തോൽവികളും സമനിലകളും കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരെ നിരാശരാക്കിയ ഘട്ടത്തിലാണ് ഇയാൻ ഹ്യൂം എന്ന പോരാളി ടീമിന് ഉജ്ജ്വല വിജയം നേടിക്കൊടുത്തത് ഡൽഹി ഡൈനാമോസിനെതിരെ നടന്ന മൽസരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനുവേണ്ടി മൂന്നു ഗോളുകളാണ് ഹ്യൂം അടിച്ചത്. മൽസരത്തിന്റെ 12, 17, 83-ാം മിനിറ്റുകളിലാണ് ഹ്യൂം വല ചലിപ്പിച്ചത്. ഹ്യൂമിന്റെ ഈ ഹാട്രിക്കിനു പിന്നിൽ ഒരു വെല്ലുവിളി കഥയുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സി.കെ.വിനീത്.

കേരള ബ്ലാസ്റ്റേഴ്സ് ടീം മാനേജർ ആന്റണി തോമസ് ഉയർത്തിയ ഒരു വെല്ലുവിളി ഏറ്റെടുത്താണ് ഇയാൻ ഹ്യൂം ഹാട്രിക് നേടിയത്. മൽസരത്തിനു മുൻപായി ഹ്യൂമിനെ ഹാട്രിക് അടിക്കാൻ ആന്റണി വെല്ലുവിളിച്ചു. ഹാട്രിക് അടിച്ചാല്‍ തന്റെ താടി വടിക്കുമെന്ന് ബെറ്റ് വയ്ക്കുകയും ചെയ്തു. ആന്റണിയുടെ വെല്ലുവിളി സധൈര്യം ഏറ്റെടുത്ത ഹ്യൂം മൂന്നുവട്ടം ഡൈനാമോസിന്റെ വല ചലിപ്പിച്ചു. ബെറ്റിൽ വിജയിക്കുകയും ചെയ്തു.

ബെറ്റിൽ ഹ്യൂം വിജയിച്ചതോടെ എട്ടിന്റെ പണികിട്ടിയത് ആന്റണിക്കായിരുന്നു. മൽസരശേഷം ആന്റണിയുടെ താടി ഹ്യൂം തന്നെ വടിക്കുകയും ചെയ്തു. ഹ്യൂമിന്റെ ഹാട്രിക്കിനു പിന്നിലെ വെല്ലുവിളി കഥ സോഷ്യൽ മീഡിയയിലൂടെയാണ് സി.കെ.വിനീത് വെളിപ്പെടുത്തിയത്. ഹ്യൂമും ആന്റണിയും ടീമിലെ മറ്റൊരു മലയാളിയായ റിനോയും ഒപ്പമുളള ചിത്രവും വിനീത് പങ്കുവച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ