തിരുവനന്തപുരം: ലോക ബാഡ്മിന്റൺ ചാംപ്യൻഷിപ്പിലെ വിജയി പി.വി.സിന്ധുവിനെ ആദരിച്ച് കേരളം.  സംസ്ഥാന കായികവകുപ്പും കേരളാ ഒളിംപി‌ക്‌സ് അസോസിയേഷനും സംയുക്തമായി സിന്ധുവിന് ഒരുക്കിയ സ്വീകരണം തിരുവനന്തപുരം ജിമ്മി ജോര്‍ജ്ജ് സ്റ്റേഡിയത്തില്‍ നടന്നു. മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്‌തു.

പി.വി.സിന്ധു ഇന്ത്യയുടെ അഭിമാനമാണെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ലോക ചാംപ്യന്‍ഷിപ്പ് നേട്ടം പി.വി.സിന്ധുവിനെ കുറിച്ച് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതാണ്. ആ പ്രതീക്ഷകളെല്ലാം കാത്തുസൂക്ഷിക്കാന്‍ സിന്ധുവിന് സാധിക്കുമെന്ന് ഉറപ്പുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ചരിത്രനേട്ടം സ്വന്തമാക്കിയ സിന്ധുവിന് എല്ലാവിധ ആശംസകളും നേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

“നേരത്തെ രണ്ട് ഫൈനലുകളില്‍ പരാജയപ്പെട്ടപ്പോള്‍ സിന്ധുവിന് നിരവധി വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നു. എന്നാല്‍, ആത്മവിശ്വാസം കൈവിടാതെ സിന്ധു പോരാടി. വിമര്‍ശനങ്ങളെ പോലും ഇന്ധനമാക്കിയാണ് സിന്ധു കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിച്ചത്. പോരാട്ട വീര്യത്തിന്റെ മറുപേരാണ് സിന്ധു. അതിശയിപ്പിക്കുന്ന പ്രകടനമാണ് സിന്ധു ലോക ചാംപ്യന്‍ഷിപ്പില്‍ നടത്തിയത്. കഠിനാധ്വാനത്തിന്റെ പ്രതിഫലമാണ് സിന്ധുവിന് ലഭിച്ച ലോകകിരീടം. ഇതിലൂടെ ഇന്ത്യയുടെ ഏറ്റവും പ്രതീക്ഷയുള്ള കായികതാരമായി സിന്ധു മാറിയിരിക്കുകയാണ്” പിണറായി വിജയന്‍ പറഞ്ഞു.

Read Also: അഭിമാനമാണ് സിന്ധു; അഭിനന്ദിച്ച് പിണറായി വിജയന്‍

ചടങ്ങില്‍ സിന്ധുവിന് കേരളത്തിന്റെ ആദര സൂചകമായുള്ള പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു. കേരളത്തിന്റെ ആദരത്തിന് സിന്ധു നന്ദി രേഖപ്പെടുത്തി. ടോക്കിയോ ഒളിംപിക്‌സിൽ സ്വർണം നേടുകയാണ് തന്റെ അടുത്ത ലക്ഷ്യമെന്നും സിന്ധു പറഞ്ഞു.

ഓഗസ്റ്റില്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ നടന്ന ബാഡ്‍മിന്റൺ ലോക ചാംപ്യൻഷിപ്പിലാണ് സിന്ധു കിരീടം നേടിയത്. ബാഡ്‍മിന്റൺ ലോക ചാമ്പ്യന്‍ഷിപ്പില്‍ വിജയിയാകുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സിന്ധു. ഫൈനലില്‍ ജാപ്പനീസ് താരം നസോമി ഒകുഹാരയെ കീഴടക്കിയാണ് സിന്ധു ചരിത്രനേട്ടം സ്വന്തമാക്കിയത്. നേരിട്ടുള്ള ഗെയിമുകള്‍ക്ക് 21-7, 21- 7 എന്ന സ്‌കോറിനായിരുന്നു ജയം.

ഫൊട്ടോ: പിആർഡി

ഫൊട്ടോ: പിആർഡി

ഫൊട്ടോ: പിആർഡി

ഫൊട്ടോ: പിആർഡി

Read Also: ആ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ വിജയം: പി.വി.സിന്ധു

ലോക ചാംപ്യൻഷിപ്പിൽ സിന്ധുവിന്റെ അഞ്ചാമത്തെ മെഡലായിരുന്നു ഇത്. കഴിഞ്ഞ രണ്ടുതവണയും വെള്ളിമെഡല്‍ നേടിയ സിന്ധു രണ്ട് വെങ്കലവും നേടിയിട്ടുണ്ട്. 2106-ലെ റിയോ ഒളിമ്പിക്സില്‍ വെള്ളി നേടിയ സിന്ധു കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും വെള്ളി നേടിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook