കഴിഞ്ഞ ജനുവരിയില്‍ ബെംഗളൂരുവിലുള്ള ദേശീയ ക്യാമ്പില്‍ പരിശീലനം തുടരുന്നതിനിടെയായിരുന്നു നീന്തല്‍ താരം ശ്രിഹരി നടരാജനെ തേടി പിതാവിന്റെ മരണവാര്‍ത്ത എത്തിയത്. പാദുക്കോണ്‍-ദ്രാവിഡ് സെന്റര്‍ ഫോര്‍ എക്സലന്‍സില്‍ നിന്ന് 23 കിലോ മീറ്റര്‍ യാത്ര ചെയ്താണ് കുടുംബത്തിനൊപ്പം ശ്രീഹരി എത്തിയത്.
രണ്ട് ദിവസത്തിന് ശേഷം സ്വിമ്മിങ് പൂളില്‍ ശ്രിഹരി മടങ്ങിയെത്തി. ജീവിതത്തിലുണ്ടാകുന്ന തിരിച്ചടികളില്‍ താരം ആശ്വാസം കണ്ടെത്തിയിരുന്നത് പൂളിലായിരുന്നു. കടുത്ത പരിശീലനം ഫലം കണ്ടു.
പിതാവിന്റെ മരണത്തിന് ഒരാഴ്ചയ്ക്ക് ശേഷം വൈകാരിക ഭാരങ്ങള്‍ വഹിക്കുന്ന ശ്രിഹരിയെ ആയിരുന്നില്ല കണ്ടത്. ഒളിംപിക്സിന് എ സ്റ്റാന്‍ഡാര്‍ഡ് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതി നേടി.
വെള്ളിയാഴ്ച കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 100 മീറ്റര്‍ ബാക്ക്സ്ട്രോക്ക് വിഭാഗത്തിന്റെ ഫൈനലിലും ഇരുപത്തിയൊന്നുകാരന്‍ ഇടം നേടി. ബിര്‍മിങ്ഹാമിലെ സാന്‍ഡ്വാള്‍ അക്വാട്ടിക്സ് സെന്ററിലായിരുന്നു മത്സരം നടന്നത്.
സെമി ഫൈനലില്‍ 54.55 സെക്കന്റിലാണ് ശ്രീഹരി ഫിനിഷ് ചെയ്തത്. രണ്ട് സെമി ഫൈനലുകളിലായി 16 മത്സരിച്ച 16 പേരില്‍ ഏഴാം സ്ഥാനം നേടിയാണ് ഫൈനലിലേക്ക് കുതിച്ചത്. ശനിയാഴ്ച രാത്രിയാണ് കലാശപ്പോരാട്ടം.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നീന്തല്‍ വിഭാഗത്തില്‍ ഇതുവരെ കാര്യമായ നേട്ടം കൊയ്യാന്‍ ഇന്ത്യയ്ക്കായിട്ടില്ല. ഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പാര സ്വിമ്മിങ്ങില്‍ പ്രശാന്ത കര്‍മ്മാക്കര്‍ നേടിയ വെങ്കലമാണ് ആകെയുള്ള മെഡല്‍. ഇത് പരിഗണിക്കുമ്പോള്‍ ശ്രീഹരിയുടെ നേട്ടത്തിന്റെ മാറ്റ് കൂടുതലാണ്.
ഇന്ത്യയിലെ ഏറ്റവും മികച്ച നീന്തല്‍ താരങ്ങളില്‍ ഒരാളാണ് ശ്രീഹരിയെന്നതില്‍ അതിശയിക്കാനില്ല. രണ്ടാം വയസില്‍ ആരംഭിച്ചതാണ് നീന്തല്‍. 2010 ല്‍ മത്സരരംഗത്ത് എത്തിയതിന് ശേഷം ജൂനിയര്‍, സീനിയര്‍ ലെവലുകളില്‍ നൂറിലധികം മെഡലുകള്‍ നേടി.
2016 ന് ശേഷം 27 സ്വര്‍ണവും ഏഴ് വെള്ളിയും നാല് വെങ്കലവും നേടി. സീനിയര്‍ ലെവലിലായിരുന്നു നേട്ടം. നിരവധി പ്രധാന ടൂര്‍ണമെന്റുകളില്‍ താരം ഇതിനോടകം തന്നെ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കുകയും ദേശിയ റെക്കോര്‍ഡ് പലതവണ തിരുത്തുകയും ചെയ്തു.
ഫൈനലില്‍ ഒന്നാമത്തെ വരിയിലായിരിക്കും ശ്രീഹരി മത്സരിക്കുക. മറ്റ് താരങ്ങളുടെ നീന്തലില്‍ നിന്നുണ്ടാകുന്ന ഓളങ്ങള്‍ മറികടന്ന് വേണം കുതിക്കാന്‍. മെഡല്‍ നേടുന്നതിന് തടസമായി നില്‍ക്കുന്ന വെല്ലുവിളികളില്‍ ഒന്ന് മാത്രമാണിത്.