കൊച്ചി: കേരളാ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ നെഞ്ചില്‍ തീ കോരിയിടുന്ന വാര്‍ത്തയുമായി ഗോള്‍ ഡോട്ട് കോം. ബ്ലാസ്‌റ്റേഴ്‌സിന്റെ സൂപ്പര്‍ താരം സി.കെ.വിനീതുമായി ടീം വേര്‍പിരിയുന്നുവെന്നാണ് ഗോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ടീമുമായി കരാറിലൊപ്പിട്ട വിനീതിന് പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. ഇതാണ് താരത്തെ പുറത്താക്കുക എന്ന തീരുമാനത്തിലേക്ക് ടീമിനെ എത്തിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

പോയവര്‍ഷം ജൂലൈ 17നായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് സി.കെ.വിനീതുമായി കരാറിലൊപ്പിടുന്നത്. അതുവരെ ബെംഗളൂരു എഫ്‌സിയുടെ താരമായിരുന്നു വിനീത്. എന്നാല്‍ ലോണ്‍ അടിസ്ഥാനത്തില്‍ മഞ്ഞപ്പടയില്‍ കളിക്കുകയായിരുന്നു. ഐഎസ്എല്‍ ഡ്രാഫ്റ്റ് നിയമം അനുസരിച്ച് സുനില്‍ ഛേത്രിയേയും ഉദാത്ത സിങ്ങിനേയും നിലനിര്‍ത്താന്‍ നീലപ്പട തീരുമാനിച്ചതോടെയാണ് വിനീതിന് ബ്ലാസ്‌റ്റേഴ്‌സ് കരാറിലേക്കുള്ള വഴി തുറന്നത്.

ബെംഗളൂരുവിനായി 85 മൽസരങ്ങളില്‍ നിന്നും 21 ഗോളുകള്‍ നേടിയിട്ടുള്ള വിനീത് രണ്ട് ഐ ലീഗ് കിരീട നേട്ടത്തിലും പങ്കാളിയായിരുന്നു. താരത്തെ ഒരു കോടിയ്ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് ടീമിലെത്തിച്ചത്. വിനീതിന്റെ സൈനിങ് മഞ്ഞപ്പടയ്ക്കും ഏറെ ആവേശം പകരുന്നതായിരുന്നു. എന്നാല്‍ ആ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ താരത്തിന് സാധിച്ചില്ല.

ബ്ലാസ്റ്റേഴ്‌സിനായി നാല് ഗോളുകള്‍ നേടിയെങ്കിലും പോയ സീസണിനെ അപേക്ഷിച്ച് ഇത്തവണ വിനീത് നനഞ്ഞ പടക്കമായിരുന്നു. പലപ്പോഴും ചില മിന്നലാട്ടങ്ങളില്‍ മാത്രം ഒതുങ്ങി വിനീതിന്റെ പ്രകടനം. ഇതാണ് പുതിയ നീക്കത്തിന് പിന്നിലെന്നാണ് ഗോള്‍ പറയുന്നത്. വിനീതും ടീം അധികൃതരും പരസ്പര ധാരണയിലെത്തിയെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, വാര്‍ത്തയ്ക്ക് ഔദ്യോഗികമായ സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. അടുത്ത സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ മഞ്ഞക്കുപ്പായത്തില്‍ സി.കെ.വിനീത് ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook