കൊച്ചി : മുപ്പതോളം മത്സരങ്ങളില്‍ നിന്നും ഒമ്പത് ഗോളുകള്‍, രണ്ട് അസിസ്റ്റ്. ടീം തകര്‍ച്ച നേരിടുന്ന സാഹചര്യങ്ങളില്‍ പകരക്കാരനായ് ഇറങ്ങിയും അധികസമയത്തില്‍ വിജയം കുറിച്ചും ടീം തകരുന്നയിടത്ത് ആരാധകര്‍ക്ക് പ്രതീക്ഷ പകര്‍ന്ന ബൂട്ടുകള്‍. സമ്മര്‍ദ്ദങ്ങളില്‍ വീര്‍പ്പുമുട്ടിയ ഘട്ടങ്ങളില്‍ സൂപ്പര്‍ താരങ്ങള്‍ പോലും ഗോള്‍ നേടാതിരുന്നപ്പോള്‍ ആത്മവിശ്വാസം വീണ്ടെടുത്ത ക്ലിനിക്കല്‍ ഫിനിഷുകള്‍. കേരളാ ബ്ലാസ്റ്റേ‌ഴ്സെന്ന ടീമിലെ മറ്റൊരു താരത്തിനും നല്‍കാന്‍ കഴിയാത്ത സംഭാവനകളാണ് സികെ വിനീത് എന്ന ഇരുപത്തിയൊമ്പതുകാരന്‍ കഴിഞ്ഞ രണ്ട് സീസണുകളിലായ് നല്‍കി പോന്നത്.

എന്നാല്‍ ആരാധകര്‍ക്ക് ഒട്ടും സന്തോഷം പകരുന്ന വാര്‍ത്തകളല്ല കഴിഞ്ഞ കുറച്ച് ദിവസങ്ങളായ് കേരളാ ബ്ലാസ്റ്റേ‌ഴ്സ് ക്യാമ്പില്‍ നിന്നും വരുന്നത്. കണ്ണൂര്‍ക്കാരനായ താരവും ക്ലബ്ബും വഴിപിരിയാന്‍ ധാരണയായി എന്നാണ് ദ് ഗോള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. താരവുമായ് കരാര്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ച കേരളാ ബ്ലാസ്റ്റേ‌ഴ്സ് ട്രാന്‍സ്ഫര്‍ ഫീസ്‌ ഒന്നും ഇല്ലാതെ തന്നെ മറ്റ് ക്ലബ്ബുകള്‍ക്ക് താരത്തിനെ വിട്ടുനല്‍കാന്‍ തീരുമാനിച്ചു എന്നായിരുന്നു റിപ്പോര്‍ട്ട്.

2017ല്‍ സീസണില്‍ ഒരു കോടി രൂപ വീതം നല്‍കാം എന്ന കരാറിലാണ് സി കെ വിനീതിനെ ബ്ലാസ്റ്റേ‌ഴ്സ് സ്വന്തമാക്കിയത്. 2018-19 സീസണ്‍ വരെയായിരുന്നു കരാര്‍. ട്രാന്‍സ്ഫര്‍ തുക ഇല്ലാതെ വിട്ടു നല്‍കുന്നു എന്ന് പറയുമ്പോള്‍ നിശ്ചിത കരാര്‍ തുകയ്ക്ക് മറ്റ് ക്ലബ്ബുകള്‍ക്ക് വിനീതിനെ വാങ്ങാം. കരാര്‍ സമയം തീരുന്നതിന് മുന്‍പ് നഷ്ടം ഒന്നും ഈടാകാതെ തന്നെ താരത്തെ റിലീസ് ചെയ്യാന്‍ ബ്ലാസ്റ്റേഴ്സ് താത്പര്യപ്പെടുന്നു എന്ന്‍. ബ്ലാസ്റ്റേ‌ഴ്സ് ആരാധകരുടെ രോഷത്തിന് വകവെച്ചിരിക്കുകയാണ് ഈ അഭ്യൂഹങ്ങള്‍.

അഭ്യൂഹങ്ങള്‍ ശക്തമായ് തുടരുമ്പോഴും വിനീതിന്‍റെ ക്ലബ് മാറ്റം സ്ഥിരീകരിക്കുന്ന ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. അഭ്യൂഹങ്ങളും പ്രതിഷേധവും തുടരുന്നതിനിടെ ബ്ലാസ്റ്റേ‌ഴ്സ് ആരാധക സംഘമായ മഞ്ഞപ്പടയും പ്രതികരിക്കുകയുണ്ടായി. സ്ഥിരീകരണം വരട്ടെ എന്നായിരുന്നു ഒഫീഷ്യല്‍ പേജിലൂടെ മഞ്ഞപ്പട അറിയിച്ചത്. അതേസമയം താരത്തിന്‍റെ മുന്‍ ക്ലബ്ബായ ബെംഗളൂരു എഫ്‌സിയുടെ ഒരു കൂട്ടം ആരാധകര്‍ വിനീതിനെ മടക്കികൊണ്ടുവരണം എന്ന വാദവുമായ് രംഗത്തുണ്ട്.

ബെംഗളൂരു എഫ്‌സിക്ക് വേണ്ടി എണ്‍പതിന് മുകളില്‍ മത്സരങ്ങള്‍ കളിച്ച താരം ഇരുപത്തിയൊന്ന് ഗോളുകളും നേടിയിട്ടുണ്ട്. ആദ്യ രണ്ട് സീസണുകളില്‍ വിനീത് ബ്ലാസ്റ്റേ‌ഴ്സിള്‍ കളിച്ചത് ലോണ്‍ അടിസ്ഥാനത്തിലായിരുന്നു. ഐഎസ്എല്ലില്‍ അരങ്ങേറ്റം കുറിക്കുന്നതിന്റെ ഭാഗമായ് രണ്ട് താരങ്ങളെ മാത്രമേ ടീമില്‍ നിലനിര്‍ത്താവൂ എന്ന നിയമമാണ് ബെംഗളൂരുവിന് വിനീതിനെ നഷ്ടപ്പെടുത്തിയത്. നായകന്‍ സുനില്‍ ഛേത്രിയേയും ഉദാന്താ സിങ്ങിനേയും നിലനിര്‍ത്താനായിരുന്നു ബിഎഫ്സിയുടെ തീരുമാനം.

ബ്ലാസ്റ്റേ‌ഴ്സ് കരാര്‍ അവസാനിക്കുകയാണ് എങ്കില്‍ വിനീത് ബെംഗളൂരുവിലേക്ക് മടങ്ങിപോകുവാനുള്ള സാധ്യതയും ഉണ്ട്. അങ്ങനെയാണ് എങ്കില്‍ എഎഫ്സി കപ്പ്‌ പോലുള്ള മത്സരങ്ങളില്‍ മാറ്റുരക്കാനുള്ള അവസരവും താരത്തിന് വന്ന് ചേരും. ബ്ലാസ്റ്റേ‌ഴ്സ് മാനേജ്മെന്‍റ് എടുക്കുന്ന തീരുമാനമാണ് ഇനി താരത്തിന് നിര്‍ണായകമാവുക. ആരാധകരുടെ എതിര്‍പ്പ് പിടിച്ചുപറ്റുന്ന തീരുമാനവുമായ് കേരളാ ബ്ലാസ്റ്റേ‌ഴ്സ് മാനേജ്മെന്റ് മുന്നോട്ട് പോകുമോ എന്ന ചോദ്യത്തിലാണ് ആരാധകരും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ