scorecardresearch

വിനീതും റിനോയും വെസ്റ്റ്ബ്ലോക്കിലെത്തി; ബെംഗളൂരു എഫ്സിയ്ക്കായി ആര്‍ത്തുവിളിക്കാന്‍

എന്തുകൊണ്ട് കേരളാ ബ്ലാസ്റ്റേഴ്സ് താരങ്ങളായ സികെ വിനീതും റിനോ ആന്‍റോയും ബെംഗളൂരു എഫ്സിക്ക് പ്രോത്സാഹനവുമായി വെസ്റ്റ്‌ ബ്ലോക്കിലെത്തിയെന്നാണ് ചോദ്യമെങ്കില്‍.. കാല്‍പന്തിനോടും കളിക്കാരോടും ഈ ആരാദകര്‍ കാണിക്കുന്ന സ്നേഹം കണ്ടില്ലെന്നു നടിക്കാനാക്കില്ല” എന്ന് തന്നെ ഉത്തരം.

ബെംഗളൂരു : എഎഫ്സി കപ്പിന്‍റെ ഇന്‍റര്‍സോണ്‍ സെമി ഫൈനലില്‍ ഉത്തരകൊറിയന്‍ ക്ലബായ 4.25നെ നേരിടുന്ന ബെംഗളൂരു എഫ് സി യെ പ്രോത്സാഹിപ്പിക്കുവാനായി ഗാലറിയിലെത്തിയത് മറ്റാരുമല്ല. കേരളാ ബ്ലാസ്റ്റേഴ്സ് താരങ്ങളായ സി കെ വിനീതും റിനോ ആന്‍റോയുമാണ്‌. ഈ വര്‍ഷം കേരളാബ്ലാസ്റ്റേഴ്സില്‍ ചേര്‍ന്ന സ്ട്രൈക്കര്‍ സികെ വിനീതിനേയും റിനോ ആന്റോയേയും സംബന്ധിച്ച് അത്ര പെട്ടെന്ന് മറക്കാന്‍ പറ്റുന്നതല്ല ശ്രീ ക്രാന്തീവര സ്റ്റേഡിയവും വെസ്റ്റ്‌ ബ്ലോക്ക് ഗാലറിയും.

2013ലാണ് ജെഎസ് ഡബ്ല്യു ബെംഗളൂരു എഫ്സി ക്ലബ് ആരംഭിച്ച്, ആദ്യ ഐ ലീഗ് സീസണ്‍ മുതല്‍ ആദ്യ പതിനൊന്നംഗ ടീമിലിടം നേടിയയാളാണ് റിനോ ആന്റോ എന്ന ത്രുശൂര്‍ക്കാരന്‍. റൈറ്റ് ബാക്കായ റിനോ ആന്‍റോ വളരെ പെട്ടെന്നാണ് സുനില്‍ ചെത്രി നയിക്കുന്ന ടീമിലെ സ്ഥിരസാന്നിദ്ധ്യമായത്. അരങ്ങേറ്റ ഐ ലീഗ് സീസണില്‍ തന്നെ ബാംഗ്ലൂര്‍ എഫ്സി എന്ന ക്ലബ്ബ് മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും അടങ്ങുന്ന പഴക്കമേറിയ പടക്കുതിരകളെ മുട്ടുകുത്തിച്ചപ്പോള്‍ ബോക്സിലേക്ക് തുളച്ചുകയറുന്ന റിനോ ആന്‍റോയുടെ ക്രോസുകള്‍ എല്ലാ പ്രതിരോധക്കോട്ടകളേയും തകര്‍ത്തു. ഐ ലീഗം ഫെഡറേഷന്‍ കപ്പും എഎഫ്സി കപ്പും അടങ്ങിയ ബെംഗളൂരു എഫ്സിയുടെ നാലു വര്‍ഷത്തെ പോരാട്ടങ്ങളില്‍ റിനോ ആന്‍റോ വഹിച്ച പങ്കുചില്ലറയല്ല. പലപ്പോഴും ക്ലബ്ബിന്‍റെ നായകസ്ഥാനം വരെയെത്തിയ റിനോ ആവശ്യമുള്ള സമയങ്ങളില്‍ പ്രതിരോധത്തിലും അതുപോലെ തന്നെ അക്രമത്തിലും മുതല്‍കൂട്ടായി. “അന്നൊക്കെ എന്തിനും ഏതിനും ക്ലബ്ബിന്‍റെ പിന്തുണയുണ്ടായിരുന്നു. ക്ലബ്ബ് മാത്രമല്ല. അത്രത്തോളം തന്നെ അംഗീകാരം അര്‍ഹിക്കുന്നവരാണ് ബെംഗളൂരു എഫ്സിയുടെ ആരാദകരും” എന്നാണു റിനോ പറയുന്നത്.

വിനീതിനും ഇത് തന്നെയാണ് അനുഭവപ്പെട്ടിട്ടുള്ളത്. ക്ലബ്ബിലെത്തിയ മുതല്‍ ആരാദകാര്‍ക്ക് ഏറെ പ്രിയങ്കരനായ വിനീത് സികെയെ ബെംഗളൂരു എഫ്സിയുമായി അടുപ്പിക്കുന്നത് മറ്റെവിടെയും ലഭിക്കാത്ത ആരാദക സംസ്കാരം തന്നെയാണ്. ഓരോ തവണ ക്ലബ്ബു ഗോള്‍ വല നിറയ്ക്കുംബോഴും ക്രാന്തീവര സ്റ്റേഡിയത്തിന്‍റെ വെസ്റ്റ് ബ്ലോക്കില്‍ നിന്നും ഉയരുന്ന ആരവങ്ങലും കരഘോഷങ്ങളും അത്രമാത്രം ഉച്ചത്തിലാണ്. “ടീമു പ്രതിസന്ധി നേരിടുന്ന ഘട്ടങ്ങളില്‍ ഈ ആരവങ്ങള്‍ തളരാറില്ല. കൂടുതല്‍ ഉച്ചത്തിലാവുക മാത്രമാണ് ” എന്ന് വിനീത് ഓര്‍ക്കുന്നു. എല്ലാ കളിക്കും മുന്‍പ് അണിനിരക്കുന്ന കളിക്കാരെ വരവേല്‍ക്കാന്‍ ഈ ആരാദകരൊരുക്കുന്ന ഭീമാകാരന്‍ ‘ടിഫോ’കളും ബാനറുകളും. പന്തുമെടുത്ത് പായുന്ന ഓരോ കളിക്കാരുടേയും കാല്‍വെയ്പ്പുകള്‍ക്കൊത്തു ഗാലറിയില്‍ മുഴങ്ങുന്ന ചാന്റുകളും ഇന്ത്യന്‍ ഫുട്ബാളിനു പരിചിതമാകുന്നത് ബെംഗളൂരു എഫ്സിയിലൂടെയാണ്.ചില്ലറക്കാരല്ല ‘വെസ്റ്റ്‌ബ്ലോക്ക് ബ്ലൂസ്’

ബെംഗലൂരു എഫ്സിയുടെ ആരാദകരാണ് വെസ്റ്റ്‌ ബ്ലോക്ക് ബ്ലൂസ്. ക്രാന്തീവര സ്റ്റേഡിയത്തിന്‍റെ പശ്ചിമ ഭാഗത്തുള്ള വെസ്റ്റ്‌ ബ്ലോക്കില്‍ നിലയുറപ്പിക്കുന്ന ഈ നീലപ്പട അച്ചടക്കമുള്ള കുട്ടികളാണ് എന്ന് ആരും ധരിക്കേണ്ട. എല്ലാ അന്തര്‍ദ്ദേശീയ ലീഗുകളിലെയും കടുത്ത ക്ലബ്‌ ആരാദകരെയാണ് ‘അള്‍ട്ര’കള്‍ എന്ന് വിളിക്കുന്നത്. തങ്ങളുടെ സ്റ്റേഡിയത്തിലേക്ക് എത്തുന്ന ഓരോ ടീമിനും അവരുടെ ആരാദകാര്‍ക്കും പ്രതികൂലമായ സാഹചര്യങ്ങള്‍ ഒരുക്കുക എന്നത് അള്‍ട്രകള്‍ ഉറപ്പാക്കുന്ന കാര്യമാണ്. സ്വന്തം മൈതാനത്ത് ഇങ്ങനെയുള്ള സാഹചര്യങ്ങള്‍ ഒരുക്കാന്‍ പ്രകോപിപ്പിക്കുന്ന മുദ്രാവാക്യള്‍ മുഴക്കുവാനും അസഭ്യവര്‍ഷം ചൊരിയാനുമൊന്നും അള്‍ട്രകള്‍ക്ക് യാതൊരു മടിയുമില്ല. ബെംഗളൂരു എഫ്സിയുടെ കാര്യത്തില്‍ അനവധി തവണ ആവര്‍ത്തിക്കപ്പെട്ടതാണിത്. അതിന്‍റെ ഏറ്റവും വലിയ ഇരയായിരുന്നത് കഴിഞ്ഞ ഐ ലീഗില്‍ ഐസ്വാല്‍ എഫ്സിയെ കിരീടം വരെയെത്തിച്ച ഖാലിദ് ജമീലും. ആരാദകരോട് പ്രകോപിതരായ ഖാലിദ് ഒന്നിലേറെ തവണയാണ് ബെംഗളൂരു കൊച്ചിനു കളികഴിഞ്ഞുള്ള പതിവ് ഹസ്തദാനം നിരസിച്ചത്. ചിലപ്പോഴൊക്കെ ഈ തര്‍ക്കം കൈയേറ്റത്തിന്‍റെ വക്കോളവുമെത്തി.

സ്വന്തം മൈതാനത്തില്‍ മാത്രം വെസ്റ്റ് ബ്ലോക്കിനെ ഭയന്നാല്‍ മതി എന്നും ധരിക്കേണ്ടതില്ല. ഇന്ത്യയിലെ മറ്റെല്ലാ ഫുട്ബോള്‍ ക്ലബ്‌ ആരാദകരെക്കാളും ഒരുപടി കടന്നു തന്നെയാണ് ഈ നീലപ്പട. സഞ്ചരിക്കുന്ന ആരാദകരെന്ന ആശയം ഇന്ത്യന്‍ ഫുട്ബാള്‍ ലോകത്ത് ശ്രദ്ധേയമാവുന്നത് ബെംഗളൂരൂ എഫ്സിയിലൂടെയാണ്. ഐ ലീഗ് മത്സരങ്ങളില്‍ തങ്ങളുടെ ക്ലബിനു പ്രോത്സാഹനവുമായി ഇന്ത്യ മുഴുവന്‍ സഞ്ചരിച്ച ഈ ആരാദകരില്‍ ചിലര്‍ എഎഫ്സി കപ്പിലെ പോരാട്ടങ്ങള്‍ക്ക് ടീമിനു കരുത്തുപകരാനായി വിദേശത്തു വരെയെത്തി. അസാധ്യമായ സംഘാടക മികവാണ് വെസ്റ്റ്‌ ബ്ലോക്കിനെ ഒറ്റക്കെട്ടായി തന്നെ നിലനിര്‍ത്തുന്നതും അവരെ മറ്റെല്ലാ ക്ലബ്‌ ആരാദകരില്‍ നിന്നും വിപിന്നമാക്കുന്നതും. ഇതോടൊപ്പം തന്നെ ബെംഗളൂരു എഫ്സി എന്ന ക്ലബും അതിന്‍റെ പിന്നണിക്കാരും ഈ ആരാദകരോട് കാണിക്കുന്ന അടുപ്പവും കണ്ടില്ലെന്നു നടിക്കാന്‍ സാധിക്കില്ല.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്കുള്ള ബെംഗളൂരു എഫ്സിയുടെ വരവോടെ ഐഎസ്എല്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത് മുന്‍പ് പരിചയമില്ലാത്ത ഒരു ആരാദക സംസ്കാരത്തിനു കൂടിയാവും. എന്തുകൊണ്ട് കേരളാ ബ്ലാസ്റ്റേഴ്സ് താരങ്ങളായ സികെ വിനീതും റിനോ ആന്‍റോയും  ബെംഗളൂരു എഫ്സിക്ക് പ്രോത്സാഹനവുമായി വെസ്റ്റ്‌ ബ്ലോക്കിലെത്തിയെന്നാണ് ചോദ്യമെങ്കില്‍.. കാല്‍പന്തിനോടും കളിക്കാരോടും ഈ ആരാദകര്‍ കാണിക്കുന്ന സ്നേഹം കണ്ടില്ലെന്നു നടിക്കാനാക്കില്ല” എന്ന് തന്നെ ഉത്തരം.

മഴയില്‍ കുതിര്‍ന്ന എഎഫ്സി കപ്പിന്‍റെ ഇന്‍റര്‍സോണ്‍ സെമി ഫൈനലില്‍ മൂന്നുഗോളുകള്‍ക്ക് ബെംഗളൂരു എഫ്സി വിജയിച്ചു. സുനില്‍ ചെത്രി, ഉദാന്താ സിങ്, ലെനി റോഡ്രിഗസ് എന്നിവരാണ് ബെംഗളൂരു എഫ്സിക്ക് വേണ്ടി ഗോള്‍ നേടിയത്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Ck vineeth and rino anto in west block blues to cheer up for bengaluru fc