കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ മുൻ താരം സി.കെ.വിനീതിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക ആരാധക സംഘമായ മഞ്ഞപ്പട രംഗത്ത്. തന്റെ കരിയർ അവസാനിപ്പിക്കാൻ അടക്കം മഞ്ഞപ്പടയിലെ ചിലർ ശ്രമിക്കുന്നുവെന്ന ആരോപണങ്ങളോടാണ് മഞ്ഞപ്പട പ്രതികരിച്ചത്.
കളിക്കാർക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങളെ പിന്തുണയ്ക്കില്ലെന്ന് മഞ്ഞപ്പട പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. തെളിവില്ലാത്ത ആരോപണം ഗ്രൂപ്പിലെ അംഗം സി.കെ.വിനീതിനെതിരെ പ്രചരിപ്പിച്ചതിൽ മഞ്ഞപ്പട ഖേദം പ്രകടിപ്പിച്ചു. വ്യക്തിക്ക് പറ്റിയ വീഴ്ചയുടെ പേരിൽ മഞ്ഞപ്പടയെ ഒന്നാകെ മോശമാക്കി ചിത്രീകരിക്കരുതെന്നും അവർ അഭ്യർത്ഥിച്ചു.
അതേസമയം, ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക ആരാധക സംഘമായ മഞ്ഞപ്പടയെ പിരിച്ചുവിടില്ലെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. കൊച്ചി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെ സി.കെ.വിനീത് ബോൾ ബോയിയോട് അപമര്യാദയായി പെരുമാറിയെന്നാണ് ഗ്രൂപ്പുകളിൽ പ്രചരിച്ചത്. എന്നാൽ അത്തരത്തിൽ ഒരു സംഭവം നടന്നിരുന്നില്ല. ഇതിനെതിരെ സി.കെ.വിനീത് പൊലീസിൽ പരാതിപ്പെടുകയും ചെയ്തിരുന്നു.
സി.കെ.വിനീതിനെ കുറ്റപ്പെടുത്തിക്കൊണ്ടുളള ശബ്ദസന്ദേശം പുറത്തുപോയത് തങ്ങളുടെ സോഷ്യൽ മീഡിയ ഗ്രൂപ്പിൽ നിന്നാണെന്ന് മഞ്ഞപ്പടയുടെ ഭാരവാഹികൾ പൊലീസിനോട് സമ്മതിച്ചിരുന്നു. മഞ്ഞപ്പടയുടെ എക്സിക്യുട്ടീവ് ഗ്രൂപ്പിലാണ് ശബ്ദസന്ദേശം ഉണ്ടായത്. അപകീർത്തികരമായി തനിക്കെതിരെ പുറത്തുവിട്ട സന്ദേശങ്ങളും പോസ്റ്റുകളും പിൻവലിക്കുകയാണെങ്കിൽ കേസ് പിൻവലിക്കാമെന്നാണ് വിനീത് സ്വീകരിച്ച നിലപാട്. ഇതോടെയാണ് മഞ്ഞപ്പട വാർത്താക്കുറിപ്പ് പുറത്തുവിട്ടത്.