കഴിഞ്ഞ വര്‍ഷം ദേശിയ ഭാരോദ്വഹന ക്യാമ്പില്‍ ചേരുന്നതിന് മുന്‍പ് സങ്കേത് മഹാദേവ് സാര്‍ഗര്‍ മഹാരാഷ്ട്രയിലെ സങ്ക്ലിയിലുള്ള കുടുംബത്തിന്റെ ചായക്കടയില്‍ സഹായത്തിനായി പോകുമായിരുന്നു. ഇതിനിടയില്‍ കോളജ് വിദ്യാഭ്യാസത്തിനും പരിശീലനത്തിനുമെല്ലാം സമയവും കണ്ടെത്തി.
ഇരുപത്തിയൊന്നുകാരന്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ നേടിയിരിക്കുകയാണ്. ഭാരോദ്വഹനം 55 കിലോഗ്രാം വിഭാഗത്തിലാണ് നേട്ടം. സ്നാച്ച് റൗണ്ടില്‍ 113 കിലോഗ്രാമും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 135 കിലോഗ്രാമുമാണ് സങ്കേത് ഉയര്‍ത്തിയത്. മലേഷ്യയുടെ മുഹമ്മദ് അനിക് ബിന്നിനാണ് സ്വര്‍ണം.
സാങ്കേതിന്റെ പിതാവ് മഹാദേവ് ഒരുപാട് നാളുകള്‍ക്ക് ശേഷം സ്വന്തം ചായക്കടയില്‍ ഇന്ന് ചായവിതരണം നടത്തിയില്ല. മകന്റെ വിജയം അവധിയെടുത്ത് തന്നെ ആഘോഷിക്കുകയാണ് പിതാവ്.
കഴിഞ്ഞ മാസം സങ്കേതിന്റെ ഇളയ സഹോദരി കാജോള്‍ സാര്‍ഗര്‍ ഖേലൊ ഇന്ത്യ യൂത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയിരുന്നു.
കാജോള്‍ മെഡലുമായി വന്നപ്പോള്‍ ചായക്കടയിലാണ് അത് പ്രദര്‍ശിപ്പിച്ചത്. കാരണം ഈ കുടുംബത്തിന് എല്ലാമുണ്ടായത് ആ കടയില്‍ നിന്നാണ്. സങ്കേതിന്റെ മെഡലും അവിടെ തന്നെ സൂക്ഷിക്കും, മഹാദേവ് വ്യക്തമാക്കി.
തന്നേപ്പോലെയും തന്റെ പിതാവിനെപ്പോലെയോ സങ്കേത് ഒരു വഴിയോരക്കച്ചവടക്കാരനാകാതിരുന്നതില്‍ മഹാദേവിന്റെ പങ്ക് ഏറെ നിര്‍ണായകമാണ്.

ചായക്കടയിൽ സങ്കേത് ഉണ്ടാക്കിയ മാങ്ങോടും (ഒരു തരം പക്കോഡ) വട പാവും വില്‍ക്കുമായിരുന്നു. പക്ഷേ സാങ്കേത് ജീവിതത്തിൽ ഉയരാനാണ് മഹാദേവ് ആഗ്രഹിച്ചത്. “എന്റെ അച്ഛൻ വാഴപ്പഴം വിറ്റിരുന്നെന്നും ഞാൻ ചായയും പക്കോഡയും വില്‍ക്കുകയാണെന്നും ഞാൻ അവനോട് പറയുമായിരുന്നു. അതിനാൽ വലിയ സ്വപ്നം കാണാന്‍ ഉപദേശിച്ചു. ഇന്നത്തെ മെഡല്‍ നേട്ടത്തിലൂടെ, അവൻ ഈ കുടുംബത്തിന്റെ തന്നെ ചിത്രം തന്നെ മാറ്റി,” മഹാദേവ് പറഞ്ഞു.
2018 ഗോൾഡ് കോസ്റ്റ് കോമൺവെൽത്ത് ഗെയിംസിൽ ഗുരുരാജ പൂജാരി വെള്ളി മെഡൽ നേടിയത് കണ്ടതോടെയാണ് സങ്കേതിന് കോമൺവെൽത്ത് ഗെയിംസ് മെഡൽ സ്വപ്നം തുടങ്ങിയത്. “ഞാൻ ആ ദിവസം ഓർക്കുന്നു. കോമൺവെൽത്ത് ഗെയിംസിൽ ഗുരുരാജ് ഭായ് മെഡൽ നേടുന്നത് ഞാൻ ചായക്കടയിലിരുന്നു കണ്ടു. ഒരു ദിവസം എനിക്കും ഇതേ നേട്ടം കൈവരിക്കാനാകുമെന്ന് ഞാൻ വിശ്വസിച്ചു,” സങ്കേത് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
ഭാരോദ്വഹന പരിശീലകൻ നാനാ സിൻഹാസനെയുടെ ആരാധകനായിരുന്നു പിതാവ്. സിൻഹാസനെ നടത്തുന്ന ദിഗ്‌വിജയ് ഭാരോദ്വഹന പരിശീലന കേന്ദ്രം ചായക്കടയ്ക്ക് സമീപമായിരുന്നു. 2012 ലാണ് സങ്കേത് അവിടെ ചേര്‍ന്നത്. പരിശീലനവും വിദ്യാഭ്യാസവും ചായക്കടയിലെ സഹായങ്ങളുമെല്ലാം ഒരേ സമയം കൊണ്ടുപോകുന്ന ഒരു തലത്തിലേക്കെത്താന്‍ സങ്കേതിന് ആറ് മാസം സമയമെടുത്തു.

“ഒന്നുകില്‍ പഠനം തുടരണം അല്ലെങ്കില്‍ കായിക മേഖലയിലേക്ക്, ഇതായിരുന്നു അച്ഛന്‍ എന്നോട് പറഞ്ഞത്. ഞാന്‍ ഭാരോദ്വഹനത്തില്‍ പരിശീലനം ആരംഭിച്ചപ്പോള്‍ ചായക്കടയില്‍ അച്ഛനെ സഹായിക്കാനും പോവുമായിരുന്നു. രാവിലെ ആറ് മണിക്ക് ചായക്കടയില്‍ നിന്നായിരുന്നു എന്റെ ദിവസം ആരംഭിക്കുന്നത്. പരിശീലനത്തിന് പോകുന്നതിന് മുന്‍പ് ആവശ്യമായതൊക്കെ പാചകം ചെയ്യും,” സങ്കേത് കൂട്ടിച്ചേര്‍ത്തു.
2017 മുതല്‍ സങ്കേതിന്റെ പരിശീലകന്‍ മയൂര്‍ സിന്‍ഹാസനെയാണ്. മയൂരിന്റെ പിതാവ് നാന അസുഖബാധിതനായതിന് ശേഷമായിരുന്നു ചുമതലയിലേക്ക് എത്തിയത്.
”സങ്കേതിന്റെ കുടുംബത്തിന് പരിശീലനത്തിനുള്ള പണം കണ്ടെത്താനാകില്ലെന്ന് എന്റെ പിതാവിന് അറിയാമായിരുന്നു. പക്ഷെ സങ്കേതില്‍ അദ്ദേഹം എന്തൊ ഒന്ന് കണ്ടിരുന്നു. ആദ്യം സ്റ്റാമിന വര്‍ധിപ്പിക്കാനുള്ള പരിശീലനമായിരുന്നു നല്‍കിയാത്. പത്താം ക്ലാസ് പരീക്ഷ സമയത്ത് മാത്രമാണ് സങ്കേതിന്റെ പരിശീലനം മുടങ്ങിയത്,” മയൂര്‍ വ്യക്തമാക്കി.
കോവിഡ് ലോക്ക്ഡൗണ്‍ കാലത്തെ പരിശീലനവും വെല്ലുവിളിയായിരുന്നു. വീടിനുള്ളില്‍ തന്നെയുള്ള പരിശീലനം പരിക്കിലേക്കും നയിച്ചു. പക്ഷെ രണ്ട് മാസത്തിനുള്ളില്‍ തന്നെ പരിക്കില്‍ നിന്ന് മുക്തനാകാന്‍ സങ്കേതിന് കഴിയുകയും പിന്നീട് ദേശിയ ചാമ്പ്യനാകാനും സാധിച്ചു.
കോവിഡ് കാലത്ത് ഭാരോദ്വഹനം ഒഴിവാക്കി സാധാരണ ജീവിതത്തിലേക്ക് കടക്കാന്‍ വരെ സങ്കേത് തീരുമാനിച്ചിരുന്നു. പക്ഷെ പിതാവ് മഹാദേവിന്റെ വാക്കുകളാണ് താരത്തെ മുന്നോട്ട് നയിച്ചത്.