ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയാണോ ഓസിസ് താരം സ്റ്റീവ് സ്മിത്താണോ കേമൻ? കഴിഞ്ഞ കുറെ നാളുകളായി ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ചകളിലൊന്നാണിത്. ഇന്ത്യൻ ആരാധകർക്ക് കോഹ്‌ലി എന്ന ഒറ്റ ഉത്തരം മാത്രമേ ഉണ്ടാകൂ. എന്നാൽ ടെസ്റ്റിൽ കോഹ്‌ലിയേക്കൾ ഒരുപടി മുന്നിലാണ് സ്മിത്ത് എന്ന് അഭിപ്രായപ്പെടുന്നവരും കൂടുതലാണ്. മൂന്ന് ഫോർമാറ്റിലും കോഹ്‌ലിയാണ് മികച്ച താരമെന്നാണ് വിദഗ്ദ്ധരുൾപ്പടെ പറയുന്നത്.
സ്മിത്തിന്റെ സഹതാരവും ഓസിസ് വെടിക്കെട്ട് ബാറ്റ്സ്മാനുമായ ഡേവിഡ് വാർണറിനോട് ഇതേ ചോദ്യം അവർത്തിച്ചപ്പോൾ രസകരമായ മറുപടിയാണ് അദ്ദേഹം നൽകിയത്. കോഹ്‌ലിയാണോ സ്മിത്താണോ മികച്ച താരം എന്ന് പറയുന്നതിന് പകരം അതിൽ നിന്ന് ഒഴിഞ്ഞ് മാറി മറ്റൊരു ഉത്തരമാണ് അദ്ദേഹം നൽകിയത്.
Read Also: വിരാട് കോഹ്‌ലിയെ വലിയ വളർച്ചയിലേക്ക് നയിച്ചതിന്റെ ക്രെഡിറ്റ് ധോണിക്കുള്ളതാണ്: ഗൗതം ഗംഭീർ
കോഹ്‌ലിയുമായി സ്മിത്തിനെ താരതമ്യപ്പെടുത്തുമ്പോൾ, മൂന്ന് ഫോർമാറ്റിലും ലോകത്ത് നിലവിലുള്ള ഏറ്റവും മികച്ച ബാറ്റ്സ്മാന്മാർ തന്നെയാണ് ഇരുവരും. ആളുകൾ പ്രതീക്ഷിക്കുന്നത് അതാണെങ്കിൽ അവർ തമ്മിലുള്ള ഒരു വലിയ യുദ്ധമായിരിക്കും ഇത്. എന്നെ സംബന്ധിച്ചടുത്തോളം ഇത് ഇന്ത്യ-ഓസ്ട്രേലിയ പോരാട്ടമാണ്,” വാർണർ പറഞ്ഞു.
“ഞങ്ങൾ വ്യക്തിഗത പോരാട്ടങ്ങൾ നോക്കുന്നില്ല. അങ്ങനെയാണെങ്കിൽ, അത് ബോളറും ബാറ്റ്സ്മാനും തമ്മിലാണ്. ഓസ്‌ട്രേലിയയിൽ പന്തെറിയാനുള്ള ഞങ്ങളുടെ ലൈനും ലെങ്തും ഞങ്ങൾക്കറിയാം,” ക്രിക്കറ്റ് പോരാട്ടം പന്തും ബാറ്റുമുപയോഗിച്ചാണെന്നും വാർണർ പറഞ്ഞു.
അതേസമയം ഓരോ മത്സരം കഴിയുന്തോറും മെച്ചപ്പെടുന്ന കോഹ്‌ലി എതിരാളികൾക്ക് വെല്ലുവിളിയാണെന്ന് കഴിഞ്ഞ ദിവസം സ്റ്റീവ് സ്മിത്ത് തന്നെ പറഞ്ഞിരുന്നു. “വിരാടിനെ എനിക്ക് വളരെക്കാലമായി അറിയാം. 2007 ബ്രിസ്ബെയ്നിലെ അക്കാദമിയുടെ ഭാഗമായിരുന്നപ്പോൾ മുതൽ. ഞങ്ങൾ രണ്ടുപേരും മൈതാനത്ത് നിന്ന് ഒരുപാട് സംസാരിച്ചിട്ടുണ്ട്. ഇപ്പോൾ അവൻ കൂടുതൽ മെച്ചപ്പെട്ടുവരുന്നു, അത് ഭയപ്പെടുത്തുന്ന കാര്യമാണ്,” സ്മിത്ത് പറഞ്ഞു.