കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ സന്ദേശ് ജിങ്കനെതിരെ മുൻ കോച്ച് റെനെ മ്യുലൻസ്റ്റീൻ ഉന്നയിച്ച ആരോപണങ്ങളെ തളളി സി.കെ.വിനീതും റിനോ ആന്റോയും. ഇന്നലെ എഫ്സി ഗോവയുമായുള്ള മൽസരത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ചപ്പോഴാണ് ഇരുവരും തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

“ഒരു കോച്ചിനെതിരെ പറയാനൊന്നും ഞാൻ വളർന്നിട്ടില്ല. എന്നാലും ഈ വിഷയത്തിൽ ഞങ്ങൾ സന്ദേശിനൊപ്പമാണ്. സന്ദേശ് അങ്ങിനെയൊരാളല്ല. നാല് മണി വരെ മദ്യപിച്ച് മുറിയിലേക്ക് വരുന്നയാളല്ല അദ്ദേഹം. അത്തരത്തിലേതെങ്കിലും പ്രശ്നം ബ്ലാസ്റ്റേർസിൽ ഉണ്ടായിട്ടില്ല”, സി.കെ.വിനീത് പ്രതികരിച്ചു.

ഇന്നലെ എഫ്സി ഗോവയ്ക്ക് എതിരായ രണ്ടാം മൽസരത്തിൽ ഗോൾ നേടിയ ശേഷം റെനെ മ്യുലൻസ്റ്റീന് പരിഹസിച്ച് കൊണ്ടുളള സി.കെ.വിനീതിന്റെയും റിനോ ആന്റോയുടെയും ആഘോഷവും സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഔദ്യോഗിക പേജിൽ ഈ വീഡിയോ പങ്കുവച്ചു.

രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്ക് ഗോവയുമായുള്ള മൽസരം തോറ്റിട്ടും ജിങ്കന്‍ നൈറ്റ് പാര്‍ട്ടിയില്‍ പോയി ആഘോഷിക്കുകയായിരുന്നുവെന്നാണ് മുൻ കോച്ച് റെനെ മ്യുലൻസ്റ്റീൻ ഗോൾ ഡോട് കോമിന് നൽകിയ അഭിമുഖത്തിൽ ആരോപിച്ചത്.

ഇതിന് പുറമേ ബെംഗളൂരുവിനെതിരായ മൽസരത്തിൽ മനഃപൂർവ്വം തോറ്റുകൊടുക്കുകയായിരുന്നു ജിങ്കനെന്നും റെനെ ഉന്നയിച്ച ആരോപണങ്ങളിൽ ഉണ്ടായിരുന്നു. “ബെംഗളുരുവിനെതിരെയുള്ള മൽസരം വിജയിക്കാന്‍ അവര്‍ക്ക് താല്‍പ്പര്യമില്ലായിരുന്നു. അത് ആ പെനാല്‍ട്ടിയിലൂടെ വ്യക്തമായി. മനഃപൂര്‍വ്വം പന്ത് കൈ കൊണ്ട് തൊട്ടതിന് യാതൊരു ന്യായീകരണവുമില്ല. മൂന്നാമത്തെ ഗോള്‍ നേടാന്‍ ജിങ്കന്‍ മിക്കുവിനെ അനുവദിച്ചു”, റെനെ പറഞ്ഞു.

ഇത് പ്രൊഫഷണലിസമാണോയെന്നും ഒരു നല്ല ക്യാപ്റ്റനും ഫുട്ബോളറും ഇങ്ങിനെ പെരുമാറുമോയെന്നും അദ്ദേഹം അഭിമുഖത്തിൽ ചോദിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ