പോർച്ചുഗൽ: സാമൂഹ്യസേവന രംഗത്ത് ആരാധകർക്ക് ഏറെ പ്രചോദനം നൽകുന്ന താരമാണ് യുവന്റസിന്റെ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഫുട്ബോളിലൂടെ സമ്പാദിക്കുന്നതിൽ നിന്ന് ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്താറുള്ള റൊണാൾഡോ കൊറോണ വെെറസ് ബാധയുടെ കാലത്തും മാതൃകയാകുകയാണ്.
പോർച്ചുഗലിൽ തന്റെ പേരിലുള്ള ഹോട്ടലുകളെല്ലാം കൊറോണ ബാധിതരെ ചികിത്സിക്കാനുള്ള ആശുപത്രികളാക്കി മാറ്റിയിരിക്കുകയാണ് റൊണാൾഡോ. യുവന്റസ് വെബ്സെെറ്റും മാർക ന്യൂസ് പേപ്പറുമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പോർച്ചുഗലിൽ കൊറോണ ബാധ സ്ഥിരീകരിച്ചതിനു തൊട്ടുപിന്നാലെയാണ് തന്റെ പേരിലുള്ള ഹോട്ടലുകൾ റൊണാൾഡോ താൽക്കാലിക ആശുപത്രികളാക്കി രൂപാന്തരപ്പെടുത്തിയത്.
ആശുപത്രിയിലെ ഡോക്ടർമാർക്കും മറ്റ് സ്റ്റാഫുകൾക്കുമുള്ള വരുമാനം റൊണാൾഡോ തന്നെയാണ് നൽകുക. ആശുപത്രിയിലെ ചികിത്സകളെല്ലാം സൗജന്യമാണ്. ലോകാരോഗ്യ സംഘടന നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് റൊണാൾഡോ പോർച്ചുഗലിലെ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Read Also: കൊറോണ ബോധവത്കരണ വീഡിയോയിൽ രജിത് ഫാൻസിന്റെ അസഭ്യവർഷം; മോഹൻലാലിനെതിരെ സെെബർ ആക്രമണം
“ലോകം വളരെ ആശങ്ക നിറഞ്ഞ അന്തരീക്ഷത്തിലൂടെയാണ് കടന്നുപോകുന്നത്. എല്ലാവരും അതീവ ജാഗ്രതയാേടെ മുന്നോട്ടു പോകേണ്ട സമയമാണ്. ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങൾ പാലിക്കണം. ഞാൻ നിങ്ങളോട് സംസാരിക്കുന്നത് ഒരു ഫുട്ബോൾ താരമെന്ന നിലയിലല്ല.” റൊണാൾഡോ പറഞ്ഞു. ഹോട്ടലുകൾ ആശുപത്രികളാക്കി മാറ്റാനുള്ള റൊണാൾഡോയുടെ തീരുമാനത്തെ ആരാധകരടക്കം ഏറെ പേർ അനുമോദിച്ചു. സാമൂഹ്യമാധ്യമങ്ങളിലടക്കം റൊണാൾഡോയെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
പോർച്ചുഗലിൽ ഇതുവരെ 169 പേർക്കാണ് കൊറോണ വെെറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. പത്തോളം പേർ ഗുരുതരാവസ്ഥയിലാണ്. ലോകത്താകമാനം ഇതുവരെ കൊറോണ ബാധിച്ച് 5,846 പേർ മരിച്ചു. 1,58,379 പേർക്കാണ് ലോകത്താകമാനമായി ഇതുവരെ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ചെെനയിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചിരിക്കുന്നത്.
ക്രിസ്റ്റ്യാനോ റൊണാൾഡോ നിലവിൽ പോർച്ചുഗലിലെ വീട്ടിലാണുള്ളത്. അമ്മയ്ക്ക് സുഖമില്ലാത്തതിനെ തുടർന്ന് നാട്ടിലേക്കു പോയ റൊണാൾഡോ, കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ നാട്ടിൽത്തന്നെ തുടരുകയാണ്.