മോസ്ക്കോ: കോൺഫെഡറേഷൻ കപ്പിൽ യൂറോപ്യൻ ചാന്പ്യൻമാരായ പോർച്ചുഗലിന് ആദ്യ ജയം. ആതിഥേയരായ റഷ്യയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് പോർച്ചുഗൽ തകർത്തത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് പോർച്ചുഗലിന്റെ വിജയഗോൾ നേടിയത്.
റഷ്യക്ക് എതിരെ മത്സരത്തിന്റെ ഏട്ടാം മിനുറ്റിൽ തന്നെ പറങ്കിപ്പട മുന്നിലെത്തി. ഇടത് വിങ്ങർ റാഫേൽ ഗുറേറോയുടെ ക്രോസിൽ തലവെച്ച് റൊണാൾഡോ റഷ്യൻ വലകുലുക്കുകയായിരുന്നു. ഗോൾ മടക്കാൻ റഷ്യക്ക് നിരവധി അവസരം ലഭിച്ചെങ്കിലും സ്ട്രൈക്കർമാർക്ക് പിഴച്ചു.
ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ പൊരുതിക്കളിച്ച ന്യൂസിലാൻഡിനെ ഒന്നിന് എതിരെ 2 ഗോളുകൾക്ക് തകർത്ത് മെക്സിക്കോയും വിജയം ആഘോച്ചു. മത്സരത്തിന്റെ 42 മിനുറ്റിൽ ക്രിസ് വുഡിന്റെ ഗോളിലൂടെ ന്യൂസിലൻഡാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ ആക്രമിച്ചു കളിച്ച മെക്സിക്കോ 54 മിനുറ്റിൽ റൗൾ ജിമനെസിന്റെ ഗോളിലൂടെ സമനില പിടിച്ചു. 72 മിനുറ്റിൽ പെരാൾട്ടയുടെ ഗോളിലൂടെ മെക്സിക്കോ നിർണ്ണായക വിജയവും നേടി.