ലോകാരോഗ്യ സംഘടന മഹാമാരിയായ പ്രഖ്യാപിച്ച കൊറോണ വൈറസ് കായിക മേഖലയ്ക്ക് മേലും കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്. ഇന്ത്യൻ പ്രീമിയർ ലീഗ് ഏത് തരത്തിൽ നടത്തുമെന്ന ആശങ്കയിലാണ് ബിസിസിഐ. ക്രിക്കറ്റിൽ മാത്രമല്ല ഫുട്ബോളിലും ബാഡ്മിന്റണിലും ബാസ്ക്കറ്റ് ബോളിലുമെല്ലാം ഇതേ ആശങ്ക നിലനിൽക്കുന്നു.

ഒളിമ്പിക്‌സിന്റെ ദീപശിഖ പ്രചാരണം ഗ്രീസില്‍ ആരംഭിച്ചു. അതേസമയം, ഒളിമ്പിക്‌സ് റദ്ദാക്കുന്നത് ചിന്തിക്കാനാകില്ലെന്ന് ടോക്യോ ഗവര്‍ണര്‍ പറയുന്നു. ജൂലൈ 24 മുതല്‍ ഓഗസ്ത് 9 വരെയാണ് ഒളിമ്പിക്‌സ് നിശ്ചയിച്ചിരിക്കുന്നത്.

പ്രധാനപ്പെട്ട പല ടൂർണമെന്റുകളും നിർത്തിവച്ചു. മത്സരങ്ങൾ നടത്തിയാല്‍ തന്നെ സ്റ്റേഡിയത്തിലേക്ക്‌ കാണികൾക്ക് പ്രവേശനവും അനുവദിക്കുന്നില്ല. കായിക ലോകത്തെ പ്രധാന ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളായ സ്പാനിഷ് ലാലിഗയും ചാംപ്യൻസ് ലീഗിലും സീരി എയിലുമെല്ലാം അവസ്ഥ സമാനമാണ്. നേരത്തെ സന്തോഷ് ട്രോഫിയുടെ ഫൈനൽ റൗണ്ട് മത്സരങ്ങളും മാറ്റിവെച്ചിരുന്നു.

അതേസമയം, ഐഎസ്എല്‍ ഫൈനല്‍ കാണികളെ പ്രവേശിപ്പിക്കാതെ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനിച്ചു. ഞായറാഴ്ച്ച എടികെയും ചെന്നൈയ്ന്‍ എഫ് സിയും തമ്മില്‍ ഗോവയില്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം.

കൊല്‍ക്കത്തയില്‍ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനവും അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താന്‍ ബിസിസിഐ തീരുമാനിച്ചു. മാര്‍ച്ച് 18-നാണ് മത്സരം.

ഫുട്‌ബോള്‍ ക്ലബ്‌ യുവന്റസിന്റെ പ്രതിരോധ താരം ഡാനിയേൽ റുഗാനിക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ക്രിസ്റ്റ്യോനോ റൊണാൾഡോ ഉൾപ്പടെയുള്ള സഹതാരങ്ങളും നിരീക്ഷണത്തിലാണ്. ടൂർണമെന്റുകളേക്കാൾ താരങ്ങളുടെ ആരോഗ്യമാണ് ആരാധകരെ സംബന്ധിച്ചടുത്തോളം പ്രധാനമായും വലയ്ക്കുന്ന പ്രശ്നം.

ഐപിഎല്ലിന് മേൽ കൊറോണ പറക്കുമോ?

ക്രിക്കറ്റ് ആരാധകരെയും നിരാശപ്പെടുത്തുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. കുട്ടിക്രിക്കറ്റിലെ ഏറ്റവും വലിയ ക്ലബ് ലീഗായ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ നടത്തിപ്പും അനിശ്ചിതത്വത്തിലാണ്. കൊറോണ വൈറസിനെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചതിന് പിന്നാലെ കേന്ദ്ര സർക്കാർ ഇന്ത്യയിലേക്കുള്ള വിസ താൽക്കാലികമായി റദ്ദാക്കിയിട്ടുണ്ട്. ഇത് വിദേശ താരങ്ങൾക്ക് ഇന്ത്യയിലെത്തുന്നതിന് തടസമാകും.

Also Read: എവിടെയോ കണ്ടുമറന്ന മുഖം; ഇത് സഹീറിനോട് ‘ഐ ലൗ യു’ പറഞ്ഞ പെൺകുട്ടിയോ?

വിവിധ രാജ്യങ്ങളുടെ ദേശീയ ടീമുകളിലെ സൂപ്പർ താരങ്ങളാണ് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പ്രധാന ആകർഷണം. അതുകൊണ്ട് തന്നെ വിദേശ താരങ്ങളെ മാറ്റിനിർത്തി ഐപിഎൽ സംഘടിപ്പിക്കുകയെന്നത് എത്രത്തോളം വിജയിക്കുമെന്ന ആശങ്കയുണ്ട്. മാർച്ച് 29നാണ്  ഐപിഎൽ മത്സരങ്ങൾ ആരംഭിക്കുന്നത്. കേന്ദ്രം ഏപ്രിൽ 15 വരെ വിസ അനുവദിക്കുന്നത് റദ്ദാക്കിയിട്ടുണ്ട്.

മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനെതിരെ ഉയരുന്ന പ്രതിഷേധവും ബിസിസിഐയ്ക്ക് തലവേദനയാണ്. മത്സരക്രമത്തിൽ മാറ്റമില്ലാതെ തന്നെ ഐപിഎൽ സംഘടിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു. എന്നാൽ മഹാരാഷ്ട്ര, കർണാടക സർക്കാരുകളും മത്സരങ്ങൾ സംഘടിപ്പിക്കുന്നതിന് എതിരാണ്. ഐപിഎല്‍ മത്സരം നടത്തുന്നതിനെതിരെയുള്ള ഹര്‍ജി മദ്രാസ്‌ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Also Read: സച്ചിനും സേവാഗും വീണിടത്ത് വീരഗാഥ രചിച്ച് പഠാൻ; ഇന്ത്യ ലെജൻഡ്‌സിന് രണ്ടാം ജയം

ഈ സാഹചര്യം വിലയിരുത്താന്‍ ഈ മാസം 14ന് ബിസിസിഐ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. നിലവിലെ അവസ്ഥയിൽ ഏത് തരത്തിൽ ഐപിഎൽ നടത്താമെന്ന് യോഗം തീരുമാനമെടുക്കും. അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരം നടത്തുകയെന്ന നിർദേശമാണ് ബിസിസിഐയ്ക്ക് മുന്നിൽ ഉള്ളത്. എന്നാൽ പണം ഒഴുകുന്ന ക്രിക്കറ്റ് പൂരത്തിൽ ഇത് എത്രത്തോളം പ്രാവാർത്തികമാകുമെന്ന് കണ്ടറിയണം.

ബിസിസിഐയുടെ ചെലവ് ചുരുക്കലിന്റെ ഭാഗമായി ഫ്രാഞ്ചൈസികളുടെ ബാധ്യത വർധിച്ചിരുന്നു. വിജയികൾക്കുള്ള സമ്മാനത്തുകയിൽ 50 ശതമാനം കുറവ് വരുത്തിയ ബിസിസിഐ ടീമുകൾ അതാത് സംസ്ഥാനങ്ങളിലെ ക്രിക്കറ്റ് ബോർഡുകൾക്ക് കൊടുക്കേണ്ട തുക വർധിപ്പിക്കുകയും ചെയ്തിരുന്നു.

ഒരു മത്സരത്തിന് 30 ലക്ഷത്തിൽ നിന്നും 50 ലക്ഷമായിട്ടാണ് വർധനവ്. ഇത് ഏകദേശം 3.5 കോടി രൂപയുടെ അധിക ബാധ്യതയാണ് ഒരു ടീമിന് മാത്രം ഉണ്ടാക്കുന്നത്. ഈ സാഹചര്യത്തിൽ അടച്ചിട്ട സ്റ്റേഡിയങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നത് ടീമുകൾക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കും.

Also Read: യുവന്റസ് താരം റുഗാനിക്ക് കൊറോണ സ്ഥിരീകരിച്ചു; റൊണാൾഡോയുൾപ്പടെ ഐസോലെഷനിൽ

വിദേശ താരങ്ങളെ ഐപിഎല്ലിന്റെ ആദ്യ ഘട്ടത്തിൽ ഒഴിവാക്കി കൃത്യസമയത്ത് തന്നെ ടൂർണമെന്റ് ആരംഭിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. 63 വിദേശതാരങ്ങളാണ് ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നത്.

അടച്ചിട്ട സ്റ്റേഡിയത്തിലാണെങ്കിൽ കളിക്കാൻ തയ്യാറാണെന്ന്‌ താരങ്ങളും വ്യക്തമാക്കിയതായാണ് സൂചന. ഇന്ത്യൻ പര്യടനത്തിന് എത്തിയ ദക്ഷിണാഫ്രിക്കൻ താരങ്ങൾ കാണികൾക്കൊപ്പം സമയം ചെലവഴിക്കില്ലെന്നും ഹസ്തദാനം നൽകില്ലെന്നും വ്യക്തമാക്കിയിരുന്നു.

 

ഇന്ത്യൻ ബാഡ്മിന്റൻ ഓപ്പൺ കാണികളില്ലാതെ നടക്കും

ബാഡ്മിന്റൻ കോർട്ടിലും കൊറോണ ഭീതി പടർത്തിയിട്ടുണ്ട്. ഇന്ത്യന്‍ ബാഡ്മിന്റൻ അസോസിയേഷൻ സംഘടിപ്പിക്കുന്ന ബാഡ്മിന്റൻ ഓപ്പണും നടക്കുമോയെന്ന ആശങ്കയിലാണ്. ടൂർണമെന്റിന്റെ ഭാഗമാകുന്ന താരങ്ങൾക്ക് നേരത്തെ തന്നെ വിസ ലഭിച്ചിരുന്നു. എന്നാൽ എല്ലാ വിസകളും റദ്ദാകുന്ന സാഹചര്യത്തിൽ ഇതും പ്രതിസന്ധിയിലാകും.

അതേസമയം ബാഡ്മിന്റ താരങ്ങൾക്ക് പ്രത്യേക ഇളവ് നൽകി ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ടോക്കിയോ ഒളിമ്പിക്സിന്റെ യോഗ്യത പോരാട്ടമെന്ന നിലയിലും ഏറെ പ്രാധാന്യമർഹിക്കുന്ന ടൂർണമെന്റാണിത്. അതുകൊണ്ട് തന്നെ കാണികളെ ഒഴിവാക്കി അടച്ചിട്ട കോർട്ടിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നതും പരിഗണനയിലുണ്ട്.

കൊറോണയുടെ ബാസ്ക്കറ്റിൽ വീണ ബാസ്ക്കറ്റ് ബോൾ

വിവിധ ബാസ്ക്കറ്റ് ബോൾ ടൂർണമെന്റുകളും മാറ്റിവെച്ചിട്ടുണ്ട്. ബാസ്ക്കറ്റ് ബോൾ രംഗത്തെ പ്രധാന ടൂർണമെന്റായ എൻബിഎയും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ടൂർണമെന്റിന്റെ ഭാഗമായിരുന്ന ഒരു താരത്തിന് കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെയാണ് നടപടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook