ക്രൈസ്റ്റ് ചര്‍ച്ച്: ലോകത്തെ തന്നെ പിടിച്ചു കുലുക്കിയതായിരുന്നു ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് മുസ്ലീം പള്ളികളിലായി ബ്രണ്ടന്‍ ടെറന്റ് എന്ന വലതുപക്ഷവാദിയായ ഭീകരന്‍ നടത്തിയ ആക്രമണം. ഒരു മലയാളിയടക്കം 50 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അക്രമ സംഭവം ലോകത്തെ തന്നെ ഞെട്ടിച്ചപ്പോള്‍ സംഭവത്തെ ന്യുസിലന്‍ഡ് ജനതയും ഭരണാധികാരികളും നേരിട്ട രീതി ലോകത്തിന്റെ പ്രശംസയും പിടിച്ചു പറ്റി.

അക്രമമുണ്ടായി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ സംഭവത്തെ ‘ഭീകരാക്രമണം’ എന്നായിരുന്നു വിശേഷിപ്പിച്ചത്. അഭയാര്‍ത്ഥികളായ മുസ്ലീമുകളെ ഇല്ലാതാക്കുകയാണ് അക്രമിയുടെ ലക്ഷ്യമെങ്കില്‍ നമ്മളും അവരില്‍പെട്ടവരാണെന്ന് ജസീന്ത പ്രഖ്യാപിച്ചു. ഇരകളുടെ കുടുംബത്തിനൊപ്പമാണ് താനും രാജ്യവുമെന്നും അവര്‍ വ്യക്തമായി തന്നെ പറഞ്ഞു. പിറ്റേദിവസം ഇരകളുടെ ബന്ധുക്കളെ ന്യുസിലന്‍ഡ് പ്രധാനമന്ത്രി സന്ദര്‍ശിച്ചത് ഹിജാബ് ധരിച്ചു കൊണ്ടായിരുന്നു.

Read More: ‘ഇവിടെ വാടാ’; ഉണ്ടയില്ലാ കൈ തോക്കുമായി ഭീകരനെ നേരിട്ട അഫ്ഗാന്‍ അഭയാര്‍ത്ഥി

ഭീകരാക്രമണത്തിനെതിരെ പ്രധാനമന്ത്രിയ്ക്ക് പിന്നിലായി ന്യുസിലന്‍ഡ് ജനതയും അണിനിരന്നു. അക്രമിക്കൊപ്പമല്ലെന്നും തങ്ങളും അഭയാര്‍ത്ഥികളാണെന്ന് അവര്‍ പ്രഖ്യാപിച്ചു. ഇപ്പോഴിതാ ഒരു പോസ്റ്ററിലൂടെ ന്യുസിലന്‍ഡ് ജനത ലോകത്തിന്റെ പ്രശംസ നേടുകയാണ്. എങ്ങനെയാണ് ഇരകള്‍ക്കൊപ്പം നില്‍ക്കേണ്ടതെന്ന് ന്യുസിലന്‍ഡ് ലോകത്തിന് കാണിച്ചു തരികയാണ്.

നമസ്‌കാരത്തിന് വരിചേര്‍ന്ന് നില്‍ക്കുന്ന ഇസ്ലാം മത വിശ്വാസികളുടെ ന്യുസിലന്‍ഡിന്റെ അനൗദ്യോഗിക
ദേശീയ ചിഹ്നമായ സില്‍വര്‍ ഫേണില്‍ ആവിഷ്‌കരിക്കുന്ന പോസ്റ്റര്‍ ന്യുസിലന്‍ഡുകാര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയാണ്. മുസ്ലിമുകള്‍ നമസ്‌കാരത്തിനായി വരിവരിയായി നില്‍ക്കുന്ന സ്വഫ്ഫ് ആണ് പോസ്റ്ററില്‍ ആവിഷ്‌കരിച്ചിട്ടുള്ളത്.

Also Read: ന്യൂസിലാന്‍ഡ് ഭീകരാക്രമണം; മരിച്ചവരില്‍ മലയാളി യുവതി ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാര്‍

ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ അടക്കമുള്ളവര്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്ത് വച്ചിട്ടുണ്ട്. സ്റ്റാന്‍ഡിങ് ഇന്‍ സോളിഡാരിറ്റി എന്നെഴുതിയ പോസ്റ്ററിലെ മറ്റൊരു വാചകം ‘ഹലോ ബ്രദര്‍’ എന്നാണ്. പള്ളിയിലേക്ക് കടന്നു വന്ന അക്രമിയോട് നിരായുധനായ മുസ്ലീം പറഞ്ഞ അതേ വാക്കുകള്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook