ക്ലബ്ബ് ലോകകപ്പിൽ ഇന്ന് കലാശപോരാട്ടം. സ്‍പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡും യുഎഇ ക്ലബ്ബായ അൽ അയിനുമാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. ക്ലബ്ബ് ലോകകപ്പിലെ ഹാട്രിക് കിരീടമാണ് റയൽ ലക്ഷ്യമിടുന്നത്. ഇന്ത്യൻ സമയം രാത്രി പത്ത് മണിക്കാണ് മത്സരം.

ജപ്പാനിൽ നിന്നുള്ള കശിമ അന്രലേഴ്സിനെ സെമിയിൽ കീഴ്പ്പെടുത്തിയാണ് റയൽ കിരീട പോരാട്ടത്തിന് യോഗ്യത നേടിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു റയലിന്റെ ജയം. സൂപ്പർ താരം ഗ്യാരത്ത് ബെയ്‍ലിന്റെ ഹാട്രിക് മികവിലായിരുന്നു റയലിന്റെ വിജയം.

ഫിഫ ക്ലബ്ബ് ലോകകപ്പിലെ ഹാട്രിക് കിരീടമാണ് റയൽ ലക്ഷ്യമിടുന്നത്. 2014ൽ ആദ്യ ലോകകപ്പ് ജയിച്ച റയലിന് എന്നാൽ അടുത്ത വർഷം കിരീടം നിലനിർത്താനായില്ല. ബാഴ്സയായിരുന്നു അന്ന് കിരീടമുയർത്തിയത്.

2016ൽ കശിമ അന്രലേഴ്സിനെ തന്നെ ഫൈനലിൽ തോൽപ്പിച്ച് കിരീടമണിഞ്ഞിരുന്നു. 2017ൽ ബ്രസീലിൽ നിന്നുള്ള ഗ്രീമിയോയെ പരാജയപ്പെടുത്തിയായിരുന്നു കിരീട നേട്ടം. ഇത്തവണ ജയിക്കാനായാൽ ഹാട്രിക് കിരീടമെന്ന നേട്ടമാണ് റയലിനെ കാത്തിരിക്കുന്നത്.