്‍ റൗണ്ടും ഈ വര്‍ഷം അവസാനത്തേക്ക് മാറ്റിവച്ചേക്കാം.

Read Also: മലയാളം ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പരീക്ഷണമായിരിക്കും ആട് 3: മിഥുൻ മാനുവൽ തോമസ്

ഈ ആഴ്ചയില്‍ നടക്കേണ്ടിയിരുന്ന ഇന്ത്യ-താജിക്കിസ്താന്‍ അണ്ടര്‍ 16 ഫുട്‌ബോള്‍ മത്സരങ്ങള്‍ റദ്ദാക്കിയതായി അറിയിച്ചു കൊണ്ട് താജിക്കിസ്താന്‍ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന് അയച്ച ഇമെയില്‍ സന്ദേശമയച്ചു.

യൂറോ കപ്പില്‍ വൈറസ് ബാധിക്കില്ലെന്ന പ്രതീക്ഷയില്‍ യുവേഫ

ലോകകപ്പ് കഴിഞ്ഞാല്‍ ഫുട്‌ബോള്‍ ആരാധകര്‍ ഏറെക്കാത്തിരിക്കുന്ന യൂറോ കപ്പില്‍ വൈറസ് ബാധയുണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് യുവേഫ അധികൃതര്‍. ജൂണിലാണ് യൂറോ കപ്പ് നടക്കുന്നത്. 12 രാജ്യങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റിനെ കൊറോണ വൈറസ് പാളം തെറ്റിക്കില്ലെന്ന ആത്മവിശ്വാസം യുവേഫ പ്രകടിപ്പിക്കുന്നു.

സുരക്ഷാ ആശങ്കകളും രാഷ്ട്രീയ അസ്ഥിരത ആശങ്കകളും കൊറോണ വൈറസ് ബാധയും ടൂര്‍ണമെന്റിനെ വലയ്ക്കുന്നുണ്ടെന്നും എന്നാല്‍ അവയെ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും യുവേഫ പ്രസിഡന്റ് അലക്‌സാണ്ടര്‍ സെഫറിന്‍ പറഞ്ഞു.

ഐപിഎല്ലും ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനവും

ഇന്ത്യയില്‍ ആറ് പേര്‍ക്ക് കൊറോണ ബാധിച്ചുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിനെ തുടര്‍ന്ന് ഐപിഎല്ലും ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ ഇന്ത്യന്‍ പര്യടനവും നടക്കുമോയെന്ന ആശങ്ക ഉയര്‍ന്ന് തുടങ്ങിയെങ്കിലും മത്സരങ്ങള്‍ നടക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേലും പറയുന്നു. മാര്‍ച്ച് 29-ന് മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ഐപിഎല്‍ ഉദ്ഘാടന മത്സരം. ദക്ഷിണാഫ്രിക്കയുമായുള്ള ആദ്യ ഏകദിനം മാര്‍ച്ച് 12-ന് ധരംശാലയില്‍ നടക്കും.

ഗള്‍ഫ് ഒളിമ്പിക്‌സ് മാറ്റിവച്ചു

കൊറോണ പടരുന്ന സാഹചര്യത്തില്‍ മാര്‍ച്ച് മാസത്തില്‍ നടക്കാനിരുന്ന ഗള്‍ഫ് ഒളിമ്പിക്‌സ് മത്സരങ്ങള്‍ ഡിസംബറിലേക്ക് മാറ്റിവച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook