മാഡ്രിഡ്: വീണ്ടും രക്ഷകനായി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാറിയപ്പോള്‍ റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് സെമിയില്‍. റയലിനെ അവരുടെ സ്വന്തം തട്ടകത്തില്‍ പരാജയപ്പെടുത്തിയെങ്കിലും റൊണാള്‍ഡോയുടെ അവസാന നിമിഷത്തിലെ ഗോള്‍ യുവന്റസിന് പുറത്തേക്കുള്ള വാതില്‍ കാണിച്ചു കൊടുക്കുകയായിരുന്നു.

ആദ്യ പാദത്തില്‍ ഏകപക്ഷീയ വിജയം നേടിയ റയല്‍ ഇരുപാദങ്ങളിലായി ഒരു ഗോളിന്റെ ലീഡിനാണ് സെമിയില്‍ കടന്നത്. സ്വന്തം മൈതാനത്ത് ഏറ്റുവാങ്ങിയ കനത്ത തോല്‍വിയ്ക്ക് മറുപടി നല്‍കുന്നതായിരുന്നു യുവന്റസിന്റെ പ്രകടനം. ഒരുഘട്ടത്തില്‍ എഎസ് റോമ ബാഴ്‌സയ്‌ക്കെതിരെ നേടിയ അട്ടിമറി യുവന്റസും ആവര്‍ത്തിക്കുമെന്ന് വരെ തോന്നിപ്പിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം നിര്‍ഭാഗ്യം പെനാല്‍റ്റിയിലൂടെ കടന്നുവന്നപ്പോള്‍ അവരുടെ സെമിഫൈനലെന്ന സ്വപ്നം തകരുകയായിരുന്നു. ഇഞ്ചുറി ടൈമിലായിരുന്നു ക്രിസ്റ്റ്യാനോയുടെ നാടകീയ പെനാല്‍റ്റി ഗോള്‍. ഇതിനിടെ യുവന്റസ് ഗോള്‍കീപ്പര്‍ ബുഫന്‍ റെഡ് കാര്‍ഡ് കണ്ട് പുറത്താവുകയും ചെയ്തു.

മൽസരത്തിന്റെ രണ്ടാം മിനിറ്റില്‍ തന്നെ മരിയോ മാന്‍ഡുകികിലൂടെ യുവന്റസ് ലീഡ് നേടിയിരുന്നു. തുടര്‍ന്ന് 37-ാം മിനിറ്റില്‍ മരിയോ മാന്‍ഡുകികി വീണ്ടും യുവന്റസിനെ മുന്നിലെത്തിച്ചു. 60-ാം മിനിറ്റില്‍ ബലാസി മഷൂദി മൂന്നാം ഗോളും നേടിയതോടെ യുവന്റസ് സ്വപ്‌നം കാണാന്‍ ആരംഭിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയലിന്റെ രക്ഷകനാവുകയായിരുന്നു.

ലൂക്കാസ് വാസ്‌കസിനെ പെനാല്‍റ്റി ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. തീരുമാനത്തിനെതിരെ റഫറിയോട് കയര്‍ത്തതിനാണ് ഇതിഹാസ താരം ബഫണിന് റെഡ് കാര്‍ഡ് ലഭിച്ചത്. പിന്നാലെ പെനാല്‍റ്റി ഗോളാക്കി മാറ്റിയ ക്രിസ്റ്റ്യാനോ റയലിന്റെ രക്ഷകനായി മാറുകയായിരുന്നു.

മറ്റൊരു ക്വാര്‍ട്ടറില്‍ സെവിയ്യയോട് ഗോള്‍ രഹിത സമനില വഴങ്ങിയെങ്കിലും ആദ്യപാദത്തിലെ ലീഡില്‍ ബയണ്‍ മ്യൂണിക്കും സെമിയില്‍ കടന്നു. ഒന്നാം പാദത്തില്‍ 2-1 നായിരുന്നു ബയണിന്റെ വിജയം. ലിവര്‍പൂളും റോമയുമാണ് ചാമ്പ്യന്‍ ലീഗ് സെമിയില്‍ കടന്ന മറ്റു ടീമുകള്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook