കാല്‍പ്പന്തിനെ ജീവവായുവായി കണക്കാക്കുന്നവരാണ് ലാറ്റിനമേരിക്കക്കാര്‍. ഓരോ മത്സരവും അവര്‍ക്ക് ഉത്സവവും യുദ്ധവുമാണ്. പ്രത്യേകിച്ച് മറഡോണയുടെയും മെസ്സിയുടെയും നാട്ടുകാർക്ക്. എന്നാൽ ഒരു തരത്തിലും ന്യായികരിക്കാനാകാത്ത സംഭവങ്ങൾക്കാണ് ഇന്നലെ അർജന്രീന വേദിയായത്.

അര്‍ജന്റീനയിലെ ഐതിഹാസിക ക്ലബ്ബുകളാണ് ബൊക്കാ ജൂനിയേഴ്‌സും റിവര്‍ പ്ലേറ്റും. ഇരു ടീമുകളും മുഖാമുഖം എത്തുന്നത് ലാറ്റിനമേരിക്കല്‍ ഭൂഖണ്ഡത്തെ തന്നെ ഉത്സവപ്രതിതിയിലേക്കാണ് ഉയർത്തുന്നത്. എല്‍ ക്ലാസിക്കോയായ ബാഴ്‌സ-റയല്‍ പോരാട്ടത്തേക്കാളും മുകളിലാണവര്‍ക്ക് ബൊക്കയും റിവര്‍ പ്ലേറ്റും തമ്മിലുള്ള മത്സരം.

അതേസമയം ഇന്നലെ ആവേശം അതിരുകടന്നു. കോപ്പ ലിബര്‍ട്ടഡോഴ്‌സ് ഫൈനലിന്റെ രണ്ടാംപാദ മത്സരം അനിഷ്ട സംഭവങ്ങള്‍ കാരണം മാറ്റിവെക്കുകയായിരുന്നു. ബൊക്ക ജൂനിയേഴ്സ് താരങ്ങൾ സഞ്ചരിച്ചിരുന്ന ബസ്സിന് നേരെ റിവര്‍ പ്ലേറ്റ് ആരാധകർ അക്രമണം അഴിച്ചു വിടുകയായിരുന്നു. ബസ്സിന് നേരെ കല്ലുകൾ വലിച്ചെറിയുകയായിരുന്നു ആരാധകർ.

റിവര്‍ പ്ലേറ്റിന്റെ മൈതാനത്തായിരുന്നു ശനിയാഴ്ച രണ്ടാം പാദ ഫൈനല്‍ നടക്കേണ്ടത്. പോരാട്ടത്തിനായി ബൊക്ക ജൂനിയേഴ്സ് താരങ്ങൾ ബ്യൂണസ് ഏറീസിലെ എസ്റ്റാഡിയോ മോണ്യുമെന്റല്‍ സ്‌റ്റേഡിയത്തില്ലെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. രൂക്ഷമായ കല്ലേറാണ് ആരാധകർ നടത്തിയത്.

മുൻ അര്‍ജന്‍റീനിയൻ താരം കാര്‍ലോസ് ടെവസ്, ഫെർണാണ്ടോ ഗാഗോ പ്രമുഖ താരങ്ങളായ പാബ്ലൊ പെരസ്, ഗോണ്‍സാലോ ലമാര്‍ഡോ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പെരസിന് കണ്ണിന് ഗുരുതരമായ പരിക്കേറ്റപ്പോല്‍ ലമാര്‍ഡോയുടെ തലയിലാണ് കല്ലേറ് കൊണ്ടത്. ഇതേ തുടർന്ന് കളിക്കാൻ കഴിയില്ലെന്ന് ബൊക്ക മാനേജ്മെന്റ് അറിയിക്കുകയായിരുന്നു.

2015ൽ നടന്ന ടൂർണമെന്റിൽ ബൊക്ക ജൂനിയേഴ്സിന്രെ ആരാധകർ റിവർപ്ലേറ്റ് താരങ്ങളെയും അക്രമിച്ചിരുന്നു. പെപ്പർ സ്‍പ്രേ ഉൾപ്പടെയുള്ളവ ഉപയോഗിച്ചായിരുന്നു അന്ന് ബൊക്ക ആരാധകരുടെ അക്രമണം. കാൽപന്ത് രചിക്കുന്ന കവിതയ്ക്കാല്ല കലാപത്തിനാണ് അർജന്റീന സാക്ഷിയാകുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook