ക്രിക്കറ്റ് ലോകത്തെ തന്നെ ഞെട്ടിച്ച അപ്രതീക്ഷിത വിടവാങ്ങൽ പ്രഖ്യാപനങ്ങളിൽ ഒന്നായിരുന്നു മുൻ ഇംഗ്ലീഷ് ക്യാപ്റ്റൻ അലിസ്റ്റർ കുക്കിന്റേത്. ഇന്ത്യക്കെതിരെ നടക്കുന്ന അഞ്ചാം ടെസ്റ്റ് മത്സരത്തിന് ശേഷം കളി മതിയാക്കുകയാണെന്ന് കഴിഞ്ഞ ദിവസമാണ് കുക്ക് അറിയിച്ചത്. എന്നാൽ തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്ന ക്രിക്കറ്റിനോട് വിടപറയാൻ കുക്ക് തയ്യാറല്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ.

രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിടപറഞ്ഞാലും കമന്റേറ്ററായി തുടരാനാണ് കുക്കിന്റെ പുതിയ തീരുമാനം. ഇഎസ്‌പിഎൻ ക്രിക്കറ്റ് ഇൻഫോയാണ് താരത്തെ ഉദ്ധരിച്ച് വാർത്ത റിപ്പോർട്ട് ചെയ്‍തിരിക്കുന്നത്. പ്രമുഖ സ്പോർട്‍സ് ചാനലായ ടോക്ക് സ്പോർട്ടുമായി ഇതിനോടകം തന്നെ കുക്ക് ചർച്ചകൾ ആരംഭിച്ചതായാണ് സൂചനകൾ.

ഇംഗ്ലണ്ടിന്റെ വെസ്റ്റ് ഇൻഡീസ് പര്യാടനത്തിന്റെ സംപ്രേക്ഷണ അവകാശം ടോക്ക് സ്പോർട്ടിനാണ്. 2019 ജനുവരിയിലാണ് ഇംഗ്ലണ്ട് വെസ്റ്റ് ഇൻഡീസിലേക്ക് പോകുന്നത്. മൂന്ന് വീതം ടെസ്റ്റും ടി20യും അഞ്ച് ഏകദിന മത്സരങ്ങളുമാണ് ഇംഗ്ലണ്ട് വിൻഡീസിനെതിരെ കളിക്കുക. ചർച്ചകൾ വിജയിച്ചാൽ ഈ മത്സരങ്ങളിൽ കമന്റേറ്ററായി വീണ്ടും ആരാധകർക്ക് കുക്കിനെ കാണാം.

കൗണ്ടി ക്രിക്കറ്റിൽ താരം തുടരുമെന്ന് നേരത്തെ തന്നെ താരം അറിയിച്ചിരുന്നെങ്കിലും പുതിയ വാർത്തകൾ പ്രകാരം രാജ്യാന്തര ക്രിക്കറ്റിൽ തന്നെ താരത്തെ ഇനിയും കാണാം എന്ന പ്രതീക്ഷയിലാണ് ആരാധകർ. എസക്സ്സിനൊപ്പം കൗണ്ടിയിൽ തുടരാനാണ് കുക്കിന്റെ തീരുമാനം. 2006-ല്‍ ഇംഗ്ലണ്ടിനായി അരങ്ങേറ്റം കുറിച്ച കുക്ക്, ഇംഗ്ലീഷ് ബാറ്റിങ് നിരയിലെ നിർണ്ണായക സാന്നിധ്യമായിരുന്നു. എന്നാൽ ഇന്ത്യയ്ക്കെതിരായ പരമ്പരയിൽ കുക്കിന് കാര്യമായ പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് താരം അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചത്.

തന്റെ വിടവാങ്ങൽ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ 71 റൺസ് കുക്ക് നേടിയിരുന്നു. 33 കാരനായ താരം ഇം​ഗ്ലണ്ടിനായി ടെസ്റ്റിൽ ഏറ്റവുമധികം റൺസ് നേടിയ താരമാണ്. ടെസ്റ്റിൽ തന്നെ ഏറ്റവും മികച്ച റൺവേട്ടക്കാരുടെ പട്ടികയിൽ ആറാമതാണ് കുക്ക്. കരിയറിൽ 160 ടെസ്റ്റുകളിൽ നിന്നായി 12,254 റൺസാണ് കുക്കിന്റെ സമ്പാദ്യം. 32 സെഞ്ചുറികളും ഇതിലുൾപ്പടും. 92 ഏകദിനങ്ങളിലും പാഡ് കെട്ടിയ അദ്ദേഹം ഏകദിനത്തിൽ 3204 റൺസും നേടിയിട്ടുണ്ട്. 59 ടെസ്റ്റ് മത്സരങ്ങളിൽ ഇം​ഗ്ലണ്ടിനെ നയിച്ചതും കുക്ക് തന്നെയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook