ബംഗളൂരു: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഭാഗ്യതാരമാണ് യുവരാജ് സിങ്. ഐസിസി ഏകദിന ലോകകപ്പും, ഐസിസി ട്വന്റി-20 ലോകകപ്പും, ഐസിസി ചാമ്പ്യൻസ് ട്രോഫി കിരീടവും സ്വന്തമാക്കുന്ന അപൂർവ്വ താരങ്ങളിൽ ഒരാളാണ് ആരാധകരുടെ പ്രിയ താരമായ യുവി. മുപ്പത്തിയാറാം വയസ്സിലും ക്രിക്കറ്റിൽ സജീവമായിരിക്കുന്ന താരം ഒരിക്കൽക്കൂടി ദേശീയ ടീമിലേക്ക് തിരികെ എത്താനുളള കഠിന്വാധനത്തിലാണ്.

ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും സജീവമാകാൻ തയ്യാറെടുക്കുന്ന യുവരാജ് തന്റെ ഭാവിയെപ്പറ്റി സംസാരിക്കുകയാണ്. വിരമിക്കലിന് ശേഷം താൻ എന്ത് ചെയ്യുമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ആരാധകർക്ക് സന്തോഷം നൽകുന്ന മറുപടിയാണ് യുവി നൽകിയത്. പാഡഴച്ചിതിന് ശേഷം ഒരു പരിശീലകനാവനാണ് താൻ ആഗ്രഹിക്കുന്നതെന്ന് യുവരാജ് സിങ് ഒരു അഭിമുഖത്തിൽ പറഞ്ഞു.

കഴിവുളള പാവപ്പെട്ട താരങ്ങളെ കണ്ടെത്തി അവർക്ക് പരിശീലനം നൽകുകയാവും തന്റെ പ്രഥമ പരിഗണനയെന്ന് താരം പറയുന്നു. അവരുടെ കായിക വിദ്യാഭ്യാസത്തിന് തന്നാൽ കഴിയുന്നത് ചെയ്യുമെന്നും അവരുടെ പഠന ചിലവുകൾ താൻ തന്നെ വഹിക്കുമെന്നും യുവരാജ് കൂട്ടിച്ചേർത്തു.

ക്യാൻസർ രോഗികളെ സഹായിക്കുന്നതിനായി ആരംഭിച്ച YouWeCaN എന്ന സംരംഭത്തിന്റെ പ്രവർത്തനത്തിലും സജീവമാകുമെന്നും അദ്ദേഹം പറഞ്ഞു. ക്യാൻസർ രോഗംബാധിച്ചവർക്ക് മാനസീകമായുളള കരുത്ത് നൽകുകയാണ് പ്രധാനമെന്ന് തന്റെ ജീവിതകഥ അതിന് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രിക്കറ്റ് ജീവിതം താൻ ആസ്വദിച്ച് കൊണ്ടിരിക്കുകയാണെന്നും ദേശീയ കുപ്പായത്തിലേക്ക് മടങ്ങി വരാനുളള ഒരുക്കത്തിലാണ് താൻ എന്നും അദ്ദേഹം പറഞ്ഞു. രണ്ടോ മൂന്നോ ഐപിഎൽ സീസൺ കളിക്കാനുളള കായികക്ഷമതയും കരുത്തും തനിക്കുണ്ടെന്നും യുവരാജ് സിങ് വ്യക്തമാക്കി.

ഇന്ത്യക്കായി 304 ഏകദിന മത്സങ്ങളും,40 ടെസ്റ്റ് മത്സരങ്ങളും, 58 ട്വന്റി-20 മത്സരങ്ങളും യുവരാജ് കളിച്ചിട്ടുണ്ട്. ഐപിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിന് വേണ്ടിയാണ് യുവരാജ് കളിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook