2022 കോമണ്‍വെല്‍ത്ത് ഗെയിംസ് ഏഴ് ദിവസം പിന്നിട്ടിരിക്കുകയാണ്. നാല് ദിവസം മാത്രം ശേഷിക്കെ ഇന്ത്യ ഇതുവരെ നേടിയത് 18 മെഡലുകളാണ്. അഞ്ച് സ്വര്‍ണം, ആറ് വെള്ളി, ഏഴ് വെങ്കലം എന്നിങ്ങനെയാണ് മെഡല്‍ കണക്കുകള്‍.
വനിതകളുടെ ഭാരോദ്വഹനം 49 കിലോ ഗ്രാം വിഭാഗത്തില്‍ സ്വര്‍ണം നേടി മീരാഭായ് ചാനുവാണ് ആദ്യം തലക്കെട്ടുകളില്‍ ഇടം പിടിച്ചത്. ഭാരോദ്വഹനത്തില്‍ തന്നെ പുരുഷന്മാരുടെ 73 കിലോ ഗ്രാം വിഭാഗത്തില്‍ അചിന്ത ഷീലിയും സ്വര്‍ണമണിഞ്ഞു.
പുരുഷന്മാരുടെ 67 കിലോ ഗ്രാം വിഭാഗത്തില്‍ സ്നാച്ചിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലുമായി 300 കിലോ ഗ്രാം ഉയര്‍ത്തി ചരിത്രം സൃഷ്ടിച്ചായിരുന്നു ജെറെമി ലാല്‍റിനുങ്ക സ്വര്‍ണം നേടിയത്. ലോണ്‍ ബോളില്‍ വനിതകളും, ടേബിള്‍ ടെന്നിസില്‍ പുരുഷ ടീമുമാണ് മറ്റ് രണ്ട് സ്വര്‍ണം സ്വന്തമാക്കിയത്.
സ്ക്വാഷില്‍ ആദ്യമായി വ്യക്തിഗത ഇനത്തില്‍ മെഡല്‍ നേടുന്ന ഇന്ത്യന്‍ താരമാകാന്‍ സൗരവ് ഘോഷാലിനായി. ഇംഗ്ലണ്ടിന്റെ മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ ജെയിംസ് വില്‍സ്ട്രോപ്പിനെയാണ് പരാജയപ്പെടുത്തിയത്.
