മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട് (എംഎംഎ) സൂപ്പര്‍ താരം കോണര്‍ മക്ഗ്രിഗര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ‘എംഎംഎയില്‍ നിന്നും വിരമിക്കാന്‍ ഞാന്‍ തീരുമാനിച്ചു. എന്റെ എല്ലാ സഹതാരങ്ങള്‍ക്കും ആശംസകള്‍ നേരുന്നു. വിരമിച്ച മുന്‍ താരങ്ങളുടെ കൂട്ടത്തിലേക്ക് ഞാനും കടക്കുകയാണ്,’ കോണര്‍ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ഒക്ടോബര്‍ 6ന് ഖാബിബിനോട് തോറ്റ വിവാദ മത്സരത്തിന് ശേഷം കോണര്‍ പിന്നെ മത്സരിച്ചിരുന്നില്ല. അന്ന് മത്സരശേഷം നടന്ന കയ്യാങ്കളി കാരണം കോണറിന് ഏപ്രില്‍ 6 വരെ വിലക്കും ലഭിച്ചിരുന്നു. ബദ്ധവൈരികളായ ഖാബിബും കോണറും നേരത്തേയും വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടിയിട്ടുണ്ട്. യുഎഫ്സി കരിയറില്‍ തുടര്‍ച്ചയായി 27-ാമത്തെ വിജയമായിരുന്നു അന്ന് ഖാബിബ് സ്വന്തമാക്കിയത്. വിജയത്തിന് ശേഷമാണ് റഷ്യക്കാരനായ ഖാബിബ് റിങ് ചാടിക്കടന്നത്. തുടര്‍ന്ന് കോണറിന്റെ പരിശീലകനെ മർദിച്ചു.

യുഎഫ്‍സിയുടെ പ്രസിഡന്റായ ദനാ വൈറ്റ് ഉടന്‍ തന്നെ റിങ്ങിലെത്തി ഖാബിബിനോട് സംസാരിച്ചു. ഇതിന് പിന്നാലെ കോണറിനെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ പുറത്തേക്ക് കൊണ്ടുപോയി. പിന്നീടാണ് ഖാബിബിനേയും പുറത്തേക്ക് കൊണ്ടുപോയത്. ശേഷം നടന്ന കയ്യാങ്കളിയും വിവാദമായി. അന്വേഷണത്തിന് ശേഷം കോണറിന് വിലക്ക് ലഭിക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook