ആലപ്പുഴ: കൂച്ച് ബെഹാര്‍ അണ്ടർ 19 ട്രോഫിയില്‍ കേരളത്തിനെതിരെ തകര്‍പ്പന്‍ പ്രകടനവുമായി മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ നയന്‍ മോംഗിയയുടെ മകന്‍ മോഹിത് മോംഗിയ. ബറോഡ നായകന്‍ കൂടിയായ മോഹിത് മോംഗിയയുടെ തകര്‍പ്പന്‍ ഇരട്ട സെഞ്ച്വറിയുടെ മികവില്‍ ബരോഡ ഏഴ് വിക്കറ്റിന് 409 റണ്‍സാണ് കേരളത്തിനായി സ്വന്തമാക്കിയത്. 266 പന്തില്‍ നിന്ന് 260 റണ്‍സാണ് മോഹിത് മോംഗിയ സ്വന്തമാക്കിയത്. 28 ബൗണ്ടറിയും 9 സിക്‌സറും അടക്കമായിരുന്നു മോഹിതിന്റെ ഇന്നിംഗ്‌സ്.

ഇതോടെ പിതാവിന്റെ റെക്കോര്‍ഡും തകര്‍ക്കാന്‍ മോഹിത്തിനായി. ബറോഡയ്ക്കായി ഏറ്റവും ഉയർന്ന റണ്‍സ് നേടിയ താരം എന്ന റെക്കോര്‍ഡാണ് നയന്‍ മോംഗിയയില്‍ നിന്ന് മകന്‍ സ്വന്തമാക്കിയത്. 1988ല്‍ ബറോഡ അണ്ടര്‍ 19 ടീമിനായി മോംഗിയ നേടിയ 224 റണ്‍സ് ആയിരുന്നു ബറോഡ ക്രിക്കറ്റ് ടീമിന്റെ ഇതുവരെയുളള ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.

അസ്ഹറുദ്ദീന്‍ നായകനായ ടീം ഇന്ത്യയിലെ വിക്കറ്റ് കീപ്പറായിരുന്നു നയന്‍ മോംഗിയ. ഇന്ത്യയ്ക്കായി 44 ടെസ്റ്റും 140 ഏകദിനവും കളിച്ചിട്ടുളള മോംഗിയ ഇന്ത്യ സമ്മാനിച്ച മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളായാണ് അറിയപ്പെടുന്നത്. കോഴവിവാദത്തെ തുടർന്നാണ് മോംഗിയക്ക് ഇന്ത്യന്‍ ടീമില്‍ സ്ഥാനം നഷ്ടമായത്.

മത്സരത്തിൽ ആദ്യ ഇന്നിംഗ്‌സില്‍ കേരളം 370 റണ്‍സാണ് സ്വന്തമാക്കിയത്. കേരളത്തിനായി ശിവ് ഗണേഷും(100) അശ്വിൻ ആനന്ദും(126) സെഞ്ച്വറി നേടിയിരുന്നു. ഇതിന് മറുപടിയായാണ് ബറോഡയുടെ മികച്ച പ്രകടനം. കേരളത്തിനായി വത്സല്‍, അജിത് ജേക്കബ് എന്നിവര്‍ രണ്ട് വിക്കറ്റ് നേടി. ആലപ്പുഴ എസ്.ഡി കോളെജ് ഗ്രൗണ്ടിലാണ് കളി നടക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ