ന്യൂഡല്‍ഹി: ഐപിഎല്‍ ടൂര്‍ണമെന്റ് കൈകാര്യം ചെയ്യുന്നതില്‍ സ്വന്തം പദവി ദുരുപയോഗപ്പെടുത്തിയതിനു ബോര്‍ഡ് ഓഫ് കണ്ട്രോള് ഫോര്‍ ക്രിക്കറ്റ് ഇന്ത്യയ്ക്ക് കോംപെറ്റീഷന് കമ്മീഷന് ഓഫ് 52.24 കോടി രൂപ പിഴ ചുമത്തി. ഇത്തരത്തിലുള്ള നടപടികളില്‍ നിന്നു ബിസിസിഐ വിട്ടുനില്‍ക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു.
ലേലത്തില്‍ പങ്കെടുക്കാനെത്തിയ കമ്പനികളുടെ വാണിജ്യ താത്പര്യത്തിന് വേണ്ടിയും ബി.സി.സി.ഐയുടെ സാമ്പത്തിക താത്പര്യത്തിന് വേണ്ടിയും ഐ.പി.എല്‍ സംപ്രേക്ഷണാവകാശ കരാറിലെ വ്യവസ്ഥയെ ബി.സി.സി.എ മന:പൂര്‍വ്വം ഉപയോഗപ്പെടുത്തിയെന്നും കോമ്പറ്റീഷന് കമ്മീഷന് ഓഫ് ഇന്ത്യ വിലയിരുത്തുന്നു. കഴിഞ്ഞ മൂന്നു സാമ്പത്തിക വര്‍ഷത്തില്‍ ബി.സി.സി.ഐയുടെ വരുമാനത്തിന്റെ 4.48 ശതമാനമാണ് പിഴയായി വിധിച്ച 52 ലക്ഷം രൂപയെന്നും കോമ്പറ്റീഷന് കമ്മീഷന് ഓഫ് ഇന്ത്യയുടെ 44 പേജുള്ള ഓര്‍ഡറില്‍ പറയുന്നു. കഴിഞ്ഞ മൂന്നു വര്‍ഷം ബി.സി.സി.ഐയുടെ ശരാശരി വരുമാനം 1164 കോടി രൂപയാണ്.
മാധ്യമങ്ങളുടെ അവകാശം സംബന്ധിച്ചുള്ള കരാറുകളില്‍ നിന്ന് പ്രയാസം സൃഷ്ടിക്കുന്ന ചട്ടങ്ങള്‍ ഒഴിവാക്കാനും നിര്‍ദേശമുണ്ട്. വാണിജ്യപരമായ നടപടികളിലും തീരുമാനങ്ങളിലും കളിയുടെ നിയന്ത്രണ സംവിധാനമായ ബിസിസിഐ യുടെ അധികാരങ്ങള്‍ വഴിവിടുന്നുണ്ടോയെന്നു പരിശോധിക്കുന്നതിനു അതിനുള്ളില്‍ പ്രത്യേക സംവിധാനത്തിനു രൂപം നല്‍കണം.
2010 നവംബര്‍ രണ്ടിന് ഡല്‍ഹിയിലെ ഒരു ക്രിക്കറ്റ് പ്രേമിയായ സുരീന്ദന് സിംഗ് ബാര്‍മി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന് നടപടി ഉണ്ടായത്. ടീമുകള്‍ക്ക് ഫ്രാഞ്ചൈസി അവകാശം നല്‍കുന്നതുള്‍പ്പെടെയുള്ള നടപടികളില്‍ ബിസിസിഐ കൃത്രിമം കാട്ടിയെന്നു പരാതിയിലുണ്ടായിരുന്നു.
നേരത്തെ കൊച്ചി ടസ്ക്കേഴ്സിനെ ഐപിഎല്ലിൽ നിന്ന് നിയമവിരുദ്ധമായി പുറത്താക്കിയതാണെന്ന് കണ്ടെത്തി ആര്ബിട്രേഷന് കോടതി ബിസിസിഐ നഷ്ടപരിഹാരം നൽകാൻ വിധിച്ചിരുന്നു. അനധികൃതമായി പുറത്താക്കിയതിന് കൊച്ചി ടസ്ക്കേഴ്സ് ടീമിന് ബിസിസിഐ 850 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു ആർബിട്രേഷൻ കോടതി വിധിച്ചത്.