അണ്ടർ 19 കൂച്ച് ബിഹാർ ട്രോഫിയിൽ കേരളത്തിന് വീണ്ടും തകർപ്പൻ ജയം. ഇന്നിങ്സിനും 60 റൺസിനുമാണ് കേരളം ജമ്മു കശ്മീരിനെ പരാജയപ്പെടുത്തിയത്. ഒന്നാം ഇന്നിങ്സിൽ കേരളം ഉയർത്തിയ 377 റൺസ് പിന്തുടർന്ന ജമ്മു കശ്മീർ ആദ്യ ഇന്നിങ്സിൽ 83 റൺസിനും രണ്ടാം ഇന്നിങ്സിൽ 234 റൺസിനും പുറത്താവുകയായിരുന്നു.

ടോസ് നേടിയ കേരളം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കേരളത്തിന് വേണ്ടി നായകൻ വത്സൽ (94 റൺസ്), ഓപ്പണർ അമൽ (76 റൺസ്), അനന്തകൃഷ്ണൻ (50 റൺസ്) എന്നിവർ അർദ്ധസെഞ്ചുറി നേടി. മറ്റ് താരങ്ങളും പിന്തുണ നൽകിയതോടെ കേരളം ഭേദപ്പെട്ട സ്കോറിലെത്തുകയായിരുന്നു.

മറുപടി ബാറ്റിങ്ങിൽ ജമ്മു കശ്മീരിന് തുടക്കം മുതൽ പിഴച്ചു. അക്കൗണ്ട് പോലും തുറക്കാതെ ഓപ്പണർമാർ മടങ്ങി. 26 റൺസെടുത്ത വിവ്രാന്ത് ശർമ്മയാണ് ആദ്യ ഇന്നിങ്സിൽ ജമ്മു കശ്മീരിന്റെ ടോപ് സ്കോറർ. അക്ഷയ് മനോഹർ ആറ് ജമ്മു താരങ്ങളെ മടക്കിയതോടെ അവർ തകർന്നടിഞ്ഞു. നാല് ജമ്മു കശ്മീർ താരങ്ങൾക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. 83 റൺസിന് പുറത്തായതോടെ ഫോളോ ഓൺ ചെയ്ത ജമ്മു കശ്മീർ ശക്തമായ തിരിച്ചു വരവിന് ശ്രമിച്ചെങ്കിലും ജയത്തിന് അത് പോരായിരുന്നു.

വിവ്രന്ത് ഒരിക്കൽ കൂടി താളം കണ്ടെത്തിയപ്പോൾ അർദ്ധ സെഞ്ചുറി തികച്ചു. ജിയാദ് നാസിറും അർദ്ധ സെഞ്ചുറി തികച്ചെങ്കിലും ഒരിക്കൽ കൂടി ബാക്കിയുള്ളവർ പരാജയപ്പെട്ടതോടെ രണ്ടാം ഇന്നിങ്സിലും ലക്ഷ്യം മറികടക്കാനായില്ല. രണ്ടാം ഇന്നിങ്സിൽ തിളങ്ങിയത് കേരളത്തിന്റെ കിരൺ സാഗറാണ്. നാല് വിക്കറ്റാണ് കിരൺ വീഴ്ത്തിയത്.

ടൂർണമെന്റിൽ ഇതുവരെ തോൽവിയറിയാതെ മുന്നേറുകയാണ് കേരളം. കളിച്ച ആറ് മത്സരങ്ങളിൽ നാലിലും കേരളത്തിനായിരുന്നു ജയം. രണ്ട് മത്സരങ്ങളിൽ സമനിലയും വഴങ്ങി. 32 പോയിന്റുകളുമായി ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനത്താണ് കേരളം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ