അണ്ടർ 19 കൂച്ച് ബിഹാർ ട്രോഫിയിൽ കേരളത്തിന് തകർപ്പൻ ജയം. 159 റൺസിനാണ് കേരളം ഗോവയെ പരാജയപ്പെടുത്തിയത്. ആദ്യ ഇന്നിങ്സിൽ സെഞ്ചുറിയും രണ്ടാം ഇന്നിങ്സിൽ അർദ്ധസെഞ്ചുറിയും തികച്ച നായകൻ വത്സൽ ഗോവിന്ദിന്റെ വെടിക്കെട്ട് ബാറ്റിങ് മികവിലാണ് കേരളത്തിന്റെ ആധികാരിക വിജയം.

ടോസ് നേടിയ കേരളം മത്സരത്തി. ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ രണ്ടാക്കം തികച്ചപ്പോഴേക്കും ഓപ്പണർമാർ രണ്ടുപേരും മടങ്ങിയത് കേരളത്തെ സമ്മർദ്ദത്തിലാക്കി. എന്നാൽ 277 പന്തിൽ നിന്നും 146 റൺസ് നേടിയ നായകൻ വത്സൽ കേരളത്തിന് മികച്ച സ്കോർ സമ്മാനിക്കുകയായിരുന്നു. 116 പന്തിൽ 64 റൺസ് നേടിയ അക്ഷയ് മനോഹർ നായകന് മികച്ച പിന്തുണ നൽകി. ഇതോടെ 356 റൺസ് എന്ന ഭേദപ്പെട്ട സ്കോറിലേക്ക് കേരളം എത്തി.

മറുപടി ബാറ്റിങ്ങിൽ 253 റൺസ് എടുക്കുന്നതിനിടയിൽ ഗോവയുടെ എല്ലാവരും കൂടാരം കയറി. അർദ്ധസെഞ്ചുറിയുമായി രാഹുൽ മേത്ത, പിയൂഷ് യാദവ്, മോഹിത് എന്നിവർ തിളങ്ങിയെങ്കിലും, കേരളത്തിന്റെ സ്കോറിന് ഒപ്പമെത്താൻ അവർക്ക് സാധിച്ചില്ല.

ഒന്നാം ഇന്നിങ്സ് ലീഡുമായി ഇറങ്ങിയ കേരളം പക്ഷെ രണ്ടാം ഇന്നിങ്സിൽ തകർന്നു. എന്നാൽ നായകൻ വത്സൽ വീണ്ടും താളം കണ്ടെത്തിയതോടെ 191 റൺസ് സ്കോർബോർഡിൽ ചേർക്കാൻ കേരളത്തിനായി. വത്സൽ 124 പന്തിൽ 59 റൺസ് നേടി. എട്ട് വിക്കറ്റ് ബാക്കി നിൽക്കെ കേരളം ഡിക്ലയർ ചെയ്യുകയായിരുന്നു.

ചെറിയ വിജയലക്ഷ്യം ആയിരുന്നിട്ടും ഗോവൻ ഇന്നിങ്സ് അതിവേഗം അവസാനിച്ചു. 135 റൺസിന് ഗോവ ഓൾഔട്ടാകുകയായിരുന്നു. കേരളത്തിനായി അക്ഷയ് മനോഹർ ആറ് വിക്കറ്റുകൾ വീഴ്ത്തി. ടൂർണമെന്റിൽ കേരളത്തിന്റെ തുടർച്ചയായ മൂന്നാം വിജയമാണിത്. നേരത്തെ ആസാമിനെയും ഒഡിഷയെയും കേരളം പരാജയപ്പെടുത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook