അബുദാബി: ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ജപ്പാൻ ഫൈനലിൽ പ്രവേശിച്ചു. ഇറാനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ജപ്പാന്റെ ഫൈനൽ പ്രവേശനം. യുയ ഒസാക്കയുടെ ഇരട്ടഗോൾ മികവിലായിരുന്നു ജപ്പാന്റെ വിജയം. തങ്ങളുടെ അഞ്ചാം ഏഷ്യൻ കപ്പ് കിരീടത്തിലേക്ക് ജപ്പാന് ഇനി ഒരു വിജയം മാത്രം മുന്നിൽ.
ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ശക്തമായ തിരിച്ചുവരവാണ് ജപ്പാൻ നടത്തിയത്. ഇറാൻ പരുക്കൻ അടവുകളിലേക്ക് നീങ്ങിയപ്പോൾ ടെക്നിക്കൽ മികവാണ് ജപ്പാന് തുണയായത്.
56-ാം മിനിറ്റിൽ യുയ ഒസാക്കോ ആദ്യ ഗോൾ നേടി ജപ്പാനെ മുന്നിലെത്തിച്ചു. 67-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയും മുതലാക്കാൻ ഒസാക്കോയ്ക്ക് സാധിച്ചതോടെ ലീഡ് ഇരട്ടിയായി. കളിയുടെ അധിക സമയത്ത് ജെങ്കി ഹറഗുച്ചി ഗോൾ പട്ടിക പൂർത്തിയാക്കി. 91-ാം മിനിറ്റിലായിരുന്നു താരത്തിന്റെ ഗോൾ.
ഖത്തര്‍- യുഎഇ സെമിയിലെ വിജയികളാണ് ഫൈനലില്‍ ജപ്പാന്റെ എതിരാളികൾ. 2011ന് ശേഷം തങ്ങളുടെ ആദ്യ ഏഷ്യൻ കപ്പ് കിരീടമാണ് ജപ്പാനെ കാത്തിരിക്കുന്നത്. 1992 ലാണ് ജപ്പാൻ ആദ്യമായി ഏഷ്യൻ കപ്പ് സ്വന്തമാക്കിയത്. 2000ലും 2004ലും ജപ്പാൻ തന്നെയായിരുന്നു ജേതാക്കൾ.