ന്യൂഡൽഹി: ഒരിടവേളയ്ക്ക് ശേഷം മലയാളി താരം സി.കെ വിനീത് ഇന്ത്യൻ ക്യാമ്പിൽ തിരിച്ചെത്തി. അടുത്ത മാസം മകാവോയ്ക്ക് എതിരായുള്ള മത്സരത്തിനുള്ള സാധ്യതാ ടീമിലേക്കാണ് സി.കെ വിനീതിനെ തിരിച്ച് വിളിച്ചിരിക്കുന്നത്. 28 താരങ്ങൾ അടങ്ങുന്ന സംഘത്തിൽ മലയാളിയായ അനസ് എടത്തൊടികയും ഇടംപിടിച്ചിട്ടുണ്ട്. 28 അംഗ ടീമിൽ 11 പേരും ഇന്ത്യൻ അണ്ടർ 23 ടീമിൽ നിന്ന് ഉള്ളവരാണ്

ഈ മാസം അവസാനത്തോടെയായിരിക്കും ഇന്ത്യൻ ക്യാമ്പ് ആരംഭിക്കുന്നത്. പ്രമുഖ മുന്നേറ്റനിരക്കാരൻ റോബിൻ സിങ്ങിന് പകരക്കാരനായാണ് സി.കെ വിനീതിനെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അടുത്തിടെ നടന്ന മത്സരങ്ങളിൽ എല്ലാം ഇന്ത്യൻ ടീമിലെ സ്ഥിരാംഗമായിരുന്നു റോബിൻ സിങ്.

കഴിഞ്ഞ ഏഷ്യാകപ്പ് യോഗ്യതാ മത്സരത്തിനും അതിനു മുമ്പ് മുംബൈയിൽ വെച്ചു നടന്ന ത്രിരാഷ്ട്ര ടൂർണമെന്റിലും സി കെ വിനീതിനെ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇതിനെതിരെ വ്യാപകമായ പ്രതിഷേധ ഇന്ത്യൻ ഫുട്ബോൾ ആരാധകർക്കിടയിൽ ഉയർന്നത്. ഏഷ്യാ കപ്പ് യോഗ്യതാ റൗണ്ടിൽ മൂന്നിൽ മൂന്ന് മത്സരങ്ങളും വിജയിച്ച് ഇന്ത്യ ഇപ്പോൾ ഒന്നാമതാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ