കളിക്കളത്തിന് പുറത്തേക്ക് നീളുന്ന ഫുട്ബോൾ പ്രണയമാണ് സി.കെ.വിനീതെന്ന കളിക്കാരനെ കാൽപ്പന്ത് ലോകത്തെ താരാമാക്കിയത്. ലോകമാകെ കറങ്ങിത്തിരിയുന്ന കാൽപ്പന്തിനേക്കാൾ മൂല്യമേറിയ മറ്റൊന്നുമുണ്ടെന്ന വിശ്വാസഗതിക്കാരനുമല്ല സി.കെ.വിനീത്. അതുകൊണ്ട് തന്നെയാണ് മകൻ ജനിച്ചപ്പോൾ അവൻ മതമില്ലാതെ വളരുമെന്ന പ്രഖ്യാപനവും താരം നടത്തിയത്. ഇതായിപ്പോൾ അതേ മകന്റെ പേരിലും തന്റെ ഫുട്ബോൾ പ്രണയം ഒളിപ്പിച്ചുവച്ചിരിക്കുകയാണ് കേരളക്കരയിലെ മൂല്യമേറിയ ഫുട്ബോൾ താരം.

ഏദൻ സ്റ്റീവ് എന്ന പേരാണ് മകന് വിനീത് നൽകിയിട്ടുളളത്. തന്റെ ഇഷ്ടതാരമായ സ്റ്റീഫൻ​ ജെറാൾഡിനോടുളള ഇഷ്ടമാണ് മകന്റെ പേരിന്റെ രണ്ടാം ഭാഗത്തിൽ വിനീത് കൂട്ടിച്ചേർത്തത്. സ്റ്റീഫൻ എന്ന പേരിനോട് സാമ്യമുളള സ്റ്റീവ് പേരിലെത്തിയത് ഇങ്ങിനെയാണ്. ജെറാൾഡിനോടുളള ആരാധനകൊണ്ട് തന്നെയാണ് ഈ പേര് തിരഞ്ഞെടുത്തതെന്നാണ് താരം പറയുന്നത്.

കഴിഞ്ഞ ഫെബ്രുവരി 23ന് ആണ് സി.കെ.വിനീതിന് ആൺകുഞ്ഞ് പിറന്നത്. കണ്ണൂര്‍ സ്വദേശിയായ ശരണ്യയാണ് വിനീതിന്റെ ഭാര്യ. തന്റെ മകനെ മതമില്ലാതെ വളർത്തുമെന്നുളള വിനിതീന്റെ തീരുമാനത്തെ കേരളം കൈയ്യടിയോടെയാണ് സ്വീകരിച്ചത്. പ്രായപൂർത്തിയാകുമ്പോൾ മകൻ അവന്റെ മതം തിരഞ്ഞെടുത്തോട്ടെയെന്നായിരുന്നു വിനീതിന്റെ നിലപാട്.

അതേസമയം, ബ്ലാസ്റ്റേഴ്‌സ് ടീമിലെ വിനീതിന്റെ സ്ഥാനത്തെ ചൊല്ലിയുള്ള ആശങ്കകള്‍ ഇപ്പോഴും വിട്ടുമാറിയിട്ടില്ല. താരവും ടീം അധികൃതരും തമ്മില്‍ ധാരണയായെന്നും അടുത്ത സീസണില്‍ വിനീത് ടീം വിടുമെന്നുമൊക്കെയുളള  റിപ്പോര്‍ട്ടുകളുണ്ട്.

വിനീതിനെ തങ്ങളുടെ തട്ടകത്തിലേക്ക് എത്തിക്കാനായി കോപ്പലാശാന്റെ ജെഷംഡ്പൂര്‍ എഫ്‌സിയും എടികെയും ശ്രമം തുടങ്ങിയെന്നാണ് കേള്‍ക്കുന്നത്. വാര്‍ത്തകള്‍ സ്ഥിരീകരിക്കപ്പെട്ടില്ലെങ്കിലും ആരാധകര്‍ ആശങ്കയിലാണ്.

നേരത്തെ താരത്തെ തിരികെ ടീമിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂരു എഫ്‌സിയുടെ ആരാധകര്‍ രംഗത്തെത്തിയിരുന്നു. ഐ ലീഗില്‍ ബെംഗളൂരുവിന്റെ താരമായിരുന്ന വിനീതിനെ ആ സീസണിലാണ് ബ്ലാസ്റ്റേഴ്‌സ് സൈന്‍ ചെയ്യുന്നത്. അതുവരെ താരം ലോണ്‍ അടിസ്ഥാനത്തിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ കളിച്ചത്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ