കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് ടീം ഹെഡ് കോച്ച് സ്ഥാനത്തേക്കുളള അഭിമുഖം ഈ മാസം പത്തിന് നടക്കുമെന്ന് ബിസിസിഐ ഉപദേശക സമിതിയംഗം സൗരവ് ഗാംഗുലി. കൊൽക്കത്തയിലെ ഈഡൻ ഗാർഡനിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

“ഹെഡ് കോച്ചിനായുള്ള അഭിമുഖം ജൂലൈ പത്തിന് മുംബൈയിൽ നടക്കും” എന്ന് സൗരവ് ഗാംഗുലി പറഞ്ഞു. ചാംപ്യൻസ് ട്രോഫി കഴിഞ്ഞ ഉടനെ തന്റെ ഒരു വർഷത്തെ കരാർ കാലാവധി പൂർത്തിയാക്കി അനിൽ കുംബ്ലെ ഹെഡ് കോച്ച് സ്ഥാനം രാജിവച്ചിരുന്നു. ഇതേ തുടർന്നാണ് ഹെഡ് കോച്ച് സ്ഥാനത്തേക്ക് അപേക്ഷകൾ ക്ഷണിച്ചത്.

ബിസിസിഐ യിലെ ഉന്നത ഉദ്യോഗസ്ഥരിൽ ഒരാളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം തന്നെ ഹെഡ് കോച്ച് സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയ്യതി ജൂലൈ 9 ആണ്. ടോം മൂഡി, ലാൽ ചന്ദ് രജ്‌പുത്, റിച്ചാർഡ് പൈബസ്, ഡി.ഗണേഷ്, എന്നിവർക്ക് പുറമേ വീരേന്ദർ സെവാഗ്, വെങ്കിടേഷ് പ്രസാദ്, രവി ശാസ്ത്രി എന്നിവരും ടീം കോച്ച് സ്ഥാനത്തേക്ക് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിയുമായി അസ്വാരസ്യത്തിലാണ് ഇന്ത്യൻ ഹെഡ് കോച്ച് അനിൽ കുംബ്ലെയെന്ന് വാർത്തകൾ പരക്കുന്നതിനിടെയായിരുന്നു അനിൽ കുംബ്ലെ സ്ഥാനം രാജിവച്ചത്. ചാംപ്യൻസ് ട്രോഫി കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമായിരുന്നു ഈ തിരുമാനം. വിരാട് കോഹ്ലിക്ക് താൻ ഹെഡ് കോച്ചായി തുടരുന്നതിൽ ബുദ്ധിമുട്ടുകളുണ്ടെന്ന് വ്യക്തമാക്കിയിട്ടുള്ളതായി പിന്നീട് അനിൽ കുംബ്ലെ തന്നെ വ്യക്തമാക്കിയിരുന്നു.

രവി ശാസ്ത്രിക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിയും മറ്റ് ടീം അംഗങ്ങളുമായും നല്ല ബന്ധമാണുള്ളതെന്നാണ് വിലയിരുത്തൽ. 2016 ൽ അനിൽ കുംബ്ലെയെ കോച്ചായി തിരഞ്ഞെടുക്കും മുൻപ് രവി ശാസ്ത്രിയെ നിയമിക്കണമെന്ന താത്പര്യം വിരാട് കോഹ്ലി പങ്കുവച്ചിരുന്നു. ബിസിസിഐയുടെ ഉപദേശക സമിതി അംഗങ്ങളായ മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി, സച്ചിൻ ടെണ്ടുൽക്കർ, വിവിഎസ് ലക്ഷ്മൺ എന്നിവരോടായിരുന്നു ഈ ആവശ്യം പറഞ്ഞത്. എന്നാൽ ഉപദേശക സമിതി ഈ ആവശ്യം തള്ളി കുംബ്ലെയെ നിയമിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ