ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനെ പിന്നീട് പ്രഖ്യാപിക്കുമെന്ന് ബിസിസിഐ ക്രിക്കറ്റ് ഉപദേശക സമിതി അംഗം സൗരവ് ഗാംഗുലി. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുമായി ചർച്ച ചെയ്തശേഷമാകും ഈ കാര്യത്തിൽ അന്തിമ പ്രഖ്യാപനമുണ്ടാകുകയെന്ന് ഗാംഗുലി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
പരിശീലകനെ തെരഞ്ഞെടുക്കുന്നതിനായുള്ള അഭിമുഖത്തിനുശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഗാംഗുലിയെ കൂടാതെ സച്ചിനും ലക്ഷ്മണും ആണ് ഉപദേശകസമിതിയിലുള്ളത്. പരിശീലകനെ തെരഞ്ഞെടുക്കുന്നതിന് ഇന്ത്യന്‍ നായകനുമായി ചര്‍ച്ച ചെയ്യേണ്ട സാഹചര്യം എന്താണെന്നതിനെ കുറിച്ച് ഉപദേശകസമിതി വ്യക്തമാക്കിയില്ല.
വീരേന്ദർ സേവാഗ്, രവി ശാസ്ത്രി, ടോം മൂഡി, റിച്ചാർഡ് പൈബസ് തുടങ്ങിയവര്‍ അടക്കം പത്ത് പേരാണ് ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേയ്ക്ക് അപേക്ഷ നൽകിയത്.