വിരാട് കോഹ്‌ലി-അനുഷ്ക വിവാഹം ഇറ്റലിയിൽ നടന്നതിനെ വിമർശിച്ച ബിജെപി എംഎൽഎയ്ക്ക് ഗൗതം ഗംഭീറിന്റെ മറുപടി. രാജ്യസ്നേഹം ഇല്ലാത്തത് കൊണ്ടാണ് ഇരുവരും വിവാഹത്തിന് വിദേശരാജ്യം തിരഞ്ഞെടുത്തതെന്നായിരുന്നു എംഎൽഎ പറഞ്ഞത്. എംഎൽഎയുടെ ഈ പരാമർശത്തിന് ടൈംസ് നൗവ് ചാനലിലൂടെയാണ് ഗംഭീർ മറുപടി പറഞ്ഞത്.

”വിവാഹം എവിടെ വച്ചായിരിക്കണം എന്നത് വ്യക്തിപരമായ തീരുമാനമാണ്. അതില്‍ അഭിപ്രായം പറയാന്‍ ഒരാള്‍ക്കും അവകാശമില്ല. ഇതുപോലുള്ള പ്രസ്താവനകള്‍ നടത്തുമ്പോള്‍ രാഷ്ട്രീയക്കാര്‍ കുറച്ചുകൂടി സൂക്ഷിക്കേണ്ടതുണ്ട്’’ എന്നായിരുന്നു ഗംഭീറിന്റെ പ്രതികരണം.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്കില്‍ ഇന്ത്യ ക്യാംപെയിനില്‍ സംസാരിക്കവേയാണ് ബിജെപി എംഎൽഎയായ പന്നലാല്‍ സഖ്യ വിരുഷ്ക വിവാഹത്തെക്കുറിച്ച് പരാമര്‍ശിച്ചത്. വിരാട് കോഹ്‌ലിയും അനുഷ്കയും ഇന്ത്യയില്‍ നിന്ന് പണം സമ്പാദിച്ച് വിവാഹത്തിന്റെ പണം വിദേശത്ത് ചെലവഴിച്ചത് ദേശഭക്തിയല്ല. ശ്രീകൃഷ്ണന്റേയും ശ്രീരാമന്റേയും വിക്രമാദിത്യന്റേയും യുധിഷ്ഠിരന്റേയുമൊക്കെ വിവാഹം നടന്ന മണ്ണാണിത്. എന്നാല്‍ ഇതൊന്നും കാണാതെ വിദേശത്ത് വച്ചാണ് ഇവര്‍ക്ക് വിവാഹം കഴിക്കാന്‍ തോന്നിയത്. മാതൃഭൂമി ഇവര്‍ക്ക് ഒന്നുമല്ലെന്നാണ് ഇത് ശരിവയ്ക്കുന്നത്. ഇതല്ല രാജ്യസ്നേഹം, ഇതല്ല ദേശഭക്തി’, പന്നലാല്‍ പറഞ്ഞു.

ഡിസംബർ 11 നായിരുന്നു കോഹ്‌ലി-അനുഷ്ക വിവാഹം. ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് കോഹ്‌ലിയും അനുഷ്കയും വിവാഹിതരായത്. ഇറ്റലിയിലെ മിലാനിലെ ആഡംബര റിസോർട്ടിൽ വച്ച് പാരമ്പര്യ രീതിയിലായിരുന്നു കോഹ്‌ലി-അനുഷ്ക വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടക്കം ചുരുക്കം ചിലർക്കേ വിവാഹത്തിന് ക്ഷണമുണ്ടായിരുന്നുളളൂ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ