കോഴിക്കോട്: ഐഎസ്എല്‍ ഡ്രാഫ്റ്റില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയ റിനോ ആന്റോയെ ടീമിലേക്ക് സ്വാഗതം ചെയ്ത് സഹതാരം സികെ വിനീത്. നേരത്തെ ബ്ലാസ്‌റ്റേഴ്‌സ് വിനീതിനെ നിലനിര്‍ത്തിയപ്പോള്‍ റിനോയെ ഡ്രാഫ്റ്റിലേക്ക് വിടുകയായിരുന്നു. ഡ്രാഫ്റ്റില്‍ പ്രതീക്ഷിച്ചതു പോലെത്തന്നെ കേരള ടീം മലയാളി പ്രതിരോധ താരത്തെ സ്വന്തമാക്കി. ആവേശത്തോടെയാണ് വിനീത് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

‘എന്റെ ചങ്ക് വീട്ടിലേക്ക് വരുന്നു, ഐഎസ്എല്‍ നാലാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം റിനോയുമുണ്ടാകുന്നത് ഏറെ സന്തോഷം നല്‍കുന്നതാണ്.’ വിനീത് ട്വിറ്ററില്‍ കുറിച്ചു.

63 ലക്ഷം രൂപയ്ക്കാണ്‌ ബ്ലാസ്റ്റേഴ്‌സ് റിനോയെ വിളിച്ചെടുത്തത്. അതോടൊപ്പം ഐ-ലീഗ് ചാമ്പ്യന്‍മാരായ ഐസ്വാള്‍ എഫ്.സിയുടെ യുവതാരം ലാല്‍റുതാരയും ബ്ലാസ്റ്റേഴ്‌സില്‍ കളിക്കും. 25 ലക്ഷം രൂപയ്ക്കാണ്‌ ലാല്‍റുതാരയെ ബ്ലാസ്റ്റേഴ്‌സ് തട്ടകത്തിലെത്തിച്ചത്. നിലവില്‍ ഇന്ത്യന്‍ അണ്ടര്‍-23 ടീമിന്റെ ക്യാപ്റ്റനായ ലാല്‍റുതാര ഐസ്വാളിന് വേണ്ടി 27 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

സികെ വിനീതിനൊപ്പം ബ്ലാസ്റ്റേഴ്‌സ് നിലനിര്‍ത്തിയ മറ്റൊരു താരം സന്ദേശ് ജിങ്കനാണ്. ഇതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധത്തില്‍ ശക്തരായ റിനോയും ജിങ്കനുമാകും അണിനിരക്കുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ