കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേ‌ഴ്‌സിന്റെറെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയ്ക്ക് എതിരെ ആഞ്ഞടിച്ച് സികെ വിനീത് രംഗത്ത്. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽ തന്റെ കരിയർ നശിപ്പിക്കാൻ മഞ്ഞപ്പടയുടെ ഭാരവാഹികൾ ശ്രമിക്കുന്നതായി അദ്ദേഹം ആരോപിച്ചു.

കേരള ബ്ലാസ്റ്റേർസിന്റെ ഔദ്യോഗിക ആരാധകക്കൂട്ടമാണ് മഞ്ഞപ്പട. താൻ ബോൾ ബോയിയെ അസഭ്യം പറഞ്ഞെന്ന കളളം പ്രചരിപ്പിക്കുകയാണെന്നും തന്റെ കരിയർ തകർക്കാൻ ലക്ഷ്യമിട്ട് വ്യാജപ്രചാരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ പൊലീസിൽ പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആൾകൂട്ട ആക്രമണത്തിന് സമാനമായ അവസ്ഥയാണ് താൻ ഇപ്പോൾ നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇനിയും ഇതൊന്നും സഹിച്ച് നിൽക്കാനാവില്ലെന്നും അതിനാലാണ് പ്രതികരിക്കുന്നതെന്നും വിനീത് വ്യക്തമാക്കി. ആരാധകരുടെ എണ്ണത്തിൽ മാത്രമാണ് മഞ്ഞപ്പട മുന്നിലെന്ന് പറഞ്ഞ വിനീത്, സമീപനത്തിൽ മഞ്ഞപ്പട മോശമാണെന്നും പറഞ്ഞു.

കേരള ബ്ലാസ്റ്റേർസ് ടീമിലെ മിക്ക താരങ്ങൾക്കും മഞ്ഞപ്പടയുടെ സമീപനത്തിൽ പരാതിയുണ്ടെന്ന് വിനീത് പറഞ്ഞു. ബ്ലാസ്റ്റേർസ് സ്വന്തം ഇഷ്ടപ്രകാരമല്ല വിട്ടത്. അവധി കഴിഞ്ഞ് ടീമിനൊപ്പം ചേരാൻ നിൽക്കെയാണ് തന്നെ ചെന്നൈയിൻ എഫ്‌സിക്ക് കൈമാറിയത്.

ഇന്ത്യൻ സൂപ്പർലീഗിൽ തുടർച്ചയായി വിജയം കാണാതെ പോയത് ബ്ലാസ്റ്റേർസിന്റെ ആരാധകരുടെ എണ്ണത്തിൽ വലിയ ഇടിവുണ്ടാക്കിയിരുന്നു. ഇതേ തുടർന്ന് കോച്ച് ഡേവിഡ് ജയിംസിനെ മാറ്റിയിരുന്നു. സികെ വിനീതും നർസാരിയും ചെന്നൈയിൽ എഫ് സി ലോണിൽ എടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook