ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ നിർമ്മാണം അഹമ്മദാബാദിൽ പുരോഗമിക്കുന്നു. ഒരു ലക്ഷം കാണികളെ ഉൾക്കൊള്ളുന്ന സ്റ്റേഡിയമാണ് ഒരുങ്ങുന്നത്. നിർമ്മാണം പുരോഗമിക്കുന്ന സ്റ്റേഡിയത്തിന്റെ ചിത്രം കഴിഞ്ഞ ദിവസം ഗുജറാത്ത് ക്രിക്കറ്റ് അസ്സേസിയേഷൻ വൈസ് പ്രസിഡന്റ് റിലീസ് ചെയ്തു.

വിശാലമായ സ്റ്റേഡിയം ഉയരുന്നത് 63 ഏക്കർ പ്രദേശത്താണെന്ന് ‘ദ ഹിന്ദു’ റിപ്പോർട്ട് ചെയ്യുന്നു. 700 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന സ്റ്റേഡിയത്തിന്റെ ടെണ്ടർ നൽകിയിരിക്കുന്നത് എൽ ആൻഡ് ടി കമ്പനിക്കാണ്. മൂന്ന് പരിശീലന മൈതാനങ്ങളും ഇൻഡോർ ക്രിക്കറ്റ് അക്കാദമിയും സ്റ്റേഡിയത്തിന്റെ ഭാഗമാണ്.

പാർക്കിങ് സൗകര്യമാണ് സ്റ്റേഡിയത്തിന്റെ മറ്റൊരു പ്രത്യേകത. 3000 കാറുകൾക്കും 10000 ഇരുചക്ര വാഹനങ്ങൾക്കും സ്റ്റേഡിയത്തിൽ ഒരേ സമയം പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. 55 റൂമുകളുള്ള ക്ലബ്ബ് ഹൗസ് ഒരുങ്ങുന്നുണ്ട്. ഇതിന് പുറമെ 76 കോർപ്പറേറ്റ് ബോക്സും സ്റ്റേഡിയത്തിന്റെ ഭാഗമാണ്.

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിനേക്കാൾ വിശാലമായി ഒരുങ്ങുന്ന സ്റ്റേഡിയം ഗുജറാത്ത് ക്രിക്കറ്റ് അസ്സേസിയേഷന്റെ സ്വപ്ന പദ്ധതിയാണെന്ന് വൈസ് പ്രസിഡന്റ് പരിമാൾ പറഞ്ഞു. ഇത് രാജ്യത്തിന്രെ അഭിമാനം ആകുമെന്നും അദ്ദേഹം ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook