മെൽബൺ: കോമൺവെൽത്ത് ഗെയിംസിൽ തകർപ്പൻ ഫോമിലാണ് ഇന്ത്യൻ താരങ്ങളുടെ പ്രകടനം. പുരുഷ സിംഗിൾസിൽ ലോകറാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുളള കിഡംബി ശ്രീകാന്ത് ഫൈനലിലേക്ക് യോഗ്യത നേടിയതിന് പിന്നാലെ വനിത സിംഗിൾസിൽ സൈന നെഹ്‌വാളും ഫൈനൽ ബർത്ത് നേടിയിരുന്നു.

സൈനയുടെ സെമിഫൈനൽ വിജയത്തിന് പിന്നാലെ പി.വി.സിന്ധുവും വനിത സിംഗിൾസിൽ ഫൈനലിലേക്ക് യോഗ്യത നേടി. കാനഡയുടെ ലീ യെ തോൽപ്പിച്ചാണ് ഇന്ത്യൻ താരം മുന്നേറിയത്. നേരിട്ട ആദ്യ രണ്ട് സെറ്റുകളും സ്വന്തമാക്കിയാണ് ലോക റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തുളള ഇന്ത്യൻ താരത്തിന്റെ വിജയം.

ഇതോടെ ബാഡ്മിന്റൺ കോമൺവെൽത്ത് ഗെയിംസിനെ വനിത സിംഗിൾസ് ഫൈനലിൽ ഇന്ത്യൻ താരപ്പോരാട്ടം എന്ന സ്വപ്നമത്സരം ആണ് നടക്കാൻ പോകുന്നത്. സൈന നെഹ്‌വാളും പി.വി.സിന്ധുവും മത്സരിക്കുമ്പോൾ ഇന്ത്യ ഒരു സ്വർണവും ഒരു വെളളിയും ഉറപ്പിക്കുന്നുണ്ട്. എന്നാൽ ത്രിശങ്കുവിലാകുന്നത് കോച്ച് ഗോപിചന്ദാണ്. താരങ്ങൾ ഇരുവരും ഇദ്ദേഹത്തിന്റെ ശിഷ്യരാണ്.

ഇതിന് മുൻപ് മൂന്ന് വട്ടമാണ് ഇരുവരും തമ്മിൽ ഏറ്റുമുട്ടിയിട്ടുളളത്. ഈ വർഷമാദ്യം നടന്ന ഇന്തോനേഷ്യ മാസ്റ്റർ സീരീസിൽ സൈനയും സിന്ധുവും ഏറ്റുമുട്ടിയപ്പോൾ സൈനയ്ക്കായിരുന്നു വിജയം. 21-13, 21-19 എന്നീ സ്കോറിന് നേരിട്ടുളള സെറ്റുകൾക്കായിരുന്നു സൈനയുടെ വിജയം.

ഇതിന് മുൻപ് 2017ൽ ഇന്ത്യൻ ഓപ്പണിൽ ഇരു താരങ്ങളും ഏറ്റുമുട്ടിയപ്പോൾ വിജയം സിന്ധുവിന് ഒപ്പം നിന്നു. 16-21, 20-22 എന്നീ സ്കോറിനായിരുന്നു സിന്ധു ജയിച്ചത്. 2014 ലെ ഇന്ത്യ ഗ്രാന്റ് പ്രിക്സ് സീരീസായിരുന്നു അതിന് മുൻപ് ഇരു താരങ്ങളും ഏറ്റുമുട്ടിയ മറ്റൊരു വേദി. ഇവിടെ 21-14, 21-17 എന്നിങ്ങനെ നേരിട്ടുളള സെറ്റുകൾ നേടി സൈന ജയിച്ചുകയറി.

ഇപ്പോൾ ലോകറാങ്കിങ്ങിൽ 12-ാം സ്ഥാനത്താണ് സൈന നെഹ്‌വാൾ. അതേസമയം, പി.വി.സിന്ധു മൂന്നാം സ്ഥാനത്താണ്. ലോകറാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് വരെയെത്തിയിട്ടുളള സൈന എക്കാലത്തും ഏത് സൂപ്പർ താരത്തിനും കടുത്ത വെല്ലുവിളി ഉയർത്താൻ തക്ക മികവുളള താരമാണ്. അതേസമയം പി.വി.സിന്ധുവും ലോകത്തെ സൂപ്പർ ബാഡ്‌മിന്റൺ താരമാണ്.

എന്നാൽ ഇരുവരും തമ്മിലുളള സ്വരച്ചേർച്ചയില്ലായ്‌മ നേരത്തേ തന്നെ വ്യക്തമായിരുന്നു. ഒരേ കോച്ചിന് കീഴിൽ പരിശീലിക്കുന്നവരായിരുന്നിട്ടും ഇരുവർക്കും തമ്മിൽ സൗഹൃദം തീരെയില്ല. തമ്മിൽ കണ്ടാൽ ചിരിക്കുമെന്നതല്ലാതെ സംസാരിക്കാറില്ലെന്ന് പി.വി.സിന്ധു തന്നെയാണ് നേരത്തെ വെളിപ്പെടുത്തിയിട്ടുളളത്.

തമ്മിലാരാണ് സൂപ്പർ താരമെന്ന ചോദ്യം ഇരുതാരങ്ങൾക്കും ഉണ്ട്. അതിനാൽ തന്നെ ഇരുവർക്കും ഇടയിലെ വാശിയും വീറും കോമൺവെൽത്തിലെ മൽസരവേദിയിലും ഉയരുമെന്നാണ് കരുതപ്പെടുന്നത്. ഓരോ താരത്തിനും ഒപ്പം എല്ലാ മൽസരത്തിലും ഉണ്ടായിരുന്ന കോച്ച് ഗോപിചന്ദിനാണ് ഇത് ഏറെ പ്രയാസകരമാകുക. ഇരുവരുടെയും പോരാട്ടം കാഴ്ചക്കാരനായി കണ്ടുനിൽക്കുമെന്നല്ലാതെ ആരെങ്കിലും ഒരാൾക്ക് വേണ്ടി അദ്ദേഹം രംഗത്ത് ഇറങ്ങിയേക്കില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ