ചെന്നൈ: കേരള ബ്ലാസ്റ്റേഴ്സും ചെന്നൈയിൻ എഫ്സിയും തമ്മിൽ ചെന്നൈയിൽ നടന്ന മത്സരത്തിൽ തെറ്റായ പെനാൽറ്റി വിധിച്ച റഫറിക്കെതിരെ ആഞ്ഞടിച്ച് സികെ വിനീത്. മത്സരം കഴിഞ്ഞ് മടങ്ങുമ്പോഴാണ് ക്യാമറ നോക്കി സികെ വിനീത് പൊട്ടിത്തെറിച്ചത്.

“അയാൾക്കൊരു കണ്ണട വാങ്ങിക്കൊടുക്കാൻ പറ”, എന്നാണ് വിനീത് ഇതേക്കുറിച്ച് പ്രതികരിച്ചത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ ഒന്നടങ്കം ഈ പ്രതികരണത്തിന്റെ വീഡിയോ ദൃശ്യം ഏറ്റെടുത്തതോടെ സംഭവം വൈറലായി മാറി.

ബ്ലാസ്റ്റേഴ്സിന്റെ ഗോൾ ബോക്സിന് അകത്ത് വച്ച് ക്യാപ്റ്റൻ ജിങ്കന്റെ തോളിൽ തട്ടിയ പന്തിനാണ് റഫറി പെനാൽറ്റി വിധിച്ചത്. ഇത് പിന്നീട് വൻ വിമർശനത്തിന് ഇടയാക്കിയിരുന്നു.

പെനാൽറ്റി അനാവശ്യമായിരുന്നുവെന്ന് സന്ദേശ് ജിങ്കനും കോച്ച് റെനെ മ്യുലൻസ്റ്റീനും പ്രതികരിച്ചിരുന്നു. പെനാൽറ്റി വിധിക്കും മുൻപ് തന്നെ ദൃശ്യങ്ങൾ പരിശോധിക്കണമെന്ന് ജിങ്കൻ ആവശ്യപ്പെട്ടിരുന്നെങ്കിലും റഫറി ഇത് തള്ളിയാണ് പെനാൽറ്റി വിധിച്ചത്.

പെനാൽറ്റി ഗോളാക്കി ലീഡ് നേടിയ ചെന്നൈയനെ ഇഞ്ചുറി ടൈമിലെ അവസാന മിനിറ്റിൽ സികെ വിനിതീന്റെ ഗോളാണ് സമനിലയിലേക്ക് എത്തിച്ചത്. ജിങ്കൻ തൊടുത്ത ക്രോസ് വിനീത് ഗോളാക്കിയതോടെ ബ്ലാസ്റ്റേഴ്സ് തോൽവിയിൽ നിന്ന് കഷ്ടിച്ച് കരകയറുകയായിരുന്നു. ജയിക്കേണ്ട മത്സരം റഫറിയുടെ തെറ്റായ തീരുമാനം മൂലമാണ് തോറ്റതെന്ന് ബ്ലാസ്റ്റേഴ്സ് താരങ്ങളും ആരാധകരും ഒന്നടങ്കം കരുതുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook