പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ട് ഇറ്റാലിയന്‍ സിരി എ ക്ലബ്ബായ യുവന്റസിലേക്ക് ചേക്കേറിയതോടെ അവസാനിച്ചത് വിഖ്യാതമായ ക്രിസ്റ്റ്യാനോ-മെസി പോരാണ്. ശത്രുവില്ലാത്ത നായകനായി തുടരുകയാണ് ഇരുവരുമിപ്പോള്‍. തങ്ങളുടെ ലീഗുകളില്‍ പതിവുപോലെ ഇരുവരും മുന്നില്‍ തന്നെയുണ്ടെങ്കിലും ഏറ്റുമുട്ടാനാളില്ലാത്ത അവസ്ഥ ആരാധകരേയും നിരാശപ്പെടുത്തുന്നതാണ്. ആരാധകരെ പോലെ തന്നെ തനിക്കും മെസി-ക്രിസ്റ്റ്യാനോ പോര് ഇല്ലാത്തത് നഷ്ടമായതിന്റെ ദുഖമുണ്ടെന്നാണ് ക്രിസ്റ്റ്യാനോയും പറയുന്നത്.

അന്താരാഷ്ട്ര മാധ്യമമായ ലാ ഗസറ്റെ ഡെല്ലോ സ്പോർട്ടിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ഏറ്റവും വലിയ എതിരാളി ഇപ്പോഴും ബാഴ്സലോണയിലാണെന്ന് ക്രിസ്റ്റ്യാനോ പറഞ്ഞത്.

” എനിക്കവനെ കുറച്ച് മിസ് ചെയ്യുന്നുണ്ട്. ഞാന്‍ ഇംഗ്ലണ്ടിലും സ്പെയിനിലും പോർച്ചുഗലിലും ഇറ്റലിയിലും കളിച്ചിട്ടുണ്ട്. പക്ഷെ അവനിപ്പോഴും സ്പെയിനിലാണ്. ചിലപ്പോള്‍ അവനായിരിക്കും എന്നെ കൂടുതല്‍ ആവശ്യം വരുന്നത് “. ക്രിസ്റ്റ്യാനോ പറഞ്ഞു.

“എനിക്ക് ജീവിതം തന്നെ ഒരു വെല്ലുവിളിയാണ്. പക്ഷെ അതെനിക്ക് ഇഷ്ടമാണ്. അവന്‍ ഒരു ദിവസം ഇറ്റലിയില്‍ വരണം. ഞാന്‍ ചെയ്തത് ചെയ്യണം, വെല്ലുവിളി സ്വീകരിക്കണം. എന്തായാലും, അവിടെ അവന്‍ സന്തുഷ്ടനാണെങ്കില്‍ ഞാനത് ബഹുമാനിക്കുന്നു. അവന്‍ മഹാനായ കളിക്കാരനാണ്. നല്ല മനുഷ്യനും. പക്ഷെ ഇവിടെ ഞാനൊന്നും മിസ് ചെയ്യുന്നില്ല. ഇതെനിക്ക് പുതിയ ജീവിതമാണ്. ഞാനതില്‍ സന്തുഷ്ടനാണ്” ക്രിസ്റ്റ്യാനോ പറഞ്ഞു.

യുവന്റസിന് റയലിനേക്കാള്‍ ടീം സ്പരിറ്റ് ഉണ്ടെന്നും ക്രിസ്റ്റ്യാനോ പറഞ്ഞു. താന്‍ ഇതുവരെ കളിച്ചതില്‍ ഏറ്റവും മികച്ച ടീമാണ് യുവന്റസെന്നും താരം പറഞ്ഞു. അതേസമയം, താന്‍ ബാലന്‍ ദി ഓർ നേടാന്‍ അർഹനായിരുന്നുവെന്നും എന്നാല്‍ മോഡ്രിച്ച് നേടിയതില്‍ സന്തോഷമുണ്ടെന്നും തനിക്ക് ലഭിക്കാത്തതില്‍ വിഷമില്ലെന്നും ക്രിസ്റ്റ്യാനോ പറഞ്ഞു. മോഡ്രിച്ച് നേട്ടം അർഹിച്ചതു തന്നെയാണെന്നും താരം കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook