ന്യൂഡൽഹി: രാജ്യത്ത് കൊറോണ വെെറസ് ബാധ രൂക്ഷമായ സാഹചര്യത്തിൽ ഐപിഎൽ മാറ്റിവയ്‌ക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും നിലപാട് മയപ്പെടുത്താതെ ബിസിസിഐ. ഐപിഎൽ മാറ്റിവയ്‌ക്കേണ്ട ആവശ്യമില്ലെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി പറഞ്ഞു. കൊറോണ വെെറസ് ബാധക്കെതിരായ എല്ലാവിധ പ്രതിരോധ നടപടികളും സ്വീകരിക്കുമെന്നും ഐപിഎൽ മുൻതീരുമാന പ്രകാരമുള്ള ദിവസങ്ങളിൽ നടക്കുമെന്നും ഗാംഗുലി പറഞ്ഞു.
ഐപിഎൽ പതിമൂന്നാം എഡിഷൻ മാർച്ച് 29 മുതലാണ് ആരംഭിക്കുന്നത്. കൊറോണ ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഐപിഎൽ റദ്ദാക്കണമെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഗാംഗുലി. കൊറോണയെ തുടർന്ന് ഐപിഎൽ മാറ്റിവയ്‌ക്കുകയോ റദ്ദാക്കുകയോ ചെയ്യുന്ന കാര്യം പരിഗണനയിലാണെന്ന് മഹാരാഷ്‌ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെ പറഞ്ഞിരുന്നു. എന്നാൽ, ഷെഡ്യൂൾ അനുസരിച്ച് തന്നെ ഐപിഎൽ പൂർത്തിയാക്കുമെന്നാണ് ബിസിസിഐയുടെ നിലപാട്.
Read Also: Covid 19: പത്തനംതിട്ടയില്‍ ഹൈ റിസ്‌ക് പട്ടികയില്‍ 58 പേര്‍; ഐസോലേഷന്‍ വാര്‍ഡില്‍ എട്ടുപേര്‍
രാജ്യത്ത് കൊറോണ വൈറസ് (കോവിഡ്-19) ബാധിതരുടെ എണ്ണം ഉയരുകയാണ്. ജമ്മു കശ്മീർ, ന്യൂഡൽഹി, ഉത്തർ പ്രദേശ്, കേരളം എന്നിവിടങ്ങളിൽ ഇന്ന് നാലുപേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ 43 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. അതേസമയം, വൈറസ് ബാധിച്ച് ആരും രാജ്യത്ത് ഇതുവരെ മരണമടഞ്ഞിട്ടില്ല.
രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ 8,255 വിമാനങ്ങളിലായെത്തിയ 8,74,708 രാജ്യാന്തര യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കി. ഇതിൽ 1,921 യാത്രക്കാർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തി. ഇതിൽ 177 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു.
കേരളം, ലഡാക്ക്, ന്യൂഡൽഹി, ഉത്തർ പ്രദേശ്, രാജസ്ഥാൻ, ജമ്മു കശ്മീർ, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് നിലവിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ലോകമാകമാനം 1,05,836 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുളളത്. 95 രാജ്യങ്ങളിലായി ഇതുവരെ 3,595 പേർ മരിച്ചു.