കറാച്ചി: പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ നായകൻ വസീം അക്രത്തെ കടന്നാക്രമിച്ച് സഹതാരം ആമിർ സുഹെെൽ. 1992 നു ശേഷം പാക്കിസ്ഥാൻ മറ്റൊരു ലോകകപ്പ് നേടുന്നില്ലെന്ന് ഉറപ്പാക്കിയതാണ് അക്രത്തിന്റെ സംഭാവനയെന്ന് മുൻ പാക് താരമായ ആമിർ സുഹെെൽ പറഞ്ഞു. അക്രത്തിനെതിരെ ഗുരുതര ആരോപണമാണ് ആമിർ ഉന്നയിച്ചിരിക്കുന്നത്. 1996, 2003 വർഷങ്ങളിലെ ലോകകപ്പ് പോരാട്ടങ്ങൾക്കു തൊട്ടുമുൻപ് അക്രത്തെ നായകനാക്കി നിശ്ചയിച്ചിരുന്ന നടപടിയെയാണ് ആമിർ ചോദ്യം ചെയ്തത്. ഇതിനെതിരെ അന്വേഷണം വേണമെന്നും ആമിർ ആവശ്യപ്പെട്ടു.

Read Also: ഓറഞ്ച്, ഗ്രീൻ സോണുകളിൽ ഡെലിവറി ആരംഭിച്ച സ്മർട്ഫോണുകൾ ഇവ
1992നുശേഷമുള്ള മൂന്നു ലോകകപ്പുകളിൽ രണ്ടിലും ക്യാപ്റ്റനായിരുന്ന വസിം അക്രം കുറച്ചുകൂടി ആത്മാർഥത കാട്ടിയിരുന്നെങ്കിൽ 1996, 1999, 2003 ലോകകപ്പുകൾ പാക്കിസ്ഥാന് നേടാൻ സാധിക്കുമായിരുന്നു എന്ന് ആമിർ സുഹെെൽ പറഞ്ഞു. “1992 നു ശേഷമുള്ള ലോകകപ്പുകളെ കുറിച്ച് നമുക്ക് സംസാരിക്കാം. 1996 ലെ ലോകകപ്പ് തന്നെ എടുക്കൂ. 1995 ൽ റമീസ് രാജയെ ക്യാപ്റ്റനാക്കി. സലിം മാലിക് ആയിരുന്നു അതിനു മുൻപ് ടീം നായകൻ. വളരെ മികച്ച പ്രകടനമാണ് സലിം മാലിക് ക്യാപ്റ്റൻ എന്ന നിലയിൽ ടീമിനായി കാഴ്ചവച്ചത്. അങ്ങനെയൊരു സമയത്താണ് അദ്ദേഹത്തെ നായക സ്ഥാനത്തു നിന്ന് മാറ്റിയത്. സലിം മാലിക് ക്യാപ്റ്റൻ സ്ഥാനത്ത് തുടർന്നിരുന്നെങ്കിൽ അക്രം നായകനാകില്ലായിരുന്നു,” ടെലിവിഷൻ അഭിമുഖത്തിൽ ആമിർ സുഹെെൽ പറഞ്ഞു.
Read Also: ഇതൊക്കെയെന്ത്, കഴിഞ്ഞ ആറര വർഷമായി ഞാൻ ലോക്ക്ഡൗണിലാണ്; വികാരാധീനനായി ശ്രീശാന്ത്
“ഇനി 2003 ൽ എന്താണ് സംഭവിച്ചതെന്ന് നോക്കൂ..ഓരോ ലോകകപ്പുകൾക്കും മുൻപ് ആ സമയത്ത് നായകനെ മാറ്റി അക്രത്തെ നായകനാക്കാൻ ശ്രമം നടന്നിരുന്നു. 1992 നു ശേഷം ഒരു ലോകകപ്പ് പോലും നേടാതിരിക്കുകയാണ് പാക്കിസ്ഥാനുവേണ്ടി അക്രം ചെയ്ത കാര്യം. ലോകകപ്പ് നേടില്ലെന്ന് ഉറപ്പിക്കുകയായിരുന്നു അദ്ദേഹം ചെയ്തിരുന്നത്. അക്രത്തിന് ആത്മാർഥതയുണ്ടായിരുന്നെങ്കിൽ 1996, 1999, 2003 വർഷങ്ങളിലെ ലോകകപ്പ് പാക്കിസ്ഥാൻ നേടിയേനെ! ലോകകപ്പ് സമയത്ത് ഒരു നാടകമായിരുന്നു നടന്നിരുന്നത്. എല്ലാ ലോകകപ്പ് സമയത്തും ഇത് നടന്നിട്ടുണ്ട്. ഇത് അന്വേഷിക്കണം. കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. എല്ലാ കാരണങ്ങൾക്കും പിന്നിൽ കൃത്യമായ കാരണമുണ്ട്.” സുഹെെൽ പറഞ്ഞു. അക്രത്തിനെതിരെ വാതുവയ്പ് ആരോപണം ഉന്നയിച്ചിട്ടുള്ള താരം കൂടിയാണ് സുഹെെൽ.