അണ്ടർ 19 കൂച്ച് ബിഹാർ ട്രോഫിയിൽ കേരളത്തിന് തകർപ്പൻ ജയം. ഇന്നിങ്സിനും 138 റൺസിനുമാണ് കേരളം ഒഡിഷയെ പരാജയപ്പെടുത്തിയത്. ട്രിപ്പിൾ സെഞ്ചുറി നേടിയ നായകൻ വത്സൽ ഗോവിന്ദിന്റെ ഡബിൾ സെഞ്ചുറി നേടിയ അശ്വിൻ ആനന്ദിന്റെയും വെടിക്കെട്ട് ബാറ്റിങ് മികവിലാണ് കേരളത്തിന്റെ ആധികാരിക വിജയം.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളത്തിന് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. ടീം സ്കോർ 13 ൽ എത്തിയപ്പോഴേക്കും രണ്ട് വിക്കറ്റുകൾ വീണു. 73ൽ മൂന്നാമനും വീണതോടെ കേരളം തകർച്ച പ്രതീക്ഷിച്ചെങ്കിലും വത്സൽ ഗോവിന്ദും അശ്വിൻ ആനന്ദും ചേർന്ന് കേരളത്തെ കൂറ്റൻ സ്കോറിലേക്ക് നയിക്കുകയായിരുന്നു.

നാലാം വിക്കറ്റിൽ 347 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് സൃഷ്ടിച്ചത്. സ്കോർ 421ൽ നിൽക്കെ 203 റൺസെടുത്ത അശ്വിന്റെ വിക്കറ്റ് കേരളത്തിന് നഷ്ടപ്പെട്ടെങ്കിലും പിന്നാലെ എത്തിയ അക്ഷയ് മനോഹർ കേരളത്തിനായി അക്രമണത്തിന്റെ ചുമതല ഏറ്റെടുത്തു. ഇതിനിടയിൽ വത്സൽ ഗോവിന്ദ് ട്രിപ്പിൾ സെഞ്ചുറി തികച്ചു.

അർദ്ധ സെഞ്ചുറി നേടിയ അക്ഷയ് മനോഹർ പുറത്താകുമ്പോഴും വത്സൽ ക്രീസിൽ തുടർന്നു. 459 പന്തിൽ നിന്നും 302 റൺസാണ് താരം അടിച്ചു കൂട്ടിയത്. ഇതിൽ 32 ബൗണ്ടറികളും രണ്ട് സിക്സറുകളും ഉൾപ്പെടുന്നു. ടീം സ്കോർ 651 ൽ എത്തി നിൽക്കെ കേരളം ഡിക്ലെയർ ചെയ്യുകയായിരുന്നു.

മറുപടി ബാറ്റിങ്ങിൽ ഒഡിഷ ആദ്യ ഇന്നിങ്സിൽ 330 റൺസിന് പുറത്തായി. സെഞ്ചുറി നേടിയ ആയുഷ് നായിക് മാത്രമാണ് ഒഡിഷ നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഇതോടെ ഫോളോ ഓൺ ചെയ്ത ഒഡിഷ രണ്ടാം ഇന്നിങ്സിലും തകർന്നു. ഇത്തവണ നായകൻ രഘുനാഥ് മല്ലയുടെ 47 റൺസ് ഒഴിച്ച് നിർത്തിയാൽ മറ്റാർക്കും കാര്യമായ സംഭവന നൽകാൻ സാധിച്ചില്ല.

മത്സരത്തിൽ ഒരുപിടി റെക്കോർഡുകളും കേരള താരങ്ങൾ കുറിച്ചു. കേരളത്തിന്റെ ഏറ്റവും വലിയ ടീം സ്കോറാണ് കൗമാര നിര കെട്ടിപ്പടുത്തത്. കേരളത്തിനായി ട്രിപ്പിൾ സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമാണ് വത്സൽ. കേരളത്തിന്റെ എക്കാലത്തെയും മികച്ച രണ്ടാമത്തെ കൂട്ടുകെട്ടും വത്സൽ ഗോവിന്ദും അശ്വിൻ ആനന്ദും ചേർന്ന് ഒരുക്കി. രഞ്ജി ട്രോഫിയിൽ ജോർജ് എബ്രഹാമും എം.ബാലനും ചേർന്ന് 1959-1960 സീസണിൽ കുറിച്ച 410 റൺസാണ് മികച്ച കൂട്ടുകെട്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook