വർണശമ്പളമായ ഉദ്ഘാടനച്ചടങ്ങോടെ കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമില്‍ തുടക്കമായി. ഇന്ത്യൻ സമയം രാത്രി 12:30 ഓടെയാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്. നൃത്തവും സംഗീതവും കരിമരുന്ന് പ്രയോഗങ്ങളുമായി വർണാഭമായാ ചടങ്ങാണ് ബര്മിങാഹാമിലെ അലക്സാണ്ടർ സ്റ്റേഡിയത്തിൽ നടന്നത്.
ചടങ്ങിന്റെ ഭാഗമായി നടന്ന മാർച്ച് പാസ്റ്റിൽ ഒളിംപിക് മെഡല്‍ ജേതാവ് പി വി സിന്ധുവും പുരുഷ ഹോക്കി ടീം ക്യാപ്റ്റന്‍ മന്‍പ്രീത് സിങും ഇന്ത്യന്‍ പതാകയേന്തി. ബ്രിട്ടന്റെ സാംസ്കാരിക വൈവിധ്യവും കായിക പാരമ്പര്യവും വിളിച്ചോതുന്നതായിരുന്നു ഉദ്ഘാടന ചടങ്ങ്. ചാള്‍സ് രാജകുമാരന് ചടങ്ങിൽ മുഖ്യാതിഥിയായി.
ബ്രിട്ടന്റെ സാംസ്കാരിക തനിമയുടെയും കലാവൈവിധ്യത്തിന്റെയും വ്യത്യസ്ത കാഴ്ചകൾ അണിനിരത്തിക്കൊണ്ടായിരുന്നു ഉദ്ഘാടന ചടങ്ങ്. ബ്രിട്ടനിലെ വ്യസായ വിപ്ലവത്തിന്റെ പ്രതീകമായി കൂറ്റന്‍ കാളയുടെ രൂപം ചടങ്ങിലെ പ്രധാന ആകർഷണമായിരുന്നു.
കായിക താരങ്ങളുടെ മാർച്ച് പാസ്റ്റിൽ ആദ്യമെത്തിയത് ഓസ്ട്രേലിയ ആയിരുന്നു. ഓഷ്യാന രാജ്യങ്ങൾക്ക് പിന്നാലെ ആഫ്രിക്കൻ, കരീബിയൻ രാജ്യങ്ങൾ അണിനിരന്നു. അതിനു പിന്നാലെ ആയിരുന്നു ഏഷ്യൻ രാജ്യങ്ങൾ. ഇന്ത്യൻ താരങ്ങൾ എത്തിയതോടെ സ്റ്റേഡിയം ആരവങ്ങളിൽ മുഴങ്ങി.
ആദ്യ ദിനമായ ഇന്ന് ക്രിക്കറ്റിൽ ഇന്ത്യൻ വനിതാ ടീം ഇറങ്ങുന്നുണ്ട്. വൈകുന്നേരം 4:30 ന് ഓസ്ട്രേലിയക്ക് എതിരെയാണ് ആദ്യ മത്സരം. ഗ്രൂപ്പ് എയിലാണ് ഇന്ത്യയും ഓസ്ട്രേലിയയും. പാകിസ്താന്, ബാര്‍ബഡോസ് ടീമുകളും ഇതേ ഗ്രൂപ്പിലുണ്ട്. ഞായറാഴ്ചയാണ് ഇന്ത്യ- പാകിസ്ഥാൻ മത്സരം.
ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒരു മണിയോടെ ഗെയിംസ് മത്സരങ്ങൾക്ക് തുടക്കമാവും. ലോണ്‍ ബോളാണ് ആദ്യ മത്സരയിനം. ഇതിൽ ഇന്ത്യക്കാരായ സുനില്‍ ബഹാദൂര്‍, മൃദുല്‍ ബോര്ഗോഹെയ്ന്, താനിയ ചൗധരി, രൂപ ടിര്‍കെ തുടങ്ങിവര്‍ മത്സരിക്കുന്നുണ്ട്. ഉച്ചയ്ക്ക് രണ്ട് മണിക്ക് തുടങ്ങുന്ന പുരുഷന്മാരുടെ ടേബിൾ ടെന്നീസ് മത്സരത്തിൽ ഹര്‍മീത് ദേശായി, സനില്‍ ഷെട്ടി, ശരത് അചന്ത, സത്യന് ജ്ഞാനശേഖരന് എന്നിവരും വനിതാ വിഭാഗത്തിൽ മനിക ബത്ര, ദിയ ചിതാലെ എന്നിവരും മത്സരിക്കും.
വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന നീന്തൽ മത്സരത്തിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ സാജൻ പ്രകാശ് 50 മീറ്റർ ബട്ടർഫ്ളൈ വിഭാഗത്തിൽ മത്സരിക്കും. ബോക്സിങ്ങിൽ ശിവ ഥാപ്പ, സുമിത്, ആശിഷ് കുമാർ എന്നിവർ ഇന്നിറങ്ങുന്നുണ്ട്.