കൊച്ചി: അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കേരളം സന്തോഷ് ട്രോഫിയുടെ ഫൈനലിലേക്ക് പ്രവേശനം നേടിയിരിക്കുകയാണ്. മിസോറാമിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചായിരുന്നു കേരളത്തിന്റെ ഫൈനല്‍ പ്രവേശനം. കേരളത്തിന്റെ വിജയത്തില്‍ അതീവ സന്തുഷ്ടനാണെന്ന് ഫുട്‌ബോള്‍ താരം സി.കെ.വിനീത് പറഞ്ഞു.
ഒരുപാട് പ്രതിഭകള്‍ കളിച്ച ടൂര്‍ണമെന്റാണ് സന്തോഷ് ട്രോഫിയെന്നും അതിന്റെ മൂല്യം വളരെ വലുതാണെന്നും പറഞ്ഞ വിനീത് കേരളം കാഴ്ച വയ്ക്കുന്നത് സമാനതകളില്ലാത്ത പോരാട്ടവീര്യമാണെന്നും ബംഗാളല്ല, എതിരാളികള്‍ ആരായാലും കേരളം കപ്പു നേടുമെന്നും പറഞ്ഞു. അതിനായി കാത്തിരിക്കുകയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരളം മിസോറാമിനെ തകര്‍ത്തത്. രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ അഫ്സലാണ് കേരളത്തിന് വേണ്ടി വിജയഗോള്‍ നേടിയത്.
ഞായറാഴ്ചയാണ് കേരളത്തിന്റെ ഫൈനല്‍. ലീഗ് മല്‍സരങ്ങളെല്ലാം വിജയിച്ച കേരളം ആധികാരികമായ മുന്നേറ്റമാണ് ഇത്തവണത്തെ സന്തോഷ് ട്രോഫിയില്‍ നടത്തിയത്. ലീഗ് മല്‍സരത്തില്‍ ഛത്തീസ്ഗഡിനെതിരെ 5-1 നും മണിപ്പൂരിനെതിരെ 6-0 നും വിജയിച്ച കേരളം അവസാന ലീഗ് മല്‍സരത്തില്‍ ബംഗാളിനെ 1-0 നും തോല്‍പ്പിച്ചാണ് മുന്നേറിയത്.
ഫൈനലില്‍ ബംഗാളാണ് കേരളത്തിന്റെ എതിരാളികള്‍. സെമിയില്‍ കര്‍ണാടകത്തെ പരാജയപ്പെടുത്തിയാണ് ബംഗാള്‍ ഫൈനലിലേക്ക് യോഗ്യത നേടിയത്. ഇതുവരെയുളള എല്ലാ മല്‍സരങ്ങളും വിജയിച്ചാണ് കേരളത്തിന്റെ മുന്നേറ്റം. സെമിയില്‍ മിസോറാമിനെ നേരിട്ട കേരളത്തിന് ശക്തമായ പ്രതിരോധ നിര കരുത്തായി.