ക്രിക്കറ്റിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ മൈതാനത്തികത്തും പുറത്തും എന്നും ഏറെ ചൂടുള്ള വിഷയമാണ്. മാന്യൻമാരുടെ കളിയെന്ന് വിശേഷണമുള്ള ക്രിക്കറ്റ് പതിവുപോലെ  ഈ വർഷവും നിരവധി വിവാദങ്ങളിൽ അകപ്പെട്ടു.

2019 ൽ ക്രിക്കറ്റിനെ ചുറ്റിപ്പറ്റിയുണ്ടായ ഏറ്റവും വലിയ പ്രധാന അഞ്ച് വിവാദങ്ങൾ ഇവയാണ്:

1. പാണ്ഡ്യ, രാഹുൽ എന്നിവരുടെ സ്ത്രീവിരുദ്ധ പരാമർശം

ജനപ്രിയ ടോക്ക് ഷോയായ ‘കോഫി വിത്ത് കരൺ’ എന്ന പരിപാടിയിൽ ഇന്ത്യൻ താരങ്ങളായ ഹാർദിക് പാണ്ഡ്യയും കെഎൽ രാഹുലും നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങളാണ് 2019 ന്റെ തുടക്കത്തിൽ ക്രിക്കറ്റിനെ വിവാദങ്ങളിലേക്കു തള്ളിവിട്ടത്.

ക്രിക്കറ്റിനപ്പുറത്തേക്കും ആളിക്കത്തിയ വിവാദത്തിനൊടുവില്‍ ഇരുവര്‍ക്കുമെതിരെ കടുത്ത അച്ചടക്ക നടപടിയാണ് ബിസിസിഐ കൈക്കൊണ്ടത്. സസ്‌പെന്‍ഷനും പിഴയ്ക്കും പിന്നാലെ പാണ്ഡ്യയും രാഹുലും മാപ്പുപറയുകയും ചെയ്തു. അതിനുശേഷം ക്രിക്കറ്റില്‍ തിരിച്ചെത്തിയ ഇരുവരും വമ്പന്‍ പ്രകടനങ്ങൾ കാഴ്ചവയ്ക്കുകയും ചെയ്തു.

2. സർഫ്രാസ് അഹമ്മദിന്റെ വംശീയ അധിക്ഷേപം

ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന ഏകദിന പരമ്പരയിൽ ആൻഡിൽ ഫെലുക്വായോയ്ക്കെതിരെ വംശീയ പരാമർശം നടത്തി മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം നായകൻ സർഫ്രാസ് അഹമ്മദും വിവാദങ്ങളിൽ മുന്നിട്ടുനിന്നു. ഇതിനെത്തുടർന്ന് താരത്തെ നാല് മത്സരങ്ങളിൽനിന്ന് വിലക്കി. പിന്നീട് പാകിസ്ഥാൻ ക്രിക്കറ്റ് താരം മാപ്പ് പറഞ്ഞു.

തീർന്നില്ല, പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും ക്യാപ്റ്റൻ നടത്തിയ വംശീയ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചു. ലോകകപ്പിലെ മോശം പ്രകടനത്തെത്തുടർന്നും സർഫ്രാസ് അഹമ്മദ് ഏറെ വിമർശനം കേൾക്കേണ്ടി വന്നതും താരത്തിന്റെ കരിയറിൽ കറുത്ത നിഴലായി.

Read Also: പതിറ്റാണ്ടിന്റെ ഏകദിന-ടെസ്റ്റ് ടീമുകളെ പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ

3. നിയന്ത്രണം വിട്ട് ക്യാപ്റ്റൻ കൂൾ

ഐ‌പി‌എല്ലിന്റെ അവസാന പതിപ്പിൽ രാജസ്ഥാൻ റോയൽ‌സിനെതിരായ മത്സരത്തിൽ​ അമ്പയറുടെ തീരുമാനത്തെ ചോദ്യം ചെയ്ത് മൈതാനത്തിറങ്ങിയ എംഎസ് ധോണിയുടെ അസാധാരണ നടപടിയും ഏറെ വിവാദങ്ങൾക്ക് വഴിവച്ചു. ക്രിക്കറ്റിൽ ധോണിക്ക്​ എന്തുമാകാമെന്നാണോയെന്ന ചോദ്യവും ഇതേത്തുടർന്നുണ്ടായി.

സംഭവത്തിൽ മാച്ച് ഫീയുടെ 50 ശതമാനം പിഴയും ബിസിസിഐ ധോണിക്ക് ചുമത്തി. ക്യാപ്റ്റന്‍ കൂളെന്ന് വിളിപ്പേരുള്ള ധോണിയുടെ മറ്റൊരു മുഖമാണ് അന്ന് മൈതാനത്ത് കാണാനായത്.

4. 2019 ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ

ഓയിൻ മോർഗന്റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് ടീം അവരുടെ കന്നി ലോകകപ്പ് കിരീടം ഉയർത്തിയപ്പോൾ ലോക ക്രിക്കറ്റിനെ ഇത്രയേറെ ദുഷ്പേര് കേൾപ്പിച്ച മറ്റൊരു ലോകകപ്പ് ഫൈനൽ ഉണ്ടായിട്ടില്ലെന്നു തന്നെ വേണം പറയാൻ.

ഫൈനൽ​ എതിരാളികളായ ന്യൂസിലൻഡിന് എതിരായുള്ള പോരാട്ടം 50 ഓവറും കടന്ന് സൂപ്പർ ഓവറിലേക്ക് നീങ്ങി. സൂപ്പർ ഓവറിനുശേഷവും ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞിട്ടും ബൗണ്ടറികളുടെ എണ്ണത്തിൽ ആതിഥേയർ കിരീടത്തിൽ മുത്തമിട്ടു. ഇത് വിവാദത്തിന് തിരികൊളുത്തിയതോടെ സൂപ്പര്‍ ഓവറില്‍ ഇംഗ്ലണ്ടിന് അനുകൂലമായി ഓവര്‍ത്രോ റണ്‍സ് നല്‍കിയതും പിന്നീട് ചര്‍ച്ച ചെയ്യപ്പെട്ടു.

എന്നാൽ അതിനുശേഷം ഈ വർഷം ഒക്ടോബറിൽ ഐസിസി സൂപ്പർ ഓവറിലെ ബൗണ്ടറി നിയമം റദ്ദാക്കി.

5. പൃഥ്വി ഷായുടെ മരുന്നടി

ഭാവിതാരമായ പൃഥ്വി ഷായുടെ മരുന്നടിയാണ് ഇന്ത്യൻ ക്രിക്കറ്റിന് ചീത്തപ്പേരുണ്ടാക്കി കൊടുത്ത മറ്റൊരു സംഭവം. മരുന്നടി വിവാദത്തെത്തുടർന്ന് എട്ട് മാസത്തേക്ക് ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിൽനിന്നു താരത്തെ സസ്‌പെൻഡ് ചെയ്തു.

പിന്നീട് പൃഥ്വി ഷായുടെ ക്രിക്കറ്റ് ഭാവിയെ ചോദ്യം ചെയ്തെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ ഫോം വീണ്ടെടുക്കുകയും ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കുകയും ചെയ്ത് ​മുംബൈ താരം മറുപടി നൽകി.

രഞ്ജി ട്രോഫി ഓപ്പണറിൽ ബറോഡയ്‌ക്കെതിരെ ഇരട്ട സ്വെഞ്ചറിയോടെയായിരുന്നു താരത്തിന്റെ മടങ്ങിവരവ്. കൂടാതെ സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിൽ മുംബൈയ്ക്കു വേണ്ടി മൂന്ന് അർധസെഞ്ച്വറികളും പൃഥ്വി ഷാ നേടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook