ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകനും ഇപ്പോഴത്തെ ബിസിസിഐ അധ്യക്ഷനുമായ സൗരവ്‌ ഗാംഗുലിക്ക് ഹൃദയാഘാതം സംഭവിച്ചതിനു പിന്നാലെ പരസ്യം പിൻവലിച്ച് അദാനി വിൽമാർ കമ്പനി.

ഫോർച്യൂൺ റൈസ് ബ്രാൻ കുക്കിങ് ഓയിലിന്റെ പരസ്യമാണ് കമ്പനി പിൻവലിച്ചത്. ഗാംഗുലിയാണ് ഫോർച്യൂൺ റൈസ് ബ്രാൻ കുക്കിങ് ഓയിലിന്റെ ബ്രാൻഡ് അംബാസിഡർ. ഈ ഓയിൽ ഉപയോഗിച്ചാൽ ഹൃദയാഘാതം ഉണ്ടാവില്ലെന്നായിരുന്നു കമ്പനിയുടെ പരസ്യം. ഈ പരസ്യത്തിൽ ഗാംഗുലി അഭിനയിച്ചിരുന്നു.

ഗാംഗുലിക്ക് ഹൃദയാഘാതം സംഭവിച്ചതിനു പിന്നാലെ ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും തമാശകളും ഇറങ്ങി. ഇതിനു പിന്നാലെയാണ് പരസ്യം പിൻവലിക്കാൻ തീരുമാനിച്ചത്. എല്ലാ പരസ്യങ്ങളും ബ്രാൻഡ് പിൻവലിച്ചതായി ഏറ്റവും അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഒരു പുതിയ ക്യാംപയ്‌ൻ തയ്യാറാക്കാൻ അവർ തങ്ങളുടെ പരസ്യ ഏജൻസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Read Also: അഹാനയെ ഒരുപാട് മിസ്സ് ചെയ്യുന്നുവെന്ന് അമ്മ; വേഗം അസുഖം മാറി തിരിച്ചുവരൂ എന്ന് കുഞ്ഞനുജത്തി

ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ എണ്ണയാണ് റെെസ് ബ്രാൻ കുക്കിങ് ഓയിൽ എന്ന് കമ്പനി അവകാശപ്പെടുന്നു. “പ്രകൃതിദത്ത ആന്റി ഓക്‌സിഡന്റുകൾ ഇതിൽ അടങ്ങിയിരിക്കുന്നു. റെെസ് ബ്രാൻ ഓയിലിലുള്ള ഗാമ ഒറിസോണൽ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. സൗരവ് ഗാംഗുലി ഞങ്ങളുടെ ഭാഗ്യ ബ്രാൻഡ് അംബാസിഡറാണ്. റെെസ് ബ്രാൻ ഓയിൽ ഒരു മരുന്നല്ല, പാചക എണ്ണ മാത്രമാണ്. ഭക്ഷണ, പാരമ്പര്യ പ്രശ്നങ്ങൾ ഉൾപ്പെടെ ഹൃദയ സംബന്ധമായ അസുഖങ്ങളെ ബാധിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ഞങ്ങൾ സൗരവ്‌ ഗാംഗുലിയുമായി പ്രവർത്തിക്കുന്നത് തുടരും. അദ്ദേഹം ഞങ്ങളുടെ ബ്രാൻഡ് അംബാസഡറായി തുടരും. ഞങ്ങളുടെ ടിവി പരസ്യത്തിൽ ഞങ്ങൾ താൽക്കാലിക ഇടവേള എടുത്തിട്ടുണ്ട്. ഞങ്ങൾ വീണ്ടും സൗരവിനൊപ്പം ഇരുന്നു കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകും. ഗാംഗുലിക്ക് സംഭവിച്ചത് വളരെ നിർഭാഗ്യകരമായ കാര്യമാണ്,” അദാനി വിൽമാർ സിഇഒ അങ്‌ഷു മല്ലിക് പറഞ്ഞു.

അതേസമയം, ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച  സൗരവ് ഗാംഗുലിയുടെ നില മെച്ചപ്പെട്ടതായി മെഡിക്കൽ ബോർഡ് അറിയിച്ചു. ജനുവരി ആറിന് അദ്ദേഹത്തിന് ആശുപത്രി വിടാനാകുമെന്നും അധികൃതർ അറിയിച്ചു. ഇനി കൂടുതല്‍ ആന്‍ജിയോപ്ലാസ്റ്റി വേണ്ടെന്നും മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചു.

ശനിയാഴ്ച രാവിലെയാണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് ഗാംഗുലിയെ കൊൽക്കത്തയിലെ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 48 കാരനായ ഗാംഗുലിക്ക് രാവിലെ പ്രൈവറ്റ് ജിംനേഷ്യത്തിൽ വ്യായാമം ചെയ്യുന്നതിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഇതുവരെ രണ്ട് ആൻജിയോപ്ലാസ്റ്റി ചെയ്തതും വിജയകരമായതിനെ തുടർന്നാണ് ഇനി വേണ്ട എന്ന് കുടുംബാംഗങ്ങളുമായി ആലോചിച്ച് വൈദ്യസംഘം തീരുമാനിച്ചത്.

കൊറോണറി ധമനികളില്‍ മൂന്നിടത്ത് തടസങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ദാദയെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയത്. രക്തധമനിയിലെ തടസ്സം പൂര്‍ണമായും ഒഴിവാക്കിയെന്നും ഒരുമാസംകൊണ്ട് പൂര്‍ണ ആരോഗ്യവാനാവുമെന്നും ഗാംഗുലി ചികിത്സയിലിരിക്കുന്ന വുഡ്ലാന്‍ഡ്‌സ് ആശുപത്രി അധികൃതര്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook