പൂനെ: കരുത്തരായ പൂനെ സിറ്റി​ എഫ്സിയെ തറപറ്റിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ആവേശപോരാട്ടത്തിൽ മത്സരത്തിന്റെ അവസാന മിനുറ്റിൽ മലയാളി താരം സി.കെ വിനീത് നേടിയ ഗോളിലൂടെയാണ് ബ്ലാസ്റ്റേഴ്സ് വിജയം ആഘോഷിച്ചത്. 1 എതിരെ 2 ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം. ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് പ്ലെഓഫ് സാധ്യതകൾ നിലനിർത്തി.

ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 67 മിനുറ്റിലാണ് മത്സരത്തിലെ ആദ്യ ഗോൾ പിറന്നത്. മധ്യനിരതാരം ജാക്കിചന്ദ് സിങിന്റെ തകർപ്പൻ ലോങ് റെയ്ഞ്ചർ പൂനെയുടെ വലതുളയ്ക്കുകയായിരുന്നു. ബോകിസിന് പുറത്ത് നിന്ന് ജാക്കി തൊടുത്ത ഷോട്ട് ഗോൾകീപ്പറെ കാഴ്ചക്കാരനാക്കിയാണ് വലയിൽ പതിച്ചത്.

എന്നാൽ 10 മിനുറ്റിനകം പൂനെ ഒപ്പമെത്തി. റഫറിയുടെ തെറ്റായ തീരുമാനത്തിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി എമില്യാനോ അൽഫാരോയാണ് പൂനെയുടെ സമനില ഗോൾ നേടിയത്. 77ആം മിനുറ്റിൽ അൽഫാരോയെ ബോക്സിൽ കേരള ഗോൾകീപ്പർ സുഭാഷിഷ് റോയ് വീഴ്ത്തിയെന്ന് നിരീക്ഷിച്ച റഫറി പൂനെയ്ക്ക് പെനാൽറ്റി അനുവദിക്കുകയായിരുന്നു. എന്നാൽ എമില്യാനോ അൽഫാറോ ഡൈവ് ചെയ്തതാണെന്ന് റീപ്ലെകളിൽ വ്യക്തമായിരുന്നു. കിക്കെടുത്ത അൽഫാരോ ഗോൾ നേടുകയും ചെയ്തതോടെ പൂനെ ഒപ്പമെത്തി.

മത്സരം സമനിലയിലേക്ക് നീങ്ങുകയാണെന്ന് തോന്നിച്ച ഘട്ടത്തിലാണ് രക്ഷകനായി സി.കെ വിനീത് അവതരിച്ചത്. ഇഞ്ചുറി ടൈമിൽ വിനീത് തൊടുത്ത ഇടങ്കാലൻ ലോങ് റെയ്ഞ്ചർ പൂനെയുടെ വലയിൽ തുളച്ച് കയറുകയായിരുന്നു. സീസണിലെ ഏറ്റവും മികച്ച ഗോളുകളിൽ ഒന്നായിരുന്നു സി.കെ വിനീതിന്റെ കാലിൽ നിന്ന് പിറന്നത്.

ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തേക്ക് എത്തി. 14 മത്സരങ്ങളിൽ നിന്ന് 20 പോയിന്റാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ